ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കും
1 min readവൈത്തിരി,മേപ്പാടി ഡെസ്റ്റിനേഷനുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തുറക്കും
തിരുവനന്തപുരം: കോവിഡ് 19 രണ്ടാം തരംഗം മൂലം വീണ്ടും അടച്ചിടേണ്ടി വന്ന ടൂറിസം മേഖല ഘട്ടംഘട്ടമായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ആരോഗ്യ മന്ത്രി വീണ ജോര്‍ജും സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ നടപ്പാക്കുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിവിധ ഡെസ്റ്റിനേഷനുകള്‍ തുറക്കുക. അടുത്തയാഴ്ചയോടെ വെത്തിരിയിലും മേപ്പാടിയിലും സന്ദര്‍ശകരെ അനുവദിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.
നിലവില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ അടിയന്തിരമായി വാക്സിനേഷന്‍ നല്‍കും. വയനാട് ജില്ലയിലെ ടൂറിസം മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നാം ഡോസ് നല്‍കികഴിഞ്ഞുവെന്നും മന്ത്രിമാര്‍ വിശദീകരിച്ചു. അടുത്ത ഘട്ടത്തില്‍ കുമരകവും മൂന്നാറുമായിരിക്കും തുറക്കുക. കുമരകത്തില്‍ ഇതിന്‍റെ ഭാഗമായ വാക്സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു.
ഒരു ജില്ലയില്‍ രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളെങ്കിലും ഉടന്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കോവിഡ് 19 വലിയ പ്രത്യാഘാതം സംസ്ഥാനത്തെ ടൂറിസം മേഖലയിലും അതുവഴി സംസ്ഥാനത്തിന്‍റെ വരുമാനത്തിലും സൃഷ്ടിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ദ്രുതഗതിയിലുള്ള നടപടികള്‍ കൈക്കൊള്ളുന്നത്.
നിലവില്‍ 34000 കോടി രൂപയുടെ നഷ്ടം കോവിഡ്-19 കേരളത്തിന്‍റെ ടൂറിസം മേഖലയില്‍ സൃഷ്ടിച്ചുവെന്നാണ് കണക്കാക്കുന്നത്. 15 ലക്ഷത്തോളം പേര്‍ ഈ മേഖലയെ ആശ്രയിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നു.