Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാംഗോങ് സോയിലെ സൈനിക പിന്മാറ്റം : ചൈനയുടെ തീരുമാനത്തിനുപിന്നില്‍ കാരണങ്ങള്‍ നിരവധി

1 min read

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും സേനാപിന്മാറ്റത്തിന് ചൈന തയ്യാറായതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ കണ്ടെത്താനാകും. കഠിനമായ ശൈത്യകാലം ഇന്ത്യയെക്കാള്‍ പ്രതിസന്ധി സൃഷ്ടിച്ചത് ചൈനക്കാണ്. ഇത് ബെയ്ജിംഗിന് കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമായതായി നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അതിര്‍ത്തിയില്‍ ചൈന നേരിട്ട് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇന്ത്യ ഒരടിയും പിന്നോട്ടുപോകില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് തിരിച്ചടിയായി. കൂടാതെ ജൂലൈയില്‍ നടക്കാനിരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറെടുപ്പുകളും കൂടുതല്‍ ശ്രദ്ധയും ആവശ്യമായതിനാല്‍ ഒരു ഏറ്റുമുട്ടല്‍ പാത ഒഴിവാക്കുന്നതാകും നല്ലത് എന്ന ചിന്തയും ലഡാക്കിലെ പാങ്കോംഗ് സോയില്‍നിന്നും പിന്മാറുന്നതിന് അവരെ പ്രേരിപ്പിച്ചു.

ബുധനാഴ്ച ആരംഭിച്ച സൈനിക പിന്മാറ്റം പെട്ടന്നുണ്ടായ സംഭവവികാസമല്ല. സെപ്റ്റംബര്‍ മുതല്‍ ഈ വിഷയം സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ചയിലായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍, ചൈനീസ് വിദേശ, പ്രതിരോധ മന്ത്രിമാര്‍ റഷ്യയില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാട് ലഘൂകരിക്കുന്ന നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. പൂര്‍ണ മായ സമാധാനത്തിന്‍റെ പുഃസ്ഥാപനത്തിന് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍നിന്ന് സൈനികരെ പിന്‍വലിക്കാമെന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ എത്തിച്ചേര്‍ന്ന ധാരണ.

മോസ്കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ എസ് ജയ്ശങ്കറും ചൈനയുടെ വാങുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുപക്ഷവും ഘട്ടംഘട്ടമായി സൈന്യത്തെ പിന്‍വലിക്കാമെന്നും അതിര്‍ത്തിയിലെ സഘര്‍ഷാവസ്ഥ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അന്ന് തത്വത്തില്‍ ധാരണയായിരുന്നു. ഇതിന്‍റെ നടപ്പാക്കല്‍ ആംരംഭിച്ച ദിവസമാണ് ചൈന സൈനിക പിന്മാറ്റം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്‍റില്‍ സ്ഥിരീകരിക്കുകയും വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതോടെ മാസങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയ്ക്കാണ് ഭാഗികമായെങ്കിലും അയവുവന്നത്. എന്നാല്‍ ഇനിയും തര്‍ക്കപ്രദേശങ്ങള്‍ ബാക്കിയാണ്.

  ഇന്‍ഡെല്‍ മണി: ലാഭം 55.75 കോടി, മൊത്ത വരുമാനം 289 കോടി രൂപ

കരാര്‍ പ്രകാരം ചൈനീസ് പട്ടാളക്കാര്‍ ഫിംഗര്‍ 8 ന് കിഴക്ക് പാംഗോങ് സോയുടെ വടക്കന്‍ കരയില്‍ നിന്ന് പിന്‍വാങ്ങും, ഇത് യഥാര്‍ത്ഥ നിയന്ത്രണ രേഖയെ (എല്‍എസി) അടയാളപ്പെടുത്തുന്നു. സംഘര്‍ഷകാലത്ത് ചൈനീസ് സേന ഫിംഗര്‍ 4 ലേക്ക് മാറിയിരുന്നു. ഫിംഗര്‍ 3 ന് സമീപമുള്ള ധന്‍ സിംഗ് താപ്പ പോസ്റ്റിലെ സ്ഥിരം താവളത്തിലാണ് ഇന്ത്യന്‍ സൈന്യം പ്രവര്‍ത്തിക്കുക. സൗത്ത് ബാങ്ക് പ്രദേശത്തും ഇരുപക്ഷവും സമാനമായ നടപടിയാകും സ്വീകരിക്കുക. ഇരു രാജ്യങ്ങളും എത്തിച്ചേര്‍ന്ന കരാറിനെ പ്രതിരോധ, നയതന്ത്രതലത്തിലെ വിദഗ്ധര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. യുഎസുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ, ചൈനയുടെ തന്ത്രപരമായ നീക്കം കൂടിയാണിത്. അതിനാല്‍ ഇന്ത്യ ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര തലങ്ങളില്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസം നടന്ന കോര്‍പ്സ് കമാന്‍ഡര്‍ സംഭാഷണത്തിനിടയിലാണ് പ്രതിസന്ധിക്ക് പരിഹാരമായത്.

സെപ്റ്റംബറില്‍, പാംഗോങ് സോയുടെ തെക്കന്‍ തീരത്തുള്ള ചില നിര്‍ണായക ഉയരങ്ങളില്‍ നിന്ന് പിന്മാറാന്‍ ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 29-30 തീയതികളില്‍ നടന്ന ഒരു ഓപ്പറേഷനില്‍ ഇന്ത്യന്‍ സൈനികര്‍ ചൈനയില്‍നിന്ന് തിരിച്ചു പിടിച്ചതാണ്. ഇന്ത്യയുടെ ഈ നീക്കം ഇത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ അമ്പരപ്പിച്ചിരുന്നു. അതേസമയം, ലഡാക്കിലെ എല്ലാ സംഘര്‍ഷമേഖലകളിലുംനിന്ന് സേനാപിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നിരുന്നാലും, 2020 മെയ് മാസത്തില്‍ പിടിച്ചെടുത്ത ഫിംഗര്‍ 4 ല്‍ നിന്ന് പിന്മാറാന്‍ ചൈനക്കാര്‍ തയ്യാറായില്ല. എന്നാല്‍ ഇന്ത്യ ബെയ്ജിംഗിന്‍റെ നിലപാട് വകവെക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഒക്ടോബറില്‍ ചൈന തങ്ങളുടെ നിര്‍ദ്ദേശത്തില്‍ മാറ്റം വരുത്തി, സൈന്യത്തെ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള പദ്ധതി കൊണ്ടുവന്നു. ഫിംഗര്‍ 4 ല്‍ നിന്ന് ഫിംഗര്‍ 5 ലേക്ക് പിഎല്‍എ പിന്‍വാങ്ങുമെന്നും ഫിംഗര്‍ 4 നോ-ഗോ ഏരിയയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ നിര്‍ദേശവും ഇന്ത്യ നിരസിച്ചു. ഫിംഗര്‍ 8 ന് പിന്നിലേക്ക് പിഎല്‍എ നീങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ലഡാക്കിലെ ശൈത്യകാലത്ത് താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതോടെ ചൈന ഫിംഗര്‍ 8 ന് പിന്നില്‍ പോകാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

  കെ.ഇ.കോളേജ് ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം

ഇപ്പോള്‍ ഇരുവിഭാഗവും അംഗീകരിച്ച നിര്‍ദ്ദേശമനുസരിച്ച്, ചൈനക്കാര്‍ ഫിംഗര്‍ 8 ന് അപ്പുറത്തേക്ക് പോകണം. കൂടാതെ 8 കിലോമീറ്റര്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ കൂടാരങ്ങളും നിരീക്ഷണ പോസ്റ്റുകളും നീക്കംചെയ്യണം. അതുപോലെ, ഇന്ത്യന്‍ സൈനികര്‍ ഫിംഗര്‍ 2 നും ഫിംഗര്‍ 3 നും ഇടയിലുള്ള ധന്‍ സിംഗ് താപ്പ പോസ്റ്റിലേക്ക് മടങ്ങും. ഇടക്കാലത്ത്, ഇന്ത്യയും ചൈനയും പതിനായിരത്തിലധികം സൈനികരെ ചില സ്ഥലങ്ങളില്‍നിന്നും പിന്‍വലിച്ചിരുന്നു. ജനുവരി 24 ന്, പതിനാറര മണിക്കൂര്‍ നീണ്ടുനിന്ന് ചര്‍ച്ചകള്‍ക്കൊടുവിലാണ് സേനാ പിന്മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്.

ശീതകാലം ആരംഭിക്കുന്നതിനുമുമ്പ് ചൈനക്കാര്‍ പിരിഞ്ഞുപോകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഇന്ത്യ അതിന് അനുകൂലമായി പ്രതികരിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് സൈനികരെ ആദ്യമായാണ് ഇത്തരം അപകടം പിടിച്ച ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് നിയോഗിക്കുന്നത്. സ്വാഭാവികമായും അവര്‍ക്ക് അപകടങ്ങളും പ്രതിസന്ധികളും ഏറെ നേരിടേണ്ടിവരും. എന്നാല്‍ ഇന്ത്യക്ക് മൗണ്ടന്‍ വാര്‍ഫെയര്‍ ചിരപരിചിതമാണ്. ഈ ഗണത്തില്‍പ്പെടുന്ന ലോകോത്തര സേനാവിഭാഗങ്ങളിലൊന്ന് ഇന്ത്യയുടേതാണ് താനും. ദീര്‍ഘകാലം ലഡാക്കിന്‍റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പിഎല്‍എ സൈനികര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഇന്ത്യക്ക് ബോധ്യമുണ്ടായിരുന്നു. നേരെ മറിച്ച് അതിര്‍ത്തിയില്‍ ആക്രമണത്തിനു മുതിര്‍ന്നാല്‍ തക്കതായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേനക്ക് കഴിയുകയും ചെയ്യുമായിരുന്നു. മേഖല വ്യോമസേനയുടെ റഡാറിന്‍ കീഴിലായിരുന്നുതാനും. ഓഗസ്റ്റിലെ ഇന്ത്യന്‍ തിരിച്ചടി ചൈനക്കാരെ അത്ഭുതപ്പെടുത്തിയെന്നും സൈന്യം പിന്നോട്ട് പോകുന്നില്ലെന്നും അവര്‍ കണക്കുകൂട്ടിയതിനേക്കാള്‍ കൂടുതല്‍ നേരം ഈ മുഖാമുഖം നിലനില്‍ക്കുമെന്നും അവര്‍ മനസിലാക്കുകയും ചെയ്തു

  അവാന്‍സെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐപിഒ

കുറച്ചുകാലമായി ഇരുരാജ്യങ്ങളും ഒരു സൈനിക പിന്‍മാറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് മാസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പ്രമുഖ ചൈന പണ്ഡിതനായ എം. ടെയ്ലര്‍ ഫ്രെവല്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ചൈന-യുഎസ് ബന്ധം പാടേ വഷളായിരുന്നു. കൂടാതെ കൊറോണ വ്യാപനത്തിനുശേഷം അവരുടെ അന്താരാഷ്ട്ര പ്രതിച്ഛായക്കും മങ്ങലേറ്റു. ഈ സാഹചര്യത്തില്‍ ബെയ്ജിംഗിന്‍റെ 14-ാം പഞ്ചവത്സര പദ്ധതി (20212025) അതിന്‍റെ വികസന ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ അവരുടെ നയത്തില്‍ താല്‍ക്കാലികമായെങ്കിലും വ്യതിയാനം വരുത്തേണ്ടതുണ്ട്. കാരണം ഇന്ത്യക്കെതിരായ ബെയ്ജിംഗിന്‍റെ നീക്കം അവര്‍ക്കെതിരെ വലിയ വിമര്‍ശനം വരുത്തിവെച്ചിരുന്നു. അതുവഴി വ്യാപാരരംഗത്തും തിരിച്ചടി നേരിട്ടു,ഫ്രെവല്‍ പറയുന്നു. 14-ാം പഞ്ചവത്സര പദ്ധതിയുടെ വിജയത്തിന് ചൈനയ്ക്ക് ലോകവുമായി കൂടുതല്‍ ഇടപഴകേണ്ടതുണ്ട്. അതിനാല്‍, ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാനും വികസന പദ്ധതികളെ അസ്വസ്ഥമാക്കുന്ന നീക്കങ്ങള്‍ ഒഴിവാക്കാനും ബെയ്ജിംഗ് ആഗ്രഹിക്കുന്നു.

ചൈനീസ് പിന്മാറ്റത്തിനുള്ള ഒരു പ്രധാന കാരണം, ഇത്രയും കാലം ഇന്ത്യ ആക്രമണസന്നദ്ധമായി നില്‍ക്കുമെന്ന് ചൈന ഒരിക്കലും കണക്കാക്കിയിരുന്നില്ല എന്നതാണ്. എങ്കിലും സ്വദേശത്തെയും വിദേശത്തെയും ചൈനാ വിദഗ്ധര്‍ ബെയ്ജിംഗിന്‍റെ നടപടിയെ സംസയത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യ കരുതിയിരിക്കണം എന്നാണ് എല്ലാവരും നല്‍കുന്ന നിര്‍ദ്ദേശവും. കാരണം പരിഹരിക്കാനുള്ള പ്രശ്നങ്ങള്‍ ഇതിലേറെയാണ്. ലഡാക്ക് ഒരു പരീക്ഷണം മാത്രമായിരുന്നിരിക്കാം എന്നാണ് ചിലരുടെ വാദം.

Maintained By : Studio3