November 3, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒമാനിലെ ബാങ്ക് മസ്‌കറ്റിന്റെ ത്രൈമാസ അറ്റാദായത്തില്‍ 41.8 ശതമാനം വര്‍ധന

1 min read

ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ 47.15 ദശലക്ഷം ഒമാന്‍ റിയാലാണ് അറ്റാദായമായി ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്

മസ്‌കറ്റ് :ഒമാനിലെ പ്രമുഖ ബാങ്കായ ബാങ്ക് മസ്‌കറ്റ് ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിട്ടു. മാര്‍ച്ച് 31ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ 47.15 ദശലക്ഷം ഒമാന്‍ റിയാലാണ് ബാങ്ക് അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020ലെ ഇതേ കാലയളവില്‍ 33.25 ദശലക്ഷം റിയാലായിരുന്നു ബാങ്ക് മസ്‌കറ്റിന്റെ അറ്റാദായം. ഒരു വര്‍ഷത്തിനിടെ അറ്റാദായത്തില്‍ 41.8 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാര ചാര്‍ജ് കുറഞ്ഞതാണ് ലാഭം ഉയരാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

  കേരളത്തിലെ ആദ്യത്തെ സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനി ടെക്നോസിറ്റിയില്‍

അവസാന പാദത്തിലെ പരമ്പരാഗത ബാങ്കിംഗിലൂടെയും ഇസ്ലാമിക് ബാങ്കിംഗിലൂടെയുമുള്ള അറ്റ പലിശ വരുമാനം 83.74 ദശലക്ഷം റിയാലാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 81.23 ദശലക്ഷം റിയാല്‍ ആയിരുന്നു. പലിശ വരുമാനത്തില്‍ ഏതാണ്ട് 3.1 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനിച്ച മൂന്നുമാസങ്ങളിലെ പലിശ- ഇതര വരുമാനം 37.68 ദശലക്ഷം റിയാല്‍ ആണ്. മുന്‍വര്‍ഷം ഇതേ കാലയളവിലെ പലിശ ഇതര വരുമാനം 34.39 ദശലക്ഷം റിയാല്‍ ആയിരുന്നു. പലിശ-ഇതര വരുമാനത്തില്‍ 9.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച അവസാന മൂന്ന് മാസങ്ങളിലെ പ്രവര്‍ത്തനച്ചിലവുകള്‍ 47.11 ദശലക്ഷം റിയാല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ചിലവ് 50.60 ദശലക്ഷം റിയാല്‍ ആയിരുന്നു. പകര്‍ച്ചവ്യാധിക്കാലത്തെ ചിലവ് ചുരുക്കല്‍ നടപടികളിലൂടെ ചിലവുകളില്‍ 6.9 ശതമാനം കുറവ് വരുത്താന്‍ ബാങ്കിനായി. വായ്പകളിലൂടെയും അല്ലാതെയുമുള്ള നഷ്ടം കണക്കാക്കിയുള്ള നീക്കിയിരുപ്പ് 2021ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 18.08 ദശലക്ഷം റിയാല്‍ ആയിരുന്നു. മുന്‍വര്‍ഷം ഇത് 25.73 ദശലക്ഷം ഒമാന്‍ റിയാല്‍ ആയിരുന്നു. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെയും എണ്ണവിലയിടിവിന്റെയും പശ്ചാത്തലത്തില്‍ 2020 ആദ്യപാദത്തില്‍ ബാങ്ക് എടുത്ത മുന്‍ കരുതല്‍ നടപടികളാണ് നഷ്ടപരിഹാര നീക്കിയിരുപ്പ് കുറയ്ക്കാന്‍ സഹായിച്ചത്. മാക്രോ-ഇക്കോണമിക്, ബിസിനസ് സാഹചര്യങ്ങളിലുള്ള വെല്ലുവിളികളെ കുറിച്ചും അവയുടെ ആഘാതത്തെ കുറിച്ചും തികഞ്ഞ ജാഗ്രതയാണ് ബാങ്കിന് ഇപ്പോഴുമുള്ളത്.

  ജിടെക് മാരത്തണ്‍-2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില്‍

ബാങ്ക് മസ്‌കറ്റിലെ വായ്പകളും അഡ്വാന്‍സുകളും ഇസ്ലാമിക് ധനകാര്യ ഇടപാടുകളും 2.2 ശതമാനം വര്‍ധിച്ച് 9,278 ദശലക്ഷം ഒമാന്‍ റിയാല്‍ മൂല്യത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,076 ദശലക്ഷം റിയാലിന്റെ വായ്പകളും അഡ്വാന്‍സുകളുമാണ് ബാങ്കിലുണ്ടായിരുന്നത്. അതേസമയം ഉപഭോക്താക്കളുടെ നിക്ഷേപങ്ങളും 2.1 ശതമാനം വര്‍ധിച്ച് 8,446 ദശലക്ഷം ഒമാന്‍ റിയാല്‍ മൂല്യത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8,269 ഒമാന്‍ റിയാലിന്റെ നിക്ഷേപമാണ് ബാങ്കിലുണ്ടായിരുന്നത്. ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തിന് ശേഷം ഏപ്രില്‍ അവസാനത്തോടെ വിശദമായ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിടും.

  ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്സ് ഐപിഒ
Maintained By : Studio3