Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കിറ്റക്സിന്‍റെ പരാതി പരിശോധിക്കും; പരസ്യ പ്രസ്താവന അഭികാമ്യമല്ല: പി. രാജീവ്

മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധന നടത്തും

തിരുവനന്തപുരം: പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്സിന്‍റെ ചെയര്‍മാന്‍ ശ്രീ.സാബു ജേക്കബ് നടത്തിയ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് നേരിട്ട് ഇടപെട്ടിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ജൂണ്‍ 28 ന് തന്നെ കിറ്റക്സുമായി ബന്ധപ്പെട്ട് പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും കിറ്റക്സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും മന്ത്രി പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വ്യാവസായിക സമ്മേളനത്തില്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട 3500 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്നും പിന്‍മാറുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് കിറ്റക്സ് മാനേജിംഗ് ഡയറക്റ്റര്‍ സാബു ജേക്കബ്ബ് പറഞ്ഞത്. കിറ്റക്സില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തുടര്‍ച്ചയായി പരിശോധന നടത്തുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. 11 പരിശോധനകള്‍ 3 മാസത്തിനിടെ നടന്നുവെന്നും എന്നാല്‍ അവിഹിതമായതൊന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറയുന്നു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്ട്രേറ്റിന്‍റേയും പരിശോധനയാണ് നടന്നതെന്നുമാണ് വ്യവസായ സെക്രട്ടറി പരിധോധിച്ച് അറിയിച്ചതെന്ന് മന്ത്രി പറയുന്നു. വ്യവസായവകുപ്പിന്‍റെ പരിശോധനകളൊന്നും കിറ്റക്സില്‍ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കുമെന്നും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധന നടത്തുമെന്നും രാജീവ് അറിയിച്ചു. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

വ്യവസായ മന്ത്രിയായി ചുമതലയേറ്റ് 10 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫിക്കി, സി ഐ ഐ തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളുമായി യോഗം ചേരുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നുവെന്നും ആ യോഗത്തില്‍ കിറ്റക്സ് പ്രതിനിധികളും പങ്കെടുത്തിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉള്ളതായി അന്ന് ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനത്തില്‍ ധാരാളം സാധ്യതകള്‍ ഉള്ളപ്പോള്‍ അവ സര്‍ക്കാരിനെ നേരിട്ട് അറിയിക്കുന്നതാണ് ഉചിതമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായ തര്‍ക്ക പരിഹാരത്തിന് നിയമ പിന്‍ബലമുള്ള സംവിധാനം രൂപീകരിക്കാന്‍ ഈ സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തിട്ടുണ്ട്. എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുന്‍പേ സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും പി. രാജീവ് അഭ്യര്‍ത്ഥിച്ചു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം
Maintained By : Studio3