സിട്രോയെന്‍ സി5 എയര്‍ക്രോസ് ഇന്ത്യന്‍ വിപണിയില്‍!
ഡെല്‍ഹി എക്‌സ് ഷോറൂം വില 29.90 ലക്ഷം രൂപ മുതല്‍
സി5 എയര്‍ക്രോസ് എസ്‌യുവി പുറത്തിറക്കി സിട്രോയെന്‍ എന്ന ഫ്രഞ്ച് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രവേശിച്ചു. ഇന്ത്യയിലെ ആദ്യ സിട്രോയെന്‍ മോഡലാണ് സി5 എയര്‍ക്രോസ്. ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. ഫീല്‍ വകഭേദത്തിന്റെ സിംഗിള്‍ ടോണ്‍ വേരിയന്റിന് 29.90 ലക്ഷം രൂപയും ഡുവല്‍ ടോണ്‍ വേരിയന്റിന് 30.40 ലക്ഷം രൂപയുമാണ് വില. ഷൈന്‍ എന്ന ടോപ് സ്‌പെക് വകഭേദത്തിന്റെ സിംഗിള്‍ ടോണ്‍, ഡുവല്‍ ടോണ്‍ വകഭേദങ്ങള്‍ക്ക് ഒരേ വില നിശ്ചയിച്ചു. 31.90 ലക്ഷം രൂപ. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില. സികെഡി (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) രീതിയില്‍ എസ്‌യുവി ഇന്ത്യയില്‍ നിര്‍മിക്കുകയാണ്. തമിഴ്‌നാട്ടിലെ പ്ലാന്റിലാണ് തദ്ദേശീയമായി അസംബിള്‍ ചെയ്യുന്നത്. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. 50,000 രൂപയാണ് ബുക്കിംഗ് തുക.
മാറ്റ് ബ്ലാക്ക് ഫിനിഷ് സഹിതം സവിശേഷ സിട്രോയെന്‍ ഗ്രില്‍ ലഭിച്ചിരിക്കുന്നു. ബ്രാന്‍ഡ് എംബ്ലങ്ങള്‍ ക്രോമില്‍ തീര്‍ത്തു. സൈഡ് ബോഡി ക്ലാഡിംഗ്, വീല്‍ ആര്‍ച്ച് ക്ലാഡിംഗ് എന്നിവ കാണാം. പിറകില്‍ റഗഡ് ബംപര്‍ ലഭിച്ചു. സവിശേഷ എല്‍ഇഡി ട്രീറ്റ്‌മെന്റ് ലഭിച്ചതാണ് റാപ്പ്എറൗണ്ട് ടെയ്ല്‍ലൈറ്റുകള്‍.
18 ഇഞ്ച് ‘സ്വേള്‍’ ഡുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഹാലൊജന്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, 3ഡി എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പുറത്തെ റിയര്‍ വ്യൂ കണ്ണാടികളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, കോര്‍ണറിംഗ് ഫംഗ്ഷന്‍ സഹിതം മുന്നില്‍ ഫോഗ് ലാംപുകള്‍, പിറകില്‍ ഫോഗ് ലാംപുകള്‍, എല്‍ഇഡി സ്റ്റോപ്പ് ലാംപ് എന്നിവ ലഭിച്ചതാണ് ഫ്രഞ്ച് എസ്‌യുവിയുടെ ഫീല്‍ വേരിയന്റ്. അതേസമയം, ഷൈന്‍ വേരിയന്റില്‍ അധികമായി എല്‍ഇഡി വിഷന്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവ നല്‍കി.
‘മെട്രോപൊളിറ്റന്‍ ഗ്രേ’ ഇന്റീരിയര്‍ ലഭിച്ചതാണ് കാബിന്‍. ഗ്രേ ഗ്രെയ്ന്‍ഡ് ലെതര്‍, ഗ്രാഫൈറ്റ് ക്ലോത്ത് എന്നീ രണ്ട് അപോള്‍സ്റ്ററി ഓപ്ഷനുകളോടെ ‘അഡ്വാന്‍സ്ഡ് കംഫര്‍ട്ട് സീറ്റുകള്‍’ നല്‍കി. 12.3 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, അലോയ് ഫൂട്ട് പെഡലുകള്‍, ‘മിറര്‍ സ്‌ക്രീന്‍’ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. 6 സ്പീക്കറുകളോടെ ഓഡിയോ സിസ്റ്റം നല്‍കി.
വളരെയധികം ഇരിപ്പുസുഖം ലഭിക്കുന്നതിന് പ്രത്യേക ഫോം ഉപയോഗിച്ചതാണ് ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്. രണ്ടാം നിരയില്‍ പ്രത്യേകം പ്രത്യേകം ക്രമീകരിക്കാവുന്ന സീറ്റുകള്‍ സവിശേഷതയാണ്. അതുകൊണ്ടുതന്നെ റിക്ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താം. നൂതന കംഫര്‍ട്ട് സസ്‌പെന്‍ഷനാണ് സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ മറ്റൊരു പ്രധാന ഫീച്ചര്‍.
2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവി ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 175 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് മാത്രമാണ് ഏക ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. മുന്‍ ചക്രങ്ങളിലേക്ക് മാത്രമാണ് കരുത്ത് കൈമാറുന്നത്. ‘ഗ്രിപ്പ് കണ്‍ട്രോള്‍’ സഹിതം സ്‌നോ, ഓള്‍ ടെറെയ്ന്‍ ഉള്‍പ്പെടെ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ ലഭിച്ചു. ഒരു ലിറ്റര്‍ ഇന്ധനം ഉപയോഗിച്ച് 18.6 കിലോമീറ്റര്‍ സഞ്ചരിക്കാം.
ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ബ്ലിസ്), ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് കാമറ, ഐസോഫിക്‌സ് മൗണ്ടുകള്‍, ഓട്ടോമാറ്റിക് ഡോര്‍ അണ്‍ലോക്ക് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്. മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ജീപ്പ് കോംപസ്, ഫോക്‌സ്‌വാഗണ്‍ ടി റോക്, ഹ്യുണ്ടായ് ടൂസോണ്‍ എന്നിവയാണ് എതിരാളികള്‍.