November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കൂ, സ്‌ട്രെസ്സ് അകറ്റൂ..

1 min read

പഴങ്ങളും പച്ചക്കറികളും ധാരാളമായി അടങ്ങിയ ഭക്ഷണക്രമവും ഒരു വ്യക്തിയുടെ മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്

പഴങ്ങളും പച്ചക്കറികളും കൂടുതലായി അടങ്ങിയ ഭക്ഷണക്രമം ശീലമാക്കിയാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാമെന്ന് പഠനം. എഡിത് കോവന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍. ഓസ്‌ട്രേലിയന്‍ ഡയബറ്റിസ്, ഒബിസിറ്റി ആന്‍ഡ് ലൈഫ്‌സ്റ്റെല്‍ പഠനത്തില്‍ പങ്കെടുക്കുന്ന 25നും 91നും ഇടയില്‍ പ്രായമുള്ള 8,600ഓളം ഓസ്‌ട്രേലിയന്‍ പൗരന്മാരില്‍ അവര്‍ കഴിക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും അളവും അവരിലെ മാനസിക സമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധമാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്.

ദിവസവും കുറഞ്ഞത് 470 ഗ്രാമോളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരില്‍ 230 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരെ അപേക്ഷിച്ച് സ്‌ട്രെസ്സിന്റെ അളവ് പത്ത് ശതമാനം കുറവായിരിക്കുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ദിവസവും കുറഞ്ഞത് 400 ഗ്രാം പഴങ്ങളും പച്ചക്കറികളുമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയും നിര്‍ദ്ദേശിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ധാരാളമായി അടങ്ങിയ ഭക്ഷണക്രമവും ഒരു വ്യക്തിയുടെ മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തിന് പുതിയ തെളിവാണ് തങ്ങളുടെ കണ്ടെത്തലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ എഡിത് കോവന്‍ സര്‍വ്വകലാശാലയിലെ ന്യൂട്രീഷന്‍ വിഭാഗം ഗവേഷകനായ സൈമണ്‍ റഡവെല്ലി ഭഗതിനി അവകാശപ്പെട്ടു. മാനസികാരോഗ്യത്തില്‍ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ടെന്നും നന്നായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരില്‍ സ്‌ട്രെസ്സ് കുറവായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഓസ്‌ട്രേലിയയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ രണ്ടിലൊരാള്‍ ജീവിതകാലത്തിനിടയ്ക്ക് എപ്പോഴെങ്കിലും മാനസികാരോഗ്യ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് കണക്ക്. ലോകത്ത്, പത്തില്‍ ഒരാള്‍ മാനസികാരോഗ്യ പ്രശ്‌നം അനുഭവിക്കുന്നു. ചില അവസരങ്ങളില്‍ സ്‌ട്രെസ്സ് സാധാരണ കാര്യമാണെങ്കിലും ദീര്‍ഘകാലം സ്‌ട്രെസ്സ് അനുഭവിക്കുന്നത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. മാത്രമല്ല കാലങ്ങളോളം ഇവയെ അവഗണിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, നിരാശ, ഉത്കണ്ഠ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം, അതിനാല്‍ സമ്മര്‍ദ്ദം അടക്കമുള്ള മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പോംവഴികള്‍ കണ്ടെത്തണമെന്നും ആവശ്യം വന്നാല്‍ വൈദ്യസഹായം തേടണമെന്നും സൈമണ്‍ റഡവെല്ലി പറയുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

പഴങ്ങളും പച്ചക്കറികളുമുള്‍പ്പടെ പോഷകസമ്പുഷ്ടമായ ആഹാരത്തിന്റെ ഗുണങ്ങള്‍ അറിയാമെങ്കിലും പലപ്പോഴും ആളുകള്‍ അവ വേണ്ടത്ര അളവില്‍ കഴിക്കാറില്ല. പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നതിലൂടെ സ്‌ട്രെസ്സ് എങ്ങനെ കുറയുമെന്നതില്‍ ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നും നല്‍കുന്നില്ലെങ്കിലും പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷകങ്ങളാകാം അതിന് പിന്നിലെന്ന് പഠനം പറയുന്നു. ജീവകങ്ങളും ധാതുക്കളും ഫ്‌ളവനോയിഡുകളും കരോട്ടിനോയിഡുകളും അടക്കം വളരെ പ്രധാനപ്പെട്ട നിരവധി പോഷകങ്ങള്‍ പഴങ്ങളിലും പച്ചക്കറികളിലുമായി കാണപ്പെടുന്നു. അണുബാധ കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാനും അങ്ങനെ മാനസിക ക്ഷേമം മെച്ചപ്പെടുത്താനും ഇവയ്ക്ക് ശേഷിയുണ്ട്. അണുബാധയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും മാനസിക സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകാറുണ്ട്,

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ഏതൊക്കെ പഴങ്ങളും പച്ചക്കറികളുമാണ് മാനസികാരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യുക എന്നതുള്‍പ്പടെ ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും പഠനസംഘം ശുപാര്‍ശ ചെയ്യുന്നു. പോഷകാഹാരത്തിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം എന്നത് സംബന്ധിച്ച പഠനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന എഡിത് കോവന്‍ സര്‍വ്വകലാശാലയുടെ ന്യൂട്രീഷന്‍ റിസര്‍ച്ചിന്റെ ഭാഗമാണ് ഈ പഠനം.

Maintained By : Studio3