ഇന്ത്യ കാത്തിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍
1 min readഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഇവയാണ്
ആന്തരിക ദഹന എന്‍ജിനുകള്‍ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിലേക്ക് (ഇവി) ചുവടുമാറുകയാണ് മിക്കവാറും എല്ലാ വാഹന നിര്‍മാതാക്കളും. വൈദ്യുത വാഹനങ്ങളിലാണ് ഭാവിയെന്ന് ഇവര്‍ തിരിച്ചറിയുന്നു. ആഗോളതലത്തിലെ കാര്‍ വില്‍പ്പനയുടെ ചെറിയ ശതമാനം മാത്രമാണ് ഇവി വില്‍പ്പനയെങ്കിലും ഇലക്ട്രിക് മൊബിലിറ്റിയുമായി ബന്ധപ്പെട്ട് വന്‍ നിക്ഷേപങ്ങളാണ് വിവിധ വാഹന നിര്‍മാതാക്കള്‍ നടത്തിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയും ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് നീങ്ങുകയാണ്. ആഭ്യന്തര, വിദേശ വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കാര്യമായ നിക്ഷേപം നടത്തിയിരിക്കുന്നു. ടാറ്റ നെക്‌സോണ്‍ ഇവി, എംജി സെഡ്എസ് ഇവി എന്നിവ ഇന്ത്യന്‍ ഇവി വിപണിയില്‍ ശ്രദ്ധേയ നേട്ടമാണ് കൈവരിക്കുന്നത്. മറ്റ് വാഹന നിര്‍മാതാക്കളും ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ടെസ്‌ല മോഡല്‍ 3
കൊവിഡ് രണ്ടാം തരംഗം കാരണമാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ ഔദ്യോഗിക ഇന്ത്യന്‍ പ്രവേശനം നീണ്ടുപോകുന്നത്. മുംബൈയിലെ ലോവര്‍ പരേല്‍ ആയിരിക്കും ടെസ്‌ലയുടെ ഇന്ത്യയിലെ ആസ്ഥാനം. മാനുഫാക്ച്ചറിംഗ് പ്ലാന്റ് കര്‍ണാടകയില്‍ സ്ഥാപിക്കും. ടെസ്‌ല മോഡല്‍ 3 ആയിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡല്‍. ടെസ്‌ല നിരയില്‍ ഏറ്റവും താങ്ങാവുന്ന ഇലക്ട്രിക് കാറാണ് മോഡല്‍ 3. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) അഥവാ പൂര്‍ണമായി നിര്‍മിച്ച ശേഷം ടെസ്‌ല മോഡല്‍ 3 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഏകദേശം 55 ലക്ഷം രൂപയായിരിക്കും ഇന്ത്യയിലെ വില എന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 500 കിമീ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ 162 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 3.1 സെക്കന്‍ഡ് മതി.
വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ്
മാസങ്ങള്‍ക്കുമുമ്പ് വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ് ഇന്ത്യയില്‍ അനാവരണം ചെയ്തിരുന്നു. ചൈനീസ് ഉടമസ്ഥതയിലുള്ള സ്വീഡിഷ് കാര്‍ നിര്‍മാതാക്കളുടെ ആദ്യ ഓള്‍ ഇലക്ട്രിക് മോഡലാണ് എക്‌സ്‌സി40 റീചാര്‍ജ്. ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ പ്രീ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്‌റ്റോബറില്‍ ഡെലിവറി ആരംഭിക്കും. സിബിയു രീതിയിലാണ് വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ് ഇന്ത്യയിലെത്തുന്നത്. ഡുവല്‍ മോട്ടോര്‍ പവര്‍ട്രെയ്ന്‍ ലഭിച്ചതാണ് ഈ ഇലക്ട്രിക് എസ്‌യുവി. ഓരോ ആക്‌സിലിലും 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുകള്‍ നല്‍കി. ആകെ 402 ബിഎച്ച്പി കരുത്തും 660 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 78 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കാണ് ഉപയോഗിക്കുന്നത്. ഏകദേശം 418 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.9 സെക്കന്‍ഡ് മതി.
ഔഡി ഇ ട്രോണ്‍
ഔഡി ഇ ട്രോണ്‍, ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് മോഡലുകള്‍ ഈ വര്‍ഷം ഇന്ത്യയിലെത്തുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ആദ്യ ഓള്‍ ഇലക്ട്രിക് ഉല്‍പ്പന്നങ്ങളായിരിക്കും ഇ ട്രോണ്‍, ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നിവ. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് എസ്‌യുവിയുടെ വില്‍പ്പന ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 മഹാമാരിയാണ് വരവ് വൈകിപ്പിച്ചത്. ഔഡി ഇ ട്രോണ്‍, ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് മോഡലുകള്‍ ഒരേ അടിത്തറയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്‌പോര്‍ട്ട്ബാക്ക് വകഭേദത്തിന് കൂപ്പെ സമാനമായി ചെരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍, പുനര്‍രൂപകല്‍പ്പന ചെയ്ത പിന്‍ഭാഗം എന്നിവ ലഭിച്ചു. രണ്ട് ഇലക്ട്രിക് വാഹനങ്ങളിലും ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ നല്‍കി. ആകെ 355 ബിഎച്ച്പി കരുത്തും 561 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ബൂസ്റ്റ് മോഡില്‍ ഇത് 408 ബിഎച്ച്പി, 664 എന്‍എം എന്നിങ്ങനെയാണ്. 95 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കാണ് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ ഏകദേശം 452 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് എട്ടര മണിക്കൂറില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും.
മഹീന്ദ്ര ഇ കെയുവി 100
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മഹീന്ദ്ര ഇ കെയുവി 100 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു. കാഴ്ച്ചയില്‍ പെട്രോള്‍ വകഭേദത്തിന് സമാനമാണ് ഇലക്ട്രിക് വേര്‍ഷന്‍. എങ്കിലും പ്രൊഡക്ഷന്‍ സ്‌പെക് വേര്‍ഷനില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ പരിഷ്‌കരിച്ച ഗ്രില്‍, പുതുക്കിയ ഹെഡ്‌ലാംപുകളും ടെയ്ല്‍ലാംപുകളും എന്നിവ നല്‍കിയേക്കും. 40 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കും. ഏകദേശം 53 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ വഴി മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. 15.9 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഉപയോഗിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
പോര്‍ഷ ടൈകാന്‍
ഓള്‍ ന്യൂ പോര്‍ഷ ടൈകാന്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2015 ല്‍ പ്രദര്‍ശിപ്പിച്ച പോര്‍ഷ മിഷന്‍ ഇ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിച്ചത്. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് ആസ്ഥാനമായ ആഡംബര കാര്‍ നിര്‍മാതാക്കളുടെ ആദ്യ ഓള്‍ ഇലക്ട്രിക് സെഡാനാണ് ടൈകാന്‍. രണ്ട് പെര്‍മനന്റ്‌ലി സിങ്ക്രണസ് ഇലക്ട്രിക് മോട്ടോറുകളായിരിക്കും കരുത്തേകുന്നത്. പരമാവധി 600 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ഹൈ വോള്‍ട്ടേജ് ലിഥിയം അയണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്നതിനാല്‍ 500 കിലോമീറ്ററില്‍ കൂടുതല്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. അതിവേഗ ചാര്‍ജിംഗ് സാധ്യമാകുന്ന 800 വോള്‍ട്ട് ചാര്‍ജറുകള്‍ കൂടെ ലഭിക്കും. അതുകൊണ്ടുതന്നെ, 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.5 സെക്കന്‍ഡില്‍ താഴെ സമയം മതിയെന്ന് പോര്‍ഷ അവകാശപ്പെടുന്നു.
ടാറ്റ അള്‍ട്രോസ് ഇവി
ടാറ്റ മോട്ടോഴ്‌സിന്റെ അടുത്ത ഇലക്ട്രിക് വാഹനമാണ് അള്‍ട്രോസ് ഇവി. 2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അള്‍ട്രോസ് ഇവി പ്രദര്‍ശിപ്പിച്ചിരുന്നു. പ്രീമിയം ഹാച്ച്ബാക്കിന്റെ ഓള്‍ ഇലക്ട്രിക് വേര്‍ഷന്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്തരിക ദഹന എന്‍ജിന്‍ (ഐസിഇ) ഉപയോഗിക്കുന്ന ടാറ്റ അള്‍ട്രോസ് പോലെ, ഓള്‍ ന്യൂ എജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ് (ആല്‍ഫ) ആര്‍ക്കിടെക്ച്ചറിലാണ് ഇവി വേര്‍ഷന്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ തങ്ങളുടെ എല്ലാ ഇലക്ട്രിക് വാഹനങ്ങളും സിപ്‌ട്രോണ്‍ പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപി 67 സര്‍ട്ടിഫിക്കേഷന്‍ സഹിതം ലിഥിയം അയണ്‍ ബാറ്ററി പാക്ക് നല്‍കും.
മെഴ്‌സേഡസ് ബെന്‍സ് ഇക്യുഎസ്
കഴിഞ്ഞ മാസമാണ് മെഴ്‌സേഡസ് ബെന്‍സ് ഇക്യുഎസ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യാ വെബ്‌സൈറ്റില്‍ ഇലക്ട്രിക് സെഡാന്‍ ഇതിനകം ലിസ്റ്റ് ചെയ്തു. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇക്യുഎസ് 450 പ്ലസ്, ഇക്യുഎസ് 580 4മാറ്റിക് എന്നീ രണ്ട് വേരിയന്റുകളില്‍ ആഡംബര ഇലക്ട്രിക് സെഡാന്‍ ലഭിക്കും. പിറകിലെ ആക്‌സിലില്‍ സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ നല്‍കിയതാണ് ഇക്യുഎസ് 450 പ്ലസ് എന്ന ബേസ് വേരിയന്റ്. 328 ബിഎച്ച്പി കരുത്തും 568 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) വേരിയന്റാണ് ഇക്യുഎസ് 580 4മാറ്റിക്. മുന്‍, പിന്‍ ആക്‌സിലുകളില്‍ ഇലക്ട്രിക് മോട്ടോര്‍ നല്‍കി. ആകെ 516 ബിഎച്ച്പി കരുത്തും 855 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിമീ വേഗം കൈവരിക്കാന്‍ 4.1 സെക്കന്‍ഡ് മതി.