അമേരിക്കയില്‍ കോവിഡ് മരണ നിരക്ക് പത്ത് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍
1 min readപ്രതിദിനം ശരാശരി 600 എന്ന നിലയിലാണ് നിലവില്‍ അമേരിക്കയിലെ കോവിഡ്-19 മരണനിരക്ക്
വാഷിംഗ്ടണ്‍: അമേരിക്കയിലെ കോവിഡ്-19 മരണനിരക്ക് പ്രതിദിനം ശരാശരി 600 ആയി കുറഞ്ഞു. പത്ത് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മിക്ക സ്റ്റേറ്റുകളിലും രോഗം പിടിപെട്ട് മരിക്കുന്നവരുടെ എണ്ണം ഒറ്റ അക്കമായി. ചില ദിവസങ്ങളിലിത് പൂജ്യമാണ്. ഇതുവരെ 583,000 പേരാണ് അമേരിക്കയില്‍ കോവിഡ്-19 ബാധിച്ച് മരിച്ചത്.
അതേസമയം മാസങ്ങള്‍ക്ക് ശേഷം അമേരിക്കയിലെ പ്രതിദിന രോഗ നിരക്ക് 38,000 ആയി. കഴിഞ്ഞ സെപ്റ്റംബര്‍ പകുതിക്ക് ശേഷം അമേരിക്കയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ രോഗനിരക്കാണിത്. എന്നിരുന്നാലും നേരത്തെയും ഇത്തരത്തില്‍ കേസുകള്‍ കുറഞ്ഞ് പിന്നീട് വീണ്ടും കൂടിയ അനുഭവമുള്ളതിനാല്‍ ആശ്വസിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ടൊരു വര്‍ഷത്തിന് മുമ്പ് കഴിഞ്ഞ ജൂലൈയിലാണ് ഇതിന് മുമ്പ് അമേരിക്കയില്‍ കോവിഡ്-19 മരണനിരക്ക് കുറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ജനുവരി പകുതിയോടെ മരണനിരക്ക് പ്രതിദിനം ശരാശരി 3,400 എന്ന നിലയില്‍ പാരമ്യത്തിലെത്തി.
കനാസ്, മസാച്യുസെറ്റ്‌സ് എന്നീ സ്റ്റേറ്റുകളില്‍ പല ദിവസവും പൂജ്യം മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ രാജ്യം ബുദ്ധിമുട്ടിയപ്പോഴും വ്യാപകമായ വാക്‌സിനേഷന്‍ യജ്ഞം രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ സാംക്രമിക രോഗ വിദഗ്ധനായ ഡോ.അമേഷ് അഡല്‍ജ പറഞ്ഞു. കഴിയാവുന്നിടത്തോളം മരണനിരക്ക് കുറയ്ക്കുക എന്നതായിരുന്നു പ്രോതിരോധ നടപടികളുടെ ലക്ഷ്യമെന്നും ആ നേട്ടത്തിലേക്കാണ് ഇപ്പോള്‍ രാജ്യം എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ ഏകദേശം 45 ശതമാനത്തോളം ജനങ്ങള്‍ വൈറസിനെതിരെ പൂര്‍ണ പ്രതിരോധ ശേഷി നേടിയവരാണ്. 58 ശതമാനത്തോളം പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്.12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന് നല്‍കുന്നതിന് കഴിഞ്ഞ ആഴ്ച ഫൈസര്‍ വാക്‌സിന് അനുമതി ലഭിച്ചിരുന്നു. അതേസമയം വാ്ക്‌സിന്‍ എടുക്കാന്‍ ചില ആളുകള്‍ കാണിക്കുന്ന വിമുഖതയിലും രോഗത്തിനെതിരായ ജാഗ്രതക്കുറവിലും ആരോഗ്യ അധികൃതര്‍ക്ക് ആശങ്കയുണ്ട്. പുതിയ കേസുകളും മരണങ്ങളും ജൂലൈ അവസാനത്തോടെ കുത്തനെ കുറയുമെന്നും അതിന് ശേഷവും കുറഞ്ഞ് തന്നെ തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ജാഗ്രത തുടരേണ്ടത് ആവശ്യമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സിലെ മറ്റൊരു സാംക്രമിക രോഗ വിദഗ്ധനായ ജസ്റ്റിന്‍ ലെസ്ലര്‍ മുന്നറിയിപ്പ് നല്‍കി. ചിലയാളുകള്‍ വാക്‌സിന്‍ എടുക്കാന്‍ മടിക്കുകയും പുതിയ വകഭേദങ്ങള്‍ പടരുകയും ചെയ്താല്‍ അശ്രദ്ധ മൂലം മറ്റൊരു തരംഗം കൂടി ഉണ്ടായേക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു