സൈബര്‍ പാര്‍ക്കിലെ വെര്‍ച്ച്വല്‍ സയന്‍സ് ലാബിന് ദേശീയ പുരസ്കാരം

കോഴിക്കോട്: ഗവണ്‍മെന്‍റ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ഇലൂസിയ ലാബിന്‍റെ വെര്‍ച്ച്വല്‍ സയന്‍സ് ലാബിന് കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പിന്‍റെ ദേശീയ പുരസ്കാരം ലഭിച്ചു. വെര്‍ച്വല്‍ റിയാലിറ്റി ഡെവലപ്മന്‍റ് കമ്പനിയാണ് ഇലൂസിയ ലാബ്. കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി (സിഐഇടി) യും നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍റ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) യും സംയുക്തമായി സംഘടിപ്പിച്ച ദേശീയതല മല്‍സരത്തിലാണ് ഇലൂസിയ അംഗീകാരം നേടിയത്. 22 സംസ്ഥാനങ്ങളില്‍ നിന്നും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി സ്ഥാപനങ്ങള്‍ മല്‍സരത്തിനെത്തിയിരുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബയോളജി, കെമിസ്ട്രി, ഫിസിക്സ് തുടങ്ങി സയന്‍സ് വിഷയങ്ങളെ അടിസ്ഥനമാക്കി നിര്‍മിച്ച വെര്‍ച്ച്വല്‍ പരീക്ഷണശാല (വിആര്‍ ലാബ്) സജ്ജീകരിച്ചതിനാണ് ഇമേഴ്സീവ് സയന്‍സ് എജ്യൂക്കേഷന്‍ വിഭാഗത്തില്‍ 2024 – 25 ലെ ദേശീയ പുരസ്കാരത്തിന് ഇലൂസിയ തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഘട്ട പരിശോധനകള്‍ക്ക് ശേഷം പ്രത്യേക വിധി നിര്‍ണ്ണയ സമിതിക്ക് മുന്നില്‍ മൂന്ന് ദിവസത്തെ പ്രദര്‍ശത്തിനും അവതരണത്തിനും ശേഷമാണ് അന്തിമ വിധി നിര്‍ണ്ണയിച്ചത്. ഷില്ലോങ്ങിലെ എന്‍സിഇആര്‍ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇലൂസിയ ലാബ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നൗഫല്‍ പി പുരസ്കാരം ഏറ്റുവാങ്ങി. വിവിധ ശാസ്ത്ര വിഷയങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ മനസിലാക്കാനും യഥാര്‍ത്ഥ പരീക്ഷണശാലയിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ നിരവധി തവണ പരീക്ഷണങ്ങള്‍ നടത്തി നോക്കാനും, പരീക്ഷ സമയത്ത് എളുപ്പത്തില്‍ ഓര്‍ത്തെടുക്കാനും കഴിയുന്ന രീതിയിലാണ് ഇലൂസിയ വെര്‍ച്ച്വല്‍ പ്രാക്റ്റിക്കല്‍ ലാബ് സജ്ജമാക്കിയിരിക്കുന്നത്. 2019 ല്‍ ആരംഭിച്ച്, ആദ്യത്തെ മെറ്റാവേഴ്സ് ക്ളാസ്സ് മുറിക്ക് തുടക്കം കുറിക്കുകയും, രാജ്യത്തെ ആദ്യ എഐ – വിആര്‍ – ഭാഷാ പരിശീലന ലാബ് തയ്യാറാക്കുകയും ചെയ്ത ഇലൂസിയ, ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഓഗ്മെന്‍റ് റിയാലിറ്റി(എആര്‍), വെര്‍ച്ച്വല്‍ റിയാലിറ്റി (വിആര്‍) സേവനങ്ങള്‍ക്ക് പുറമേ മിക്സഡ് (എംആര്‍) റിയാലിറ്റിയും നിര്‍മ്മിതിബുദ്ധിയുമെല്ലാം(എഐ) സംയോജിപ്പിച്ചാണ് ഇലൂസിയ ലാബ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് നൗഫല്‍ പി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന പഠന രീതിക്കനുസരിച്ച് വിദ്യാഭ്യാസത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകത്തെവിടെ നിന്നും ആര്‍ക്കും ഏതു കോഴ്സുകളും ഒരുമിച്ചിരുന്നു പഠിക്കാനും കളിക്കാനും ആസ്വാദിക്കാനും പറ്റുന്ന രീതിയിലുള്ള പുത്തന്‍ വിദ്യാഭ്യാസ പദ്ധതികളുടെ തയ്യാറെടുപ്പിലാണ് ഇലൂസിയ എന്നും നൗഫല്‍ വ്യക്തമാക്കി.