Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്താണ് ഹാപ്പി ഹൈപ്പോക്‌സിയ, എങ്ങനെയാണത് അപകടകരമാകുന്നത്?

1 min read

ശരീരത്തിലെ ഓക്‌സിജന്റെ അളവ് നാം പോലും അറിയാതെ കുറയുന്ന അവസ്ഥയാണ് ഹാപ്പി ഹൈപ്പോക്‌സിയ

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്തോനേഷ്യിലെ ഒരു ആശുപത്രിയില്‍ പനിയും ചുമയുമായി ഒരു രോഗിയെത്തി. കാഴ്ചയില്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. നടക്കാനും വര്‍ത്തമാനും പറയാനും മൊബീല്‍ സ്‌ക്രീനില്‍ സ്‌ക്രോള്‍ ചെയ്യാനുമെല്ലാം ഒരു ബുദ്ധിമുട്ടുമില്ല. അദ്ദേഹത്തിന്റെ രക്തസമ്മര്ദ്ദവും ഹൃദയമിടിപ്പും ശരീര താപനിലയുമെല്ലാം സാധാരണനിലയിലായിരുന്നു. പക്ഷേ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ പരിശോധിച്ചപ്പോള്‍ അല്‍പ്പമൊന്ന് ഞെട്ടി-77 ശതമാനം. ശരീരത്തിലെ ഓക്‌സിജന്റെ അളവ് രോഗി പോലും അറിയാതെ, യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ കുറഞ്ഞുകൊണ്ടിരിക്കുന്ന ലോകത്തിലെ ആദ്യ കോവിഡ്-19 കേസുകളില്‍ ഒന്നായിരുന്നു ഇത്. പിന്നീട് കോവിഡ്-19 രോഗികളിലെ ഹാപ്പി ഹൈപ്പോക്‌സിയ എന്ന ഈ അവസ്ഥയെ ലോകം തിരിച്ചറിഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഇന്ത്യയിലും സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷേ വളരെ ചുരുക്കം കേസുകള്‍ മാത്രമാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ ഹാപ്പി ഹൈപ്പോക്‌സിയ ഉള്ള കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പകര്‍ച്ചവ്യധിക്കെതിരെ ചികിത്സാരംഗത്തുള്ള ഡോക്ടര്‍മാര്‍ പറയുന്നത്.

ഹാപ്പി ഹൈപ്പോക്‌സിയ

രക്തത്തിലെ ഓക്‌സിജന്റെ അളവ് ശരാശരിയേക്കാളും താഴുന്ന അവസ്ഥയാണ് ഹൈപ്പോക്‌സിയ എന്നറിയപ്പെടുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം 94 ശതമാനത്തിന് മുകളിലായിരിക്കും രക്തത്തിലെ ഓക്‌സിജന്റെ അളവ്. ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്താനാകും. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം, വൃക്ക തുടങ്ങി ശരീരത്തിലെ പ്രധാനപ്പെട്ട എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കും.ശ്വസനത്തിലൂടെ ശരീരത്തിലെത്തുന്ന ഓക്‌സിജന്‍ ആഗിരണം ചെയ്യാനും രക്തക്കുഴലുകളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനുമുള്ള ശ്വാസകോശത്തിന്റെ ശേഷി കുറയുന്നത് മൂലമാണ് ഹൈപ്പോക്‌സിയ ഉണ്ടാകുന്നത്. രക്തക്കുഴലുകളിലെ തടസ്സങ്ങള്‍ കാരണം ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ശരിയായ രീതിയില്‍ രക്തമെത്താത്തത് മൂലവും ഹൈപ്പോക്‌സിയ ഉണ്ടാകാം.

ശ്വാസകോശവും രക്തക്കുഴലുകളും ഉള്‍പ്പടെ ശ്വസന വ്യവസ്ഥയെയാണ് കോവിഡ്-19 പ്രധാനമായും ബാധിക്കുന്നത്. ഈ രോഗം മൂലം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും രക്തക്കുഴലുകളില്‍ അണുബാധയുണ്ടാകുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളില്‍ രക്തക്കട്ട രൂപപ്പെടാനും രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടാനും ഇടയാക്കുന്നു. ജീവശാസ്ത്രത്തിന്റെ യുക്തിക്ക് എതിരായതിനാല്‍ ഡോക്ടര്‍മാര്‍ വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് ഇവിടെ നേരിടുന്നത്. സാധാരണഗതിയില്‍ ഹൈപ്പോക്‌സിയ ഉണ്ടാകുമ്പോള്‍ കഠിനമായ തലവേദന, ശ്വാസതടസ്സം, ശ്വാസമെടുക്കാന്‍ കഴിയാതെ വരിക തുടങ്ങി ശക്തമായ ലക്ഷണങ്ങള്‍ ശരീരം കാണിക്കാറുണ്ട്. എന്നാല്‍ കോവിഡ്-19 രോഗികളില്‍ കാണപ്പെടുന്ന ഹാപ്പി ഹൈപ്പോക്‌സിയയില്‍ രോഗം ഗുരുതരമാകുന്നത് വരെ രോഗി വളരെ സാധാരണ നിലയില്‍ കാണപ്പെടുന്നു.

ഡോക്ടര്‍മാര്‍ പറയുന്നതെന്ത്?

കോവിഡ്-19 രോഗികള്‍ക്കിടയില്‍ കാണപ്പെടുന്ന വളരെ ഗുരുതരമായ അവസ്ഥയാണ് ഹാപ്പി ഹൈപ്പോക്‌സിയയെന്ന് ബീഹാറിലെ ബഹല്‍പ്പൂറിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കൊളെജിലെ മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ.രാജ്കമല്‍ ചൗധരി പറയുന്നു. ആശുപത്രി ചികിത്സ ആവശ്യമുള്ള ഏകദേശം 30 ശതമാനം രോഗികള്‍ക്കും ഹാപ്പി ഹൈപ്പോക്‌സിയ എന്ന അവസ്ഥയുണ്ട്. ചില കേസുകളില്‍ രോഗികളിലെ ഓക്‌സിജന്റെ അളവ് 20 മുതല്‍ 30 ശതമാനം വരെ താഴാറുണ്ടെന്നും ആശുപത്രികളില്‍ കോവിഡ്-19 രോഗികള്‍ മരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും ആറുവര്‍ഷത്തോളോ ലോകാരോഗ്യ സംഘടനയില്‍ ജോലി ചെയ്തിരുന്ന ഡോ. ചൗധരി പറയുന്നു.

രണ്ടാംതരംഗത്തില്‍ ഹാപ്പി ഹൈപ്പോക്‌സിയ എന്ന അവസ്ഥ കൂടുതലായും യുവാക്കളിലാണ് കണ്ടുവരുന്നതെന്ന് ഡെല്‍ഹിയില്‍ കോവിഡ്-19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ തരംഗത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ രണ്ടാം തരംഗത്തില്‍ കൂടുതല്‍ പേര്‍ മരണപ്പെടാനുള്ള പ്രധാനകാരണവും ഇതാണെന്നാണ് പല ഡോക്ടര്‍മാരും സംശയിക്കുന്നത്.

എങ്ങനെ തിരിച്ചറിയാം?

ശരീരത്തിന്റെ ഓക്‌സിജന്‍ നില നിരന്തരമായി പരിശോധിക്കുകയെന്നതാണ് ഹാപ്പി ഹൈപ്പോക്‌സിയ കണ്ടെത്താനുള്ള വഴി. കോവിഡ്-19 രോഗികളോട് ഡോക്ടര്‍മാര്‍ ഇക്കാര്യം നിര്‍ദ്ദേശിക്കാറുണ്ട്. ഓക്‌സിജന്റെ അളവ് 90 ശതമാനത്തില്‍ കുറഞ്ഞാല്‍ പുറത്ത് നിന്നുള്ള ഓക്‌സിജന്‍ സപ്പോര്‍ട്ട് അനിവാര്യമായി വരും.

ചുമ, പനി, തൊണ്ടവേദന, തലവേദന എന്നിവയാണ് പൊതുവായ കോവിഡ്-19 ലക്ഷണങ്ങള്‍ എങ്കിലും ഹാപ്പി ഹൈപ്പോക്‌സിയ തിരിച്ചറിയുന്നതിനായി മറ്റ് ചില ലക്ഷണങ്ങള്‍ കൂടി നിരീക്ഷിക്കേണ്ടതുണ്ട്. ചുണ്ടിന്റെ നിറം സാധാരണയുള്ളതില്‍ നിന്ന് മാറി നീലയായി കാണപ്പെടുക, തൊലിയുടെ നിറം അമിതമായി ചുമക്കുകയോ വൈലറ്റ് നിറമാകുകയോ ചെയ്യുക, ശാരീരിക അധ്വാനം ഇല്ലാത്തപ്പോഴും വല്ലാതെ വിയര്‍ക്കുക എന്നിവ ഹാപ്പി ഹൈപ്പേക്‌സിയയുടെ ലക്ഷണങ്ങളാകാം. എങ്കിലും ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ശരീരത്തിലെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കുകയാണ് ഹാപ്പി ഹൈപ്പോക്‌സിയ തിരിച്ചറിയുന്നതിനുള്ള ഏറ്റവും മികച്ച ഉപാധി.

എന്താണ് പ്രതിവിധി?

ശരീരത്തിലെ ഓക്‌സിജന്റെ അളവ് 94 ശതമാനത്തില്‍ കുറഞ്ഞാല്‍ അടിയന്തരമായി വൈദ്യസഹായം തേടണം. 90 ശതമാനത്തില്‍ കുറഞ്ഞാല്‍ രോഗിയെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ച് കൃത്രിമമായി ഓക്‌സിജനോ വെന്റിലേറ്റര്‍ സഹായമോ ലഭ്യമാക്കണം.

Maintained By : Studio3