വിജ്ഞാപനം പുറത്തിറങ്ങി : എസി-കള്‍ക്കും എല്‍ഇഡി-കള്‍ക്കും പിഎല്‍ഐ സ്കീം
1 min readകാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു ഉന്നതാധികാര സംഘം പിഎല്‍ഐ പദ്ധതി നിരീക്ഷിക്കും
ന്യൂഡെല്‍ഹി: എസി, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയ്ക്കുള്ള പിഎല്‍ഐ പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കോപ്പര്‍ ട്യൂബുകള്‍, അലുമിനിയം ഫോയില്‍, കംപ്രസ്സര്‍, എല്‍ഇഡി ചിപ്പ് പാക്കേജിംഗ്, റെസിസ്റ്ററുകള്‍, ഐസികള്‍, ഫ്യൂസുകള്‍ എന്നിവയുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇന്‍സെന്‍റിവ് നല്‍കുന്നതിന് കമ്പനികളെ തെരഞ്ഞെടുക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ഫിനിഷ്ഡ് ചരക്കുകളുടെ അസംബ്ലി മാത്രമായി ചെയ്യുന്നതിന് സ്കീമിനു കീഴില്‍ പ്രോത്സാഹനം ലഭ്യമാകില്ല. അടിസ്ഥാന / പ്രധാന ഘടകങ്ങളില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന ലഭിക്കുമെന്നും വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) വ്യക്തമാക്കി. 6,238 കോടി രൂപയുടെ പദ്ധതിയിലൂടെ വില്‍പ്പന വര്‍ധനയ്ക്ക് 4-6 ശതമാനം ഇന്‍സെന്‍റിവ് ആണ് നല്‍കുക.
നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ 2028-29 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പാക്കുന്നത്.
എസി ഘടകങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ചുരുങ്ങിയ ഇന്‍ക്രിമെന്‍റ് നിക്ഷേപം 150 കോടി രൂപയും സാധാരണ നിക്ഷേപങ്ങള്‍ക്കുള്ള ചുരുങ്ങിയ ഇന്‍ക്രിമെന്‍റ് നിക്ഷേപം 50 കോടി രൂപയുമാണ്. എല്‍ഇഡി ലൈറ്റുകളുടെ മുഖ്യ ഘടകങ്ങള്‍ക്കായുള്ള വലിയ നിക്ഷേപത്തിന് ചുരുങ്ങിയത് 100 കോടി രൂപയും സാധാരണ നിക്ഷേപത്തിന് ചുരുങ്ങിയത് 20 കോടി രൂപയുമാണ് ഇന്‍ക്രിമെന്‍റ് നിക്ഷേപമായി നല്‍കുക.
ഈ മാസം ആദ്യമാണ് വൈറ്റ് ഗുഡ്സ്- എയര്‍കണ്ടീഷണറുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയ്ക്കുള്ള പിഎല്‍ഐ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വൈറ്റ് ഗുഡ്സ് നിര്‍മാണത്തില്‍ വലിയ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള സാമ്പത്തിക പ്രോത്സാഹനം പിഎല്‍ഐ സ്കീം നിര്‍ദ്ദേശിക്കുന്നു. മേഖലയിലെ വെല്ലുവിളികള്‍ നീക്കം ചെയ്യുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ഘടകഭാഗങ്ങളുടെ നിര്‍മാണം ശക്തമാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.
വിജ്ഞാപന പ്രകാരം, കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു ഉന്നതാധികാര സംഘം പിഎല്‍ഐ പദ്ധതി നിരീക്ഷിക്കുകയും സ്കീമിന് കീഴിലുള്ള വിതരണത്തെ കുറിച്ച് കൃത്യമായ ഇടവേളകളില്‍ അവലോകനം നടത്തുകയും ചെയ്യും.