Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിജെപി കൊങ്കുനാടിനുവേണ്ടി വാദിക്കുന്നില്ല: അണ്ണാമലൈ

ചെന്നൈ: ബിജെപി പ്രത്യേക കൊങ്കുനാടിന് വേണ്ടി വാദിക്കുന്നില്ലെന്നും ഇത്തരമൊരു പ്രമേയം പാസാക്കിയ സംസ്ഥാനത്തിന്‍റെ പടിഞ്ഞാറന്‍ ജില്ലകളിലെ പാര്‍ട്ടി നേതാക്കളോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും ബിജെപിയുടെ തമിഴ്നാട് പ്രസിഡന്‍റ് കെ അണ്ണാമലൈ പറഞ്ഞു. സംസ്ഥാന ആസ്ഥാനമായ കമലാലയത്തില്‍ സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാടിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള കോങ്കുനാട് പ്രദേശത്ത് പൊള്ളാച്ചി, നാമക്കല്‍, ധാരാപുരം, തിരുചെങ്ങോട്, ഈറോഡ്, പളനി, കരൂര്‍, സേലം, നീലഗിരി, അവിനാശി, സത്യമംഗലം, ധര്‍മ്മപുരി, കോയമ്പത്തൂര്‍, ഉദുമലൈപേട്ട് ജില്ലകള്‍ ഉള്‍പ്പെടുത്തി കൊങ്കുനാട് സ്ഥാപിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അത് ഒരു കേന്ദ്രഭരണപ്രദേശമോ, സ്വയംഭരണപ്രദേശമോ ആകണം. ഇതിനെതിരെയാണ് അണ്ണാമലൈയുടെ പ്രസ്താവന.

കര്‍ണാടക കേഡറില്‍ നിന്നുള്ള മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ, കാവേരി നദിക്ക് കുറുകെ മെക്കഡാറ്റു ഡാം നിര്‍മ്മിക്കുന്നതിനെ ബിജെപിയുടെ തമിഴ്നാട് യൂണിറ്റ് പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും പറഞ്ഞു.
നീറ്റ് തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി കൊണ്ടുവരുമെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി പാര്‍ട്ടി സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന എല്‍ മുരുഗന്‍ കേന്ദ്രമന്ത്രി സഭയില്‍ അംഗമായശേഷമാണ് അണ്ണാമലൈ നിയമിതനായത്. തമിഴ്നാടിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി ചടങ്ങില്‍ പങ്കെടുത്തു.

Maintained By : Studio3