ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?
1 min readഇന്ത്യയില്‍ കോവിഡ്-19 രോഗികളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു
രാജ്യത്ത് കോവിഡ്-19 കേസുകള്‍ കുത്തനെ ഉയരവെ ആശങ്ക ഇരട്ടിപ്പിച്ച് കൊണ്ട് അപൂര്‍വ്വ രോഗമായ ബ്ലാക്ക് ഫംഗസ് കേസുകളും വര്‍ധിക്കുന്നു. കോവിഡ്-19 രോഗികളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നുവെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഫംഗസ് രോഗമായ ബ്ലാക്ക് ഫംഗസ് മ്യൂകോര്‍മൈകോസിസ് എന്നാണ് വൈദ്യശാസ്ത്രലോകത്ത് അറിയപ്പെടുന്നത്. ഇതിനോടകം ഇന്ത്യയില്‍ ഇരുന്നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ വളരെ സങ്കീര്‍ണമായ ഗുരുതര ആരോഗ്യപ്രശ്‌നമായാണ് മ്യൂകോര്‍മൈകോസിസ് കണക്കാക്കപ്പെടുന്നത്. കോവിഡ്-19 രോഗമുക്തരായവരെയും ഈ രോഗം ബാധിച്ചേക്കാം. ശ്രദ്ധിക്കപ്പെടാതെ പോയാല്‍ ബ്ലാക്ക് ഫംഗസ് ജീവനേടുക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് ഐസിഎംഐറിന്റെ മുന്നറിയിപ്പ്. വായുവില്‍ കാണപ്പെടുന്ന മ്യൂകോര്‍മൈസെറ്റ്‌സ് എന്ന സൂക്ഷ്മാണുക്കളാണ് ഈ രോഗത്തിന് കാരണം. ഇവയടങ്ങിയ വായു ശ്വസിക്കുമ്പോള്‍ രോഗബാധിതരായിട്ടുള്ളവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇവ പിന്നീട് സൈനസ് കാവിറ്റികളിലേക്കും ശ്വാസകോശത്തിലേക്കും നെഞ്ചിനുള്ളിലെ കാവിറ്റികളിലേക്കും പടരാം. എന്നാല്‍ ബ്ലാക്ക് ഫംഗസും കോവിഡ്-19നും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നിരുന്നാലും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയിഡുകള്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ തുടങ്ങിയ കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് അനുമാനം.
ഫംഗസ് സൈനസ് കാവിറ്റിയെയും നാഡികളെയും ആക്രമിക്കുന്നത് മൂലം അനുഭവപ്പെടുന്ന തുടര്‍ച്ചയായ തലവേദന, കാഴ്ചപ്രശ്‌നങ്ങള്‍, കണ്ണിന് ചുറ്റും നീര്, കണ്ണിനുള്ളില്‍ രക്തം കട്ടിയായി കിടക്കുക, ശരീരത്തില്‍ നീര്, കവിളുകളിലെ എല്ലില്‍ വേദന, മുഖത്ത് ഒരു ഭാഗത്തായി വേദന, മരവിപ്പ് എന്നിവ ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാകാം. നീരിന് പുറമേ ത്വക്കില്‍ ചെറിയ മുഴകളോ തൊലി അടര്‍ന്നുപോകലോ ഉണ്ടായെന്ന് വരാം. തലച്ചോറിനെ ബാധിച്ചാല്‍ മറവി, ഡെലിറിയം, നാഡീസംബന്ധമായ തകരാറുകള്‍, മാനസികമായ പ്രശ്‌നങ്ങള്‍ എന്നിവയും കണ്ടെന്ന് വരാം. മുഖത്തിനുണ്ടാകുന്ന രൂപമാറ്റം ബ്ലാക്ക് ഫംഗസിന്റെ ആരംഭലക്ഷണമാണ്. രോഗം ഗുരുതരമാകുമ്പോള്‍ കണ്ണിനും മൂക്കിനും ചുറ്റുമായി കറുത്ത പാടുകള്‍ കണ്ടെന്ന് വരാം.