Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രതിരോധ മന്ത്രാലയം വികസിപ്പിച്ച 2-DGയെന്നകോവിഡ് മരുന്നിന്റെ പ്രവര്‍ത്തനം ഏങ്ങനെ?

1 min read

ഈ മരുന്ന് ഉപയോഗിച്ചാല്‍ രോഗികള്‍ക്ക് കൂടുതല്‍ സമയം ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കേണ്ടി വരില്ലെന്നും പെട്ടന്ന് രോഗമുക്തി കൈവരിക്കാമെന്നുമാണ് പരീക്ഷണങ്ങള്‍ തെളിയി്ക്കുന്നത്

ന്യൂഡെല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ്-19 മരുന്നായ 2-DG രോഗികള്‍ക്ക് വലിയ നേട്ടമാകുമെന്ന് പ്രതിരോധ മന്ത്രാലയം. മിതമായ തോതിലും ഗുരുതരമായും കോവിഡ്-19 ബാധിച്ച രോഗികളില്‍ ഉപയോഗിക്കുന്നതിനായി ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി ചേര്‍ന്നാണ് പ്രതിരോധ മന്ത്രാലയം ഈ മരുന്ന് വികസിപ്പിച്ചത്. ഈ മരുന്ന് ഉപയോഗിക്കുമ്പോള്‍ രോഗികള്‍ക്ക് പുറത്ത് നിന്ന് നല്‍കുന്ന ഓക്‌സിജന്‍ സപ്പോര്‍ട്ട് ദീര്‍ഘനേരം ആവശ്യമായി വരില്ലെന്നും പെട്ടന്നുള്ള രോഗമുക്തി സാധ്യമാകുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. വെള്ളത്തില്‍ അലിയിപ്പിച്ച് കഴിക്കാവുന്ന പൗഡര്‍ രൂപത്തിലുള്ള ഈ മരുന്ന് ഗ്ലൂക്കോസിന് സമാനമായ ചിലവ് കുറഞ്ഞ ജനറിക്  തന്മാത്രകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ വളരെ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാനാകുമെന്നതാണ് മറ്റൊരു ഗുണം. ഒരു കവര്‍

2-DGക്ക് 500 രൂപ മുതല്‍ 600 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് എന്ന 2-DGക്ക് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ഡ്രഗ് റെഗുലേറ്റര്‍ അംഗീകാരം നല്‍കിയത്. കോവിഡ്-19 രോഗികളില്‍ അനബന്ധ ചികിത്സ എന്ന നിലയിലാണ് ഇത് ഉപയോഗിക്കുക. അതായത് നിലവിലുള്ള മറ്റ് ചികിത്സാരീതികള്‍ക്കൊപ്പമാണ് ഈ മരുന്ന് ഉപയോഗിക്കേണ്ടത്. ശരീരത്തിലെ വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞുകൂടി പകര്‍പ്പുകളുണ്ടാക്കുന്നതില്‍ നിന്നും വൈറസിനെ തടയുകയാണ് ഈ മരുന്ന് ചെയ്യുന്നത്. കോവിഡ്-19 രോഗികള്‍ വലിയ രീതിയിലുള്ള ഗുണമാണ് ഈ മരുന്നിലൂടെ ലഭ്യമാകുകയെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നു.

കാന്‍സറിനുള്ള മരുന്ന്

കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നായി 2-DG ഉപയോഗിക്കുന്നതിലെ സാധ്യത സംബന്ധിച്ച് നേരത്തെ തന്നെ മറ്റ് പല രാജ്യങ്ങളിലും പഠനം നടത്തുന്നുണ്ട്. കാന്‍സര്‍ കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് തന്മാത്രകളുടെ വിതരണം തടസ്സപ്പെടുത്തി അവയെ നശിപ്പിക്കാനുള്ള 2-DGയുടെ കഴിവാണ് ഗവേഷകര്‍ പഠനവിധേയമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ശരീര കോശങ്ങളിലെ SARS-CoV-2 വൈറസ് വ്യാപനം തടയാനും 2-DGക്ക് കഴിവുണ്ടെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഡിആര്‍ഡിഒ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കോവിഡ് ചികിത്സയ്ക്ക് 2-DG ഫലപ്രദമാണെന്ന കണ്ടെത്തല്‍ ഉണ്ടാകുന്നത്.

മറ്റ് ചികിത്സകളേക്കാള്‍ ഫലപ്രദം

ഇന്ത്യയില്‍ നിന്നുള്ള 220ഓളം രോഗികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മൂന്നാംഘട്ട പരീക്ഷണം ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് പെട്ടന്ന് രോഗമുക്തി കൈവരിക്കാനും പുറത്തുനിന്നുള്ള ഓക്‌സിജന്‍ സപ്പോര്‍ട്ടിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും 2-DG ഫലപ്രദമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഈ മരുന്ന് നല്‍കിയ എല്ലാ പ്രായത്തിലുമുള്ള ഭൂരിഭാഗം രോഗികളുടെയും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി പ്രകടമായതായി പഠനത്തില്‍ കണ്ടെത്തി. മാത്രമല്ല മരുന്ന് നല്‍കി മൂന്നാമത്തെ ദിവസം ഇവര്‍ക്ക് നല്‍കിയ ഓക്‌സിജന്‍ സപ്പോര്‍ട്ട് പിന്‍വലിക്കാന്‍ കഴിഞ്ഞതായും പഠനം അവകാശപ്പെട്ടു. സാധാരണ രീതിയിലുള്ള ചികിത്സ ലഭ്യമാക്കുന്ന 31 ശതമാനം രോഗികളിലാണ് മരുന്ന് ലഭ്യമാക്കി മൂന്നാംദിവസത്തോടെ ഓക്‌സിജന്‍ സപ്പോര്‍ട്ട് പിന്‍വലിക്കാനാകുന്നത്. എന്നാല്‍ 2-DG ഉപയോഗിച്ചപ്പോള്‍ 42 ശതമാനം രോഗികള്‍ മൂന്നാംദിവസത്തോടെ ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉപേക്ഷിച്ചു. മാത്രമല്ല, മറ്റ് ചികിത്സകള്‍ ലഭിക്കുന്നവരെ അപേക്ഷിച്ച് പുതിയ മരുന്ന് നല്‍കിയവര്‍ക്ക് രണ്ടര ദിവസം മുമ്പ് തന്നെ രോഗ ലക്ഷണങ്ങള്‍ മാറിയതായും പഠനം പറയുന്നു.

ഗ്ലൂക്കോസിന് സമാനം

ഗ്ലൂക്കോസിന് സമാനമായാണ് 2-DG ശരീരത്തിലുടനീളം വ്യാപിക്കുന്നതും വൈറസ് ബാധിത കോശങ്ങളില്‍ പ്രവേശിക്കുന്നതും. വൈറസ് സങ്കലനങ്ങള്‍ തടഞ്ഞും പ്രോട്ടീനിലെ ഊര്‍ജോല്‍പ്പാദനം നശിപ്പിച്ചുമാണ് ഈ മരുന്ന് കോശങ്ങളിലെ വൈറസ് വളര്‍ച്ച ഇല്ലാതാക്കുന്നത്. ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്ന വൈറസ് ബാധ തടയാനും അങ്ങനെ രോഗിയുടെ പുറത്ത് നിന്നുള്ള ഓക്‌സിജന്‍ സപ്പോര്‍ട്ടിലുള്ള ആശ്രിതത്വം കുറയ്ക്കാനും ഈ മരുന്നിനാകും. വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനും ആശുപത്രി വാസം കുറയ്ക്കാനും 2-DG ഉപയോഗം നിര്‍ണായകമാകുമെന്നാണ് കരുതുന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. ആദ്യ ബാച്ച് 2-DG മരുന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ. ജീ സതീഷ് റെഡ്ഡി പറഞ്ഞു. എന്നാല്‍ ഇത് വളരെ കുറച്ച് മാത്രമായിരിക്കും. കൂടുതല്‍ അളവില്‍ മരുന്ന് വിപണിയില്‍ എത്തിക്കാന്‍ മൂന്നാഴ്ചയോളം സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Maintained By : Studio3