ഗാല്‍വാന്‍ ഏറ്റുമുട്ടല്‍: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന
1 min readന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന. നാല് സൈനികര്‍മാത്രമാണ് മരിച്ചത് എന്നായിരുന്നു ഇതുവരെ ബെയ്ജിംഗ് അവകാശപ്പെട്ടിരുന്നത്. ഏറ്റുമുട്ടലിന്‍റെ പുതിയ വിവരങ്ങള്‍ നല്‍കിയത് സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ്. ചെന്‍ ഹോങ്ജുന്‍ ഉള്‍പ്പെടെ 2020 ല്‍ ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലില്‍ ചൈനീസ് ഉദ്യോഗസ്ഥരും സൈനികരും എങ്ങനെ ഇന്ത്യയെ പ്രതിരോധിച്ചുവെന്നതിന്‍റെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഗ്ലോബല്‍ ടൈംസിലും വാര്‍ത്ത വന്നിരുന്നു.
ബറ്റാലിയന്‍ കമാന്‍ഡറായിരുന്ന 33-കാരനായ ചെന്‍ ഹോങ്ജുന്‍ 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയുമായുള്ള മുന്നണി പ്രതിരോധ പോരാട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സിന്‍ജിയാങ് മിലിട്ടറി കമാന്‍ഡിനൊപ്പം നിലയുറപ്പിച്ചിരുന്ന മറ്റ് നാലുപേരും കൊല്ലപ്പെട്ടു. ‘ഇന്ത്യന്‍ ആര്‍മിയിലെ ഒരു ബറ്റാലിയന്‍റെ കമാന്‍ഡിംഗ് ഓഫീസറുടെ അതേ റാങ്കാണ് ചൈനയിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഏറ്റുമുട്ടലില്‍ നാല് പിഎല്‍എ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ആദ്യമായി സമ്മതിച്ചിരുന്നു.
ഇന്ത്യയും ചൈനയും പാംഗോംഗ് സോയുടെ തെക്ക്, വടക്കന്‍ തീരങ്ങളില്‍ നിന്ന് പിന്‍മാറുന്ന സമയത്താണ് ഇക്കാര്യം അംഗീകരിച്ചത്. എന്നിരുന്നാലും, ചൈന ഔദ്യോഗികമായി അംഗീകരിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ് അവരുടെ മരണസംഖ്യ എന്ന് ഇന്ത്യന്‍ പ്രതിരോധ, സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയുമായുള്ള വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ക്കിടെ, ചൈനീസ് ഉദ്യോഗസ്ഥര്‍ – ഗാല്‍വാന്‍ ഏറ്റുമുട്ടല്‍ മരണങ്ങള്‍ സംബന്ധിച്ച് പരസ്പരവിരുദ്ധമായ കണക്കുകള്‍ നല്‍കിയിട്ടുണ്ടെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. അനൗപചാരികമായി പങ്കിട്ട കണക്കുകള്‍, പ്രത്യേകിച്ചും ഡയലോഗ് സെഷനുകളിലെ ബ്രേക്ക്ടൈം സംഭാഷണങ്ങളില്‍, അഞ്ച് മുതല്‍ 14 വരെ മരണങ്ങളില്‍ വ്യത്യാസമുണ്ട്. ഗാല്‍വാല്‍ വാലിയില്‍ ശക്തിപ്പെടുത്തല്‍ വേണ്ടത് ചൈനക്കായിരുന്നു. ഇന്ത്യയുടെ തിരിച്ചടി അവര്‍ പ്രതീക്ഷിച്ചതിലൂം വലുതായിരുന്നു. ഇക്കാരണത്താലാണ് ചിലമേഖലകളില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായത് എന്നതാണ് യാഥാര്‍ത്ഥ്യം. കാലാവസ്ഥയും പിഎല്‍എക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചൈനീസ് മാധ്യമങ്ങളും ഇതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു.ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ ഇന്ത്യക്ക് 20 സൈനികരെയാണ് നഷ്ടമായത്.