8.08 ബില്യണ്‍ ദിര്‍ഹം ലാഭവിഹിതമായി നല്‍കാന്‍ ഫസ്റ്റ് അബുദാബി ബാങ്ക് തീരുമാനം
കഴിഞ്ഞ വര്‍ഷം 10.6 ബില്യണ്‍ ദിര്‍ഹം അറ്റാദായമാണ് ഫാബില്‍ റിപ്പോര്‍ട്ട് ചെയ്തത്
അബുദാബി: അബുദാബിയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്ക് 2020ല്‍ ഓഹരിയുടമകള്‍ക്ക് 74 ശതമാനം ലാഭവിഹിതം അനുവദിച്ചു. ഓഹരിയൊന്നിന് 0.74 ദിര്‍ഹമാണ് അനുവദിച്ചത്. മൊത്തതില്‍ 8.08 ബില്യണ്‍ ദിര്‍ഹമാണ് ഓഹരിയുടമകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി ബാങ്ക് വിതരണം ചെയ്യുക.
കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് ഓഹരിയുടമകള്‍ക്കുള്ള ലാഭവിഹിതം സംബന്ധിച്ച തീരുമാനമായത്. 2021, മാര്‍ച്ച് 10 വരെ ഫാബ് ഓഹരിയുടമകളായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ലാഭവിഹിതത്തിന് അര്‍ഹരായിക്കും. ആന്‍ഡ്രൂ സയിഗിനെ പുതിയ ബോര്‍ഡംഗമായി തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിനും പൊതുയോഗം അംഗീകാരം നല്‍കി. ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ ആയിരുന്നു സെയ്ഗ,് ഹന അല്‍ റോസ്തമനി പുതിയ സിഇഒ ആയി നിയമിതയായതിന് ശേഷമാണ് ബോര്‍ഡംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 44 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബാങ്കിന്റെ ആദ്യ വനിത സിഇഒ ആണ് റോസ്തമനി. മുമ്പ് ഫാബിന്റെ ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒയും പേഴ്‌സണല്‍ ബാങ്കിംഗ് മേധാവിയുമായിരുന്നു.
ഫാബ് ഗ്രൂപ്പ് സിഇഒ ആയുള്ള ഹന അല്‍ റോസ്തമനിയുടെ നിയമനം ഫാബിന്റെയും രാജ്യത്തെ ബാങ്കിംഗ് മേഖലയുടെയും ചരിത്രത്തില്‍ നാഴികക്കല്ലാണെന്ന് ഫാബ് ചെയര്‍മാന്‍ ഷേഖ് തഹ്നൂണ്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 10.6 ബില്യണ്‍ ദിര്‍ഹം അറ്റാദായമാണ് ഫാബ് സ്വന്തമാക്കിയത്.