നാവികസേനക്ക് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്ററുകള്‍
1 min readന്യൂഡെല്‍ഹി: ആഭ്യന്തരമായി നിര്‍മിച്ച മൂന്ന് നൂതന ലൈറ്റ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ നാവിക സേനക്ക് ലഭിച്ചു. തീരദേശ സുരക്ഷയ്ക്കായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിച്ച മാര്‍ക്ക് -3 അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍സിംഗിനാണ് കൈമാറിയത്. ഈ മള്‍ട്ടി മിഷന്‍ ഹെലിക്കോപ്റ്ററുകളില്‍ വിപുലമായ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ തീരദേശ സുരക്ഷ പതിന്‍മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്.
പുതിയ ഹെലിക്കോപ്റ്ററുകള്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കും. 16 എംകെ -3 ഹെലിക്കോപ്റ്ററുകള്‍ക്ക് നാവികസേന ഓര്‍ഡര്‍നല്‍കിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയ ചേതക് ഹെലിക്കോപ്റ്ററുകളെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഏറ്‌ഴവും പുതിയ തലമുറ ആയുധങ്ങള്‍ ഘടിപ്പിക്കാനുതകുന്ന സംവിധാനങ്ങളാണ് പുതിയ ഹെലിക്കാപ്റ്ററുകളിലുള്ളത്.
കൊച്ചി ആസ്ഥാനമായുള്ള നേവല്‍ ഫിസിക്കല്‍, ഓഷ്യാനോഗ്രാഫിക് ലബോറട്ടറി വികസിപ്പിച്ചെടുത്ത തദ്ദേശീയ ലോ ഫ്രീക്വന്‍സി ഡങ്കിംഗ് സോണാര്‍ (എല്‍എഫ്ഡിഎസ്) ഉം എംകെ -3 എഎല്‍എച്ചില്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ് സോണാറിന്റെ യൂണിറ്റുകള്‍ നിര്‍മിക്കുന്നത്. ഒന്നിലധികം ലക്ഷ്യങ്ങള്‍ കണ്ടെത്താനും തരംതിരിക്കാനും ട്രാക്കുചെയ്യാനും കഴിയുന്ന 270 ഡിഗ്രി കവറേജുള്ള നിരീക്ഷണ റഡാറും വിമാനത്തിലുണ്ട്.