കോവിഡ്-19: ദുബായിൽ വിനോദ പരിപാടികൾക്ക് വിലക്ക്
1 min read
പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി എമിറേറ്റിലെ എല്ലാ എന്റർടെയ്ൻമെന്റ് പെർമിറ്റുകളും അടിയന്തരമായി റദ്ദ് ചെയ്തതായി ദുബായ് മീഡിയ ഓഫീസ്
ദുബായ്: കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ദുബായിലെ എല്ലാവിധ വിനോദ പരിപാടികൾക്കും ദുബായ് ടൂറിസം വിലക്കേർപ്പെടുത്തി. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി എമിറേറ്റിലെ എല്ലാ എന്റർടെയ്ൻമെന്റ് പെർമിറ്റുകളും അടിയന്തരമായി റദ്ദ് ചെയ്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
ദുബായ് ആരോഗ്യ വകുപ്പുമായി ചേർന്ന് പകർച്ചവ്യാധി നിർമാർജന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുമെന്നും ദുബായ് ടൂറിസം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി ദുബായിൽ കോവിഡ്-19 നിയമങ്ങൾ ലംഘിച്ച 200ഓളം വിനോദ കേന്ദ്രങ്ങൾക്ക് ദുബായ് ടൂറിസം താക്കീത് നൽകുകയും 20 സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തിരുന്നു. നിർബന്ധിത കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഇവയ്ക്കെതിരെ നടപടികൾ എടുത്തതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ അഞ്ച് കടകൾക്ക് ദുബായ് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം പൂട്ടാൻ നിർദ്ദേശം നൽകിയിരുന്നു. മറ്റ് എട്ട് കടകൾക്കെതിരെ പിഴയും 38 കടകൾക്ക് താക്കീതും നൽകി. കോവിഡ് നിയമങ്ങളിൽ വീഴ്ച വരുത്തിയ രണ്ട് ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ ദുബായ് ഇക്കോണമിയും നടപടിയെടുത്തു.
പ്രതിദിന കോവിഡ് കേസുകൾ 3,000ത്തിന് മുകളിൽ എത്തിയ സാഹചര്യത്തിലാണ് ദുബായ് കോവിഡ്-മാനദണ്ഡങ്ങൾ കർശനമാക്കുന്നത്. പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് യുഎഇയിൽ പ്രതിദിന രോഗ നിരക്ക് മൂവായിരത്തിന് മുകളിൽ എത്തുന്നത്.