യെദിയൂരപ്പ രാജി സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വെള്ളിയാഴ്ച വൈകിട്ട് നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം അനാരോഗ്യത്തെത്തുടര്‍ന്ന് രാജിവാഗ്ദാനം നല്‍കിയതെന്നാണ് സൂചന. ഇത് അംഗീകരിക്കണോ എന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം തീരുമാനിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം പാര്‍ട്ടി കൈക്കൊണ്ടാല്‍ ജൂലൈ 26 നകം നേതൃമാറ്റത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഇതുവരെ ഇതുവരെ ഒരു പിന്‍ഗാമിയെക്കുറിച്ച് വ്യക്തതയില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ബിജെപി നേതൃത്വവുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി മകള്‍ വിജയേന്ദ്രയ്ക്കൊപ്പം ചാര്‍ട്ടേഡ് വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് പോയ യെദിയൂരപ്പ കര്‍ണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കിയിരുന്നു.
‘നേതൃമാറ്റത്തെക്കുറിച്ചുള്ള ഒരു വാര്‍ത്തയും എനിക്കറിയില്ല, അതി നിങ്ങള്‍ എന്നോട് പറയൂ’ എന്നായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യെദിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്. 78 കാരനായ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ ബെംഗളൂരു പെരിഫറല്‍ റിംഗ് റോഡ് പദ്ധതിയുള്‍പ്പടെ നിരവധി വികസന പദ്ധകള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി പറയുന്നു.
ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. 2023 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹത്തിന്‍റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ പാര്‍ട്ടിക്കുള്ളിലെ പ്രക്ഷുബ്ധതയുടെ ലക്ഷണങ്ങള്‍ എന്നത്തേക്കാളും ശക്തമാണ്. നിരവധി നേതാക്കള്‍ മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുകയും ഉന്നത നേതൃത്വത്തിന്‍റെ നിയന്ത്രണമില്ലാതെ പോകുകയും ചെയ്ത കര്‍ണാടക ബിജെപിയില്‍ മാസങ്ങളായി ഭിന്നത നിലനില്‍ക്കുന്നു. അച്ചടക്കനടപടിയുടെ മുന്നറിയിപ്പുകള്‍ നിരാകരിച്ച്, അസംതൃപ്തരായ ബിജെപി നേതാക്കളായ വിജയപുര സിറ്റി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍, ടൂറിസം മന്ത്രി സി പി യോഗേശ്വര്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം എ എച്ച് വിശ്വനാഥ് എന്നിവര്‍ യെദ്യൂരപ്പയെ നിരന്തരം ആക്രമിക്കുന്നു. തുടര്‍ന്ന് എംഎല്‍എമാരില്‍ നിന്ന് ഫീഡ്ബാക്ക് എടുക്കാന്‍ ബിജെപി ഒരു ടീമിനെ കര്‍ണാടകയിലേക്ക് അയച്ചിരുന്നു.
യോഗങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിക്ക് പാര്‍ട്ടി നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്ന് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള അരുണ്‍ സിംഗ് പ്രഖ്യാപിക്കുകയും ചെയ്തു. യെദിയൂരപ്പയും സര്‍ക്കാരും മികച്ച പ്രവര്‍ത്തനം നടത്തിവരികയാണെന്നും പറഞ്ഞു.
എന്തെങ്കിലും ധാരണ പാര്‍ട്ടിനേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ അത് കുറച്ചുകാലത്തേക്കുമാത്രമായിരുന്നു. കാരണം അടുത്ത ആഴ്ചകളില്‍, വിമതര്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് പുനരാരംഭിച്ചു. വിമതരെ ഉള്‍ക്കൊള്ളാന്‍ മന്ത്രിസഭാ വിപുലീകരണത്തിനുള്ള സാധ്യതയും യെദിയൂരപ്പയും ബിജെപി നേതൃത്വവും പരിശോധിച്ചിരുന്നു.