കോവിഡ്-19 ഗുരുതരമായി ബാധിച്ച പകുതിയിലധികം പേരുടെ ഹൃദയത്തിന് തകരാറുകള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ട്
1 min readരോഗം ഗുരുതരമാകുന്ന ഘട്ടത്തില്‍ രക്തത്തില്‍ ട്രോപ്പോനിന്റെ അളവ് കൂടുന്നത് ഹൃദയ സംബന്ധ തകരാറുകളുടെ ലക്ഷണമാകാം
കോവിഡ്-19 ഗുരുതരമായി ബാധിച്ച് ആശുപത്രികളില്‍ പ്രവേശിക്കപ്പെടുകയും ശരീരത്തിലെ ട്രോപ്പോനിന്‍ എന്ന പ്രോട്ടീനിന്റെ അളവ് കൂടുതലായി കാണപ്പെടുകയും ചെയ്യുന്ന അമ്പത് ശതമാനം ആളുകളില്‍ ഹൃദയ സംബന്ധ തകരാറുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ട് ഒരു മാസത്തിന് ശേഷം നടത്തിയ എംആര്‍ഐ സ്‌കാനിംഗിലാണ് ഇവരുടെ ഹൃദയത്തില്‍ തകരാറുകള്‍ കണ്ടെത്തിയതെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയ പേശിയിലെ അണുബാധ, ഹൃദയ കലകള്‍ക്ക് നാശം അല്ലെങ്കില്‍ ക്ഷതം, ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയല്‍ തുടങ്ങിയ തകരാറുകളാണ് ഇവരില്‍ കണ്ടെത്തിയതെന്ന് പഠനം പറയുന്നു. ചിലരില്‍ ഈ മൂന്ന് തകരാറുകളും കണ്ടെത്തി.
കോവിഡ്-19 രോഗികളെ ചികിത്സിക്കുന്ന ലണ്ടനിലെ ആറ് ആശുപത്രികളില്‍ നിന്നുള്ള 148 രോഗികളെയാണ് പഠന വിധേയമാക്കിയത്. കോവിഡ്-19 ഭേദമായി ആശുപത്രി വിട്ടതിന് ശേഷവും ട്രോപ്പോനിന്റെ അളവ് കൂടുതലായി കാണപ്പെടുന്നത് ഹൃദയത്തിന്റെ തകരാര്‍ സംബന്ധിച്ച സൂചനയാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹൃദയപേശിക്ക് ക്ഷതം സംഭവിക്കുമ്പോഴാണ് രക്തത്തില്‍ ട്രോപ്പോനിന്‍ കലരുന്നത്. രക്ത ധമനികള്‍ക്ക് തടസമുണ്ടാകുമ്പോഴോ ഹൃദയത്തില്‍ അണുബാധ ഉണ്ടാകുമ്പോഴോ രക്തത്തില്‍ ഈ പ്രോട്ടീനിന്റെ അളവ് കൂടുന്നു.
കോവിഡ്-19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിരവധി രോഗികളില്‍ രോഗം ഗുരുതരമായ ഘട്ടത്തില്‍ ട്രോപ്പോനിന്‍ അളവ് കൂടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. രോഗത്തിനെതിരെ ശരീരം പ്രതിരോധം ശക്തമാക്കുന്ന ഘട്ടത്തിലാണിത്. പഠനത്തില്‍ പങ്കെടുത്ത എല്ലാ രോഗികളിലും രോഗം ഭേദമായതിന് ശേഷം ഹൃദയ തകരാറുകളുടെ ആഴവും കാരണവും കണ്ടെത്തുന്നതിനായി നടത്തിയ എംആര്‍ഐ സ്്കാനിംഗിലും ട്രോപ്പോനിന്റെ അളവ് കൂടുതലായി കാണപ്പെട്ടു.