കോണ്‍ഗ്രസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതി
തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സാധ്യതകളെക്കുറിച്ച് എഐസിസി രൂപീകരിക്കുന്ന മൂന്നംഗ സമിതി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ച സംഘത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ മുന്‍ ഗോവ മുഖ്യമന്ത്രി ലൂയിസിന്‍ഹോ ഫലീറോയും കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയും ഉള്‍പ്പെടുന്നു.
ഫലീറോയും പരമേശ്വരയും ഇതിനകം സംസ്ഥാന തലസ്ഥാനത്ത് നേരത്തെ എത്തിക്കഴിഞ്ഞു. അശോക് ഗെലോട്ട് എഐസിസി ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) കെ സി വേണുഗോപാലിനൊപ്പം വെള്ളിയാഴ്ച വൈകിട്ടോടെയാണ് എത്തിയത്. തുടര്‍ന്നായിരുന്നു യോഗം. യോഗം ശനിയാഴ്ചയും തുടരും.
ഫലീറോയും പരമേശ്വരയും സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഇതിനകം കൂടിക്കാഴ്ചനടത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ശനിയാഴ്ച നേതാക്കള്‍ നിരവധി യോഗം ചേരും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി സ്ഥാനാര്‍ത്ഥികളില്‍ പുതിയ മുഖങ്ങള്‍ക്ക് മുന്‍തൂക്കം ഉണ്ടാകണം എന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അതിനാല്‍ പാര്‍ട്ടി ടിക്കറ്റിനായി നിരവധി യുവനേതാക്കളെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകും.
സംസ്ഥാന നേതൃത്വം അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ മുഖങ്ങളുടെ കരുത്തും പരിമിതികളും ഗെഹ്ലോട്ടും സംഘവും സൂക്ഷ്മമായി പരിശോധിക്കും.
”എഐസിസി നിരീക്ഷകരും സംസ്ഥാന നേതാക്കളുടെ സംഘവും തമ്മില്‍ ഒരു തുറന്ന കൂടിക്കാഴ്ചയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രം, പുതിയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന്റെ ഗുണദോഷങ്ങള്‍, സഖ്യ പങ്കാളികളുമായുള്ള ബന്ധം, വോട്ടെടുപ്പിനുള്ള ധനസഹായം എന്നിവ ചര്‍ച്ച ചെയ്യും. ടീം അംഗങ്ങള്‍ മുതിര്‍ന്ന രാഷ്ട്രീയക്കാരാണ്, വോട്ടെടുപ്പിന് മുന്നോടിയായി അവരുടെ വിശാലമായ അനുഭവവും വൈദഗ്ധ്യവും ഞങ്ങള്‍ ഉപയോഗപ്പെടുത്തും” കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഐഎഎന്‍എസിനോട് പറഞ്ഞു.
2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 87 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 22 ല്‍ മാത്രമാണ് വിജയിച്ചത്. യുഡിഎഫിന്റെ സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് 25 സീറ്റുകളില്‍ മത്സരിച്ച് 18 സീറ്റുകളില്‍ വിജയിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 95 നിയമസഭാ സീറ്റുകളില്‍ മത്സരിക്കാനാണ് സാധ്യത. കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് (സിഎംപി) യുഡിഎഫ് രണ്ട് സീറ്റുകള്‍ നല്‍കും. ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റും പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഗ്രൂപ്പിന് 7 മുതല്‍ 9 വരെ സീറ്റുകളും ലഭിക്കാം.