കോവിഡ് വാക്സിന്‍ : കൊച്ചിയില്‍ നിന്നുള്ള കമ്പനി രണ്ടാംഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി
കൊച്ചി: കേരളം ആസ്ഥാനമായുള്ള പ്രമുഖ ലൈഫ് സയന്‍സ് കമ്പനിയായ പിഎന്‍ബി വെസ്പര്‍ ഉത്പാദിപ്പിച്ച കോവിഡ് വാക്സിന്‍ പിഎന്‍ബി 001 (ജിപിപി ബാലഡോള്‍) ന്‍റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഓക്സിജന്‍ പിന്തുണ ആവശ്യമുള്ള കോവിഡ് രോഗികളില്‍ ജിപിപി ബാലഡോള്‍ പരീക്ഷിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി കമ്പനിക്ക് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നവംബറില്‍ പൂനെ ബിജെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലും, സാസൂണ്‍ ജനറല്‍ ആശുപത്രിയിലും, ബെംഗളൂരു വിക്ടോറിയ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസന്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പരീക്ഷണം ആരംഭിച്ചു. പരീക്ഷണം പൂര്‍ത്തിയാക്കി ക്ലിനിക്കല്‍ റിപ്പോര്‍ട്ട് ഫെബ്രുവരി 22ന് ഡിസിജിഐ മുമ്പാകെ സമര്‍പ്പിക്കും. 40 രോഗികളിലാണ് പരീക്ഷണം നടത്തിയത്. ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ക്ലിനിക്കല്‍ ട്രയലുകളും നടത്തിയ സോളിഡാരിറ്റി ട്രയലിന് അനുസൃതമായി ക്ലിനിക്കല്‍ ട്രയല്‍ പ്രോട്ടോക്കോള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
ഓര്‍ഡിനല്‍ സ്കെയിലിന്‍റെ അടിസ്ഥാനത്തില്‍ നിന്നുള്ള മാറ്റങ്ങള്‍, 28 ദിവസത്തോടെയുള്ള മരണനിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ മരുന്നിന്‍റെ മൊത്തത്തിലുള്ള ഫലപ്രാപ്തി വിലയിരുത്തലായിരുന്നു പരീക്ഷണത്തിന്‍റെ പ്രാഥമിക ലക്ഷ്യം.
ആശുപത്രിയില്‍ കഴിഞ്ഞ കാലയളവ്, വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നതിന്‍റെ ദൈര്‍ഘ്യം, ഓക്സിജന്‍ സാച്ചുറേഷന്‍ മെച്ചപ്പെടുത്തല്‍, നെഗറ്റീവ് പിസിആര്‍ ഫലത്തിന് വേണ്ടി വന്ന ദിവസങ്ങളുടെ എണ്ണം, കോവിഡ് 19 രോഗബാധയുള്ളവരില്‍ ജിപിപി ബാലഡോള്‍ സുരക്ഷിതമാണോയെന്ന് വിലയിരുത്തുക എന്നിവയായിരുന്നു രണ്ടാമത്തെ ലക്ഷ്യം. പ്രതികൂല ഫലങ്ങളും കരള്‍, വൃക്ക, മറ്റു സുപ്രധാന ഘടകങ്ങള്‍ എന്നിവയിലെ രക്ത രസതന്ത്ര വിശകലനത്തെയും അടിസ്ഥാനമാക്കിയാണ് ജിപിപി ബാലഡോളിന്‍റെ സുരക്ഷ വിലയിരുത്തിയത്.
നിലവിലെ കോവിഡ് 19 ചികിത്സാ രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജിപിപി ബാലഡോള്‍ വളരെ മികച്ച ഫലമാണ് നല്‍കുന്നതെന്ന് പിഎന്‍ബി വെസ്പര്‍ ലൈഫ് സയന്‍സസ് വൈസ് പ്രസിഡന്‍റ് ഡോ.എറിക് ലാറ്റ്മാന്‍ പറഞ്ഞു. പരീക്ഷണത്തില്‍ വിലയിരുത്തിയ ഘടകങ്ങള്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള മരുന്നിന്‍റെ സാധ്യതയെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. കൂടാതെ കഠിന ശ്വാസകോശ സംബന്ധമായ രോഗികള്‍ക്കും ജിപിപി ബാലഡോള്‍ മികച്ച ചികിത്സാ മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു.