2020-21, ഏപ്രില്‍- ജനുവരി, നേരിട്ടുള്ള വിദേശ നിക്ഷേപം റെക്കോഡ് ഉയരത്തില്‍
1 min readഇന്ത്യയിലേക്ക് എത്തിയ നിക്ഷേപങ്ങളുടെ ഉറവിടങ്ങളായ രാജ്യങ്ങളില്‍ സിംഗപ്പൂരാണ് മുന്നില്‍
ന്യൂഡെല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പത്ത് മാസങ്ങളില്‍ ഇന്ത്യയിലേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം റെക്കോര്‍ഡ് തലത്തില്‍ ആയിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെ 72.12 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ വരവാണ് രേഖപ്പെടുത്തിയത്. 2019-20 ലെ ആദ്യ പത്ത് മാസങ്ങളില്‍ രേഖപ്പെടുത്തിയ 62.72 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ-യുമായി അപേക്ഷിച്ച് 15 ശതമാനം വര്‍ധന.
2020-21 ആദ്യ പത്ത് മാസങ്ങളില്‍ എഫ്ഡിഐ ഇക്വിറ്റി വരവ് 28 ശതമാനം വര്‍ധിച്ച് 54.18 ബില്യണ്‍ ഡോളറിലെത്തിയെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലേക്ക് എത്തിയ നിക്ഷേപങ്ങളുടെ ഉറവിടങ്ങളായ രാജ്യങ്ങളില്‍ സിംഗപ്പൂരാണ് മുന്നില്‍. എഫ്ഡിഐ ഇക്വിറ്റി നിക്ഷേപത്തിന്‍റെ 30.28 ശതമാനം വിഹിതം സിംഗപ്പൂരിന്‍റെ സംഭാവനയാണ്. യുഎസ്എയും (24.28 ശതമാം) യുഎഇയും (7.31 ശതമാനം) ആണ് ആദ്യ പത്ത് മാസങ്ങളിലെ എഫ്ഡിഐയില്‍ മികച്ച സംഭാവന നല്‍കിയ മറ്റ് രാഷ്ട്രങ്ങള്‍.
2021 ജനുവരിയില്‍ മൊത്തം എഫ്ഡിഐ ഇക്വിറ്റി നിക്ഷേപത്തിന്‍റെ 29.09 ശതമാനവുമായി, ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന നിക്ഷേപ രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാന്‍ മുന്നിലെത്തി. സിംഗപ്പൂര്‍ 25.46 ശതമാനവും യുഎസ് 12.06 ശതമാനവും വിഹിതമാണ് ജനുവരിയിലെ കണക്കുകളില്‍ കൈയാളുന്നത്.
2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പത്ത് മാസങ്ങളില്‍ ‘കമ്പ്യൂട്ടര്‍ സോഫറ്റ്വെയര്‍ & ഹാര്‍ഡ്വെയര്‍’ എഫ്ഡിഐ ആകര്‍ഷിക്കുന്നതില്‍ മികച്ച മേഖലയായി ഉയര്‍ന്നു വന്നു. മൊത്തം എഫ്ഡിഐ ഇക്വിറ്റി നിക്ഷേപത്തിന്‍റെ 45.81 ശതമാനം ഈ മേഖലയിലേക്കാണ് എത്തിയത്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ കണ്‍സ്ട്രക്ഷന്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍) പ്രവര്‍ത്തനങ്ങള്‍ (13.37 ശതമാനം), സേവന മേഖല (യഥാക്രമം 7.80 ശതമാനം) എന്നിവയാണ് ഉള്ളത്.
കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ജനുവരിയിലെ മൊത്തം എഫ്ഡിഐ ഇക്വിറ്റി ഒഴുക്കിന്‍റെ 21.80 ശതമാനം സ്വന്തമാക്കി. തുടര്‍ന്ന് കമ്പ്യൂട്ടര്‍ സോഫറ്റ്വെയര്‍ & ഹാര്‍ഡ്വെയര്‍ (15.96 ശതമാനം), ‘സേവന മേഖല’ (13.64 ശതമാനം). ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ ഈ പ്രവണതകള്‍ ആഗോള നിക്ഷേപകര്‍ക്കിടയില്‍ ഒരു മുന്‍ഗണനാ നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ്.