Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊവിഡ് രണ്ടാം തരംഗം : കാര്‍ നിര്‍മാതാക്കള്‍ വിപണി അവതരണം മാറ്റിവെയ്ക്കുന്നു

കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള സമയം ഇതല്ലെന്ന് തിരിച്ചറിയുകയാണ് കാര്‍ നിര്‍മാതാക്കള്‍  

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗ ഭീഷണി നേരിടുകയാണ് ഇപ്പോള്‍ ഇന്ത്യ. ഇതോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പുതിയ വാഹനങ്ങളുടെ വിപണി അവതരണം മാറ്റിവെയ്ക്കുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള സമയം ഇതല്ലെന്ന് തിരിച്ചറിയുകയാണ് വാഹന നിര്‍മാതാക്കള്‍. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും കണക്കിലെടുത്തു. സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായ് അല്‍ക്കസര്‍, മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എ, ഇസുസു വി ക്രോസ്, ഇസുസു എംയുഎക്‌സ്, മാരുതി സുസുകി സെലെറിയോ, ഔഡി ഇ ട്രോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇതോടെ ഇന്ത്യന്‍ വിപണിയില്‍ വൈകിയെത്തും.

നാലാം തലമുറ സ്‌കോഡ ഒക്ടാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് നീട്ടിവെച്ചതായി സ്‌കോഡ സ്ഥിരീകരിച്ചു. ഏപ്രില്‍ അവസാനത്തോടെ വിപണി അവതരണം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. പൂര്‍ണമായും പുതിയ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ് ലഭിച്ചതാണ് പുതിയ സെഡാന്‍. 190 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമായിരിക്കും ഓപ്ഷന്‍. എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെയ്ക്കും. ഇനി മെയ് അവസാനത്തോടെ വിപണിയിലെത്തും.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

മൂന്നുനിര സീറ്റുകളോടുകൂടിയ എസ്‌യുവിയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍. ഏപ്രില്‍ 29 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇനി മെയ് അവസാനം മാത്രമായിരിക്കും ആഗോളതലത്തില്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 5 സീറ്റര്‍ എസ്‌യുവിയായ ഹ്യുണ്ടായ് ക്രെറ്റ അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍ നിര്‍മിച്ചത്. വീല്‍ബേസിന്റെ നീളം ക്രെറ്റയേക്കാള്‍ 150 എംഎം കൂടുതലാണ്. 6 സീറ്റര്‍, 7 സീറ്റര്‍ വകഭേദങ്ങളില്‍ ഹ്യുണ്ടായ് അല്‍ക്കസര്‍ ലഭിക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും.

ഏപ്രില്‍ അവസാനത്തോടെ രണ്ടാം തലമുറ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അടുത്ത മാസം മധ്യത്തോടെയായിരിക്കും ഇനി വരുന്നത്. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ജിഎല്‍എ. 190 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ടര്‍ബോ ഡീസല്‍, 163 എച്ച്പി പുറപ്പെടുവിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. എഎംജി ജിഎല്‍എ 35 4മാറ്റിക് വേര്‍ഷന്‍ കൂടി വിപണിയിലെത്തിക്കും. 306 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന 2.0 ലിറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വകഭേദം ഉപയോഗിക്കുന്നത്.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

2020 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യയില്‍ ബിഎസ് 6 പ്രാബല്യത്തില്‍ വന്നത്. ഇതോടെ ഇസുസു വി ക്രോസ് പിക്കപ്പ് ട്രക്ക്, ഇസുസു എംയുഎക്‌സ് എസ്‌യുവി മോഡലുകള്‍ ഇന്ത്യയില്‍ നിര്‍ത്തിയിരുന്നു. രണ്ട് വാഹനങ്ങളുടെയും ബിഎസ് 6 പതിപ്പുകള്‍ ഏപ്രില്‍ അവസാനത്തോടെ ഇന്ത്യയില്‍ തിരികെ കൊണ്ടുവരാനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ മഹാമാരി കാരണം വിപണി അവതരണം മാറ്റിവെച്ചിരിക്കുകയാണ്. രണ്ട് മോഡലുകളിലെയും 1.9 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ ഡീസല്‍ എന്‍ജിനായിരിക്കും ബിഎസ് 6 പാലിക്കുന്നത്. മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും.

പുതിയ മാരുതി സുസുകി സെലെറിയോ ഹാച്ച്ബാക്ക് അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. മാരുതിയുടെ നിലവിലെ ഡിസൈന്‍ ഭാഷ അനുസരിച്ച് അകത്തും പുറത്തും ഓള്‍ ന്യൂ സ്‌റ്റൈലിംഗ് ലഭിച്ചതായിരിക്കും രണ്ടാം തലമുറ സെലെറിയോ. വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലേനോ മോഡലുകള്‍ ഉപയോഗിക്കുന്ന ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലേക്ക് സെലെറിയോ മാറിയേക്കും. 68 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, പെട്രോള്‍, 83 എച്ച്പി പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

ഇന്ത്യയില്‍ ഔഡിയുടെ ആദ്യ ഓള്‍ ഇലക്ട്രിക് മോഡലായിരിക്കും ഇ ട്രോണ്‍ എസ്‌യുവി. അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ മാസത്തിലേക്ക് മാറ്റിവെച്ചു. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഔഡി ഇ ട്രോണ്‍ ഉപയോഗിക്കുന്നത്. 95 കിലോവാട്ട് ഔര്‍ ബാറ്ററി പാക്ക് കരുത്തേകും. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് ആകെ 408 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 5.7 സെക്കന്‍ഡ് മതിയാകും. ഡബ്ല്യുഎല്‍ടിപി സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച്, 440 കിമീ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഇന്ത്യയില്‍ മെഴ്‌സേഡസ് ബെന്‍സ് ഇക്യുസി, ഈയിടെ അവതരിപ്പിച്ച ജാഗ്വാര്‍ ഐ പേസ് എന്നിവയായിരിക്കും എതിരാളികള്‍.

Maintained By : Studio3