വ്യോമയാനം : ഭിന്നശേഷിക്കാരായ യാത്രികരുടെ സഹായത്തിന് ഐഎടിഎ-യുടെ കര്‍മസമിതി
ന്യൂഡെല്‍ഹി: ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി വീല്‍ചെയറുകള്‍ ഉള്‍പ്പെടെയുള്ള മൊബിലിറ്റി എയ്ഡുകള്‍ ലഭ്യമാക്കുന്നത് മെച്ചപ്പെടുത്തുന്നതിനും ഇത്തരം യാത്രക്കാരുടെ യാത്രയിലെ വെല്ലുവിളികള്‍ പരിശോധിക്കുന്നതിനും ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) ഒരു ആഗോള മൊബിലിറ്റി എയ്ഡ്സ് ആക്ഷന്‍ ഗ്രൂപ്പ് ആരംഭിച്ചു. ആഗോള തലത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ കര്‍മസമിതിയാണിത്.
വ്യോമയാന യാത്രികരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഇത്തരം നീക്കങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നാണ് അയാട്ട കരുതുന്നത്. കൂടുതല്‍ പേര്‍ക്ക് വിമാനയാത്ര സുഗമവും സാധ്യവുമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും സംഘടന പറയുന്നു.
മൊബിലിറ്റി എയ്ഡുകള്‍ കൈകാര്യം ചെയ്യുന്നതും കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നയം, പ്രക്രിയ, മാനദണ്ഡങ്ങള്‍ എന്നിവ തയാറാക്കുന്നതുമായി ബന്ധപ്പെട്ട്, വിമാനക്കമ്പനികള്‍ക്കും മറ്റ് പങ്കാളികള്‍ക്കും സമിതി ഉപദേശവും ശുപാര്‍ശകളും നല്‍കും.
“ഓരോ വര്‍ഷവും ആയിരക്കണക്കിന് വീല്‍ചെയറുകള്‍ വിമാനത്തിലൂടെ സുരക്ഷിതമായി എത്തിക്കുന്നു. എന്നിരുന്നാലും, ചില നഷ്ടങ്ങളും കേടുപാടുകളും ഇപ്പോഴും സംഭവിക്കുന്നു. ഇവ കേവല ഉപകരണങ്ങള്‍ അല്ലാ എന്നതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ യാത്രക്കാരന് വിനാശകരമാണ്. ഭിന്നശേശിക്കാരെ സംബന്ധിച്ചിടത്തോളം അവ ശരീരത്തിന്‍റെ ഭാഗമാണ് എന്നതിനൊപ്പം അവരുടെ സ്വാതന്ത്ര്യത്തിന് അത്യന്താപേക്ഷിതവുമാണ്, “ഐഎടിഎ ഡയറക്റ്റര്‍ ജനറല്‍ വില്ലി വാല്‍ഷ് പറഞ്ഞു.
ഭിന്നശേഷിക്കാരായ യാത്രക്കാരുടെ സംഘടനകള്‍, എയര്‍ലൈന്‍സ്, ഗ്രൗണ്ട് സര്‍വീസ് പ്രൊവൈഡര്‍മാര്‍, എയര്‍പോര്‍ട്ടുകള്‍, മൊബിലിറ്റി എയ്ഡ്സ് നിര്‍മ്മാതാക്കള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികള്‍ കര്‍മ സമിതിയില്‍ ഉണ്ടാകും.