January 5, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ ആകൃഷ്ടരായി ഫ്രഞ്ച് ടൂറിസ്റ്റ് സംഘം; നിര്‍ദ്ദിഷ്ട സര്‍ഫിംഗ് സ്കൂളിന് പിന്തുണ നല്‍കും

1 min read

തിരുവനന്തപുരം: സംഘാടനമികവ്, പരിപാടികളിലെ വൈവിദ്ധ്യം എന്നിവ കൊണ്ട് മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റെന്ന് ഫ്രഞ്ച് ടൂറിസ്റ്റ് സംഘം. സംസ്ഥാന ടൂറിസം-പൊതുമരാമത്ത് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസിനെ സന്ദര്‍ശിച്ച സംഘം ജലവിനോദ മേഖലയില്‍ പിന്തുണയും വാഗ്ദാനം ചെയ്തു.

ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിദ്ധ്യം കൊണ്ടും ആദ്യ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്ന് ശ്രീ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ജലവിനോദങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തും. ബേപ്പൂരില്‍ ടൂറിസം വകുപ്പിന്‍റെ കീഴില്‍ സര്‍ഫിംഗ് (തിരമാലകളുടെ മുകളിലൂടെ പലകയില്‍ നിന്നുള്ള യാത്ര) സ്കൂള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലേക്ക് ഫ്രഞ്ച് ടൂറിസ്റ്റ് സംഘം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

  വീഗാലാന്‍ഡ് ഡവലപ്പേഴ്സ് ഐപിഒയ്ക്ക്

ഫ്രാന്‍സിലെ കായിക പട്ടം പറത്തല്‍ വിദഗ്ധനായ മാക്സിം ഡേവിഡ്, അദ്ദേഹത്തിന്‍റെ ഭാര്യ കാറ്റിയ സെന്‍, മാരി പിയേരി എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്. ആഗോള പട്ടം പറത്തല്‍ കായിക മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് സംഘം മന്ത്രിയെ അറിയിച്ചു. നിര്‍ദ്ദിഷ്ട സര്‍ഫിംഗ് സ്കൂളിന്‍റെ ഭാഗമായി ഈയിനം കൂടി ഉള്‍പ്പെടുത്തിയാല്‍ എല്ലാ വിധ പിന്തുണയും സംഘം വാഗ്ദാനം ചെയ്തു.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ മാതൃകയില്‍ പ്രാദേശിക ആഘോഷങ്ങള്‍ക്ക് ആഗോളപ്രതിച്ഛായ നല്‍കിയാല്‍ കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ പുതിയ ടൂറിസം ഉത്പന്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ടൂറിസം വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. വേണു വി അഭിപ്രായപ്പെട്ടു. അതത് നാട്ടിലെ തനത് സാംസ്ക്കാരിക പ്രത്യേകതകള്‍ ഇതിനായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

  പെട്രോകെമിക്കല്‍ കോണ്‍ക്ലേവ് സംസ്ഥാനത്തിന്റെ ഈ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടും

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് മാതൃകയില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ ജില്ലയിലെയും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ ശ്രമിക്കണമെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ വി ആര്‍ കൃഷ്ണതേജ പറഞ്ഞു. മികച്ച ശുപാര്‍ശകള്‍ നടപ്പില്‍ വരുത്താനും അവയ്ക്ക് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രചാരം നല്‍കാനും കേരള ടൂറിസം എല്ലാവിധ സഹകരണങ്ങളും നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ തന്നെ ഏറ്റവും പൗരാണികമായ തുറമുഖങ്ങളിലൊന്നായ ബേപ്പൂരിന്‍റെ ടൂറിസം സാധ്യതകള്‍ ലോകമെമ്പാടും പരിചയപ്പെടുത്തുന്നതിനും അതിനെ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. കൂടാതെ മലബാറിന്‍റെ സാംസ്ക്കാരിക തനിമയും പൈതൃകവും ടൂറിസത്തിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം കൂടിയായിരുന്നു ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്. എന്നാല്‍ അവധിക്കാലത്തിന്‍റെ പശ്ചാത്തലത്തില്‍ കേവലം മലബാറിലെ മാത്രമല്ല, രാജ്യത്തിന്‍റെ വിവിധ ഭാഗത്തുനിന്നും വിദേശങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ ഫെസ്റ്റ് ആസ്വദിക്കാനെത്തി.

  ഐസിഐസിഐ പ്രു വെല്‍ത്ത് ഫോറെവര്‍ ഇന്‍ഷുറന്‍സ്

പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ മലയാളി കമാന്‍ഡര്‍(റിട്ട.) അഭിലാഷ് ടോമി ഒരുക്കിയ ജലമത്സരങ്ങള്‍, സൈക്കിള്‍ റൈഡ്, ഭക്ഷ്യമേള, ദേശീയ പട്ടം പറത്തല്‍ മത്സരം എന്നിവയും ഏറെ ജനപ്രീതി പിടിച്ചു പറ്റി. പത്തോളം വേദികളിലായാണ് ആഘോഷപരിപാടികള്‍ നടന്നത്. കയാക്കിംഗ്, പാഡില്‍ റേസ്, പ്രദര്‍ശന വള്ളങ്ങള്‍, ബോട്ട് റേസിംഗ്, നാവികസേനയുടെ ബാന്‍ഡ് പ്രദര്‍ശനം, നാവികസേനാകപ്പല്‍ സന്ദര്‍ശിക്കാനുള്ള അവസരം മുതലായവ വാട്ടര്‍ ഫെസ്റ്റിന്‍റെ സവിശേഷതകളായിരുന്നു.

Maintained By : Studio3