അപ്രീലിയ എസ്എക്‌സ്ആര്‍ 125 അവതരിപ്പിച്ചു
കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ എസ്എക്‌സ്ആര്‍ 160 അടിസ്ഥാനമാക്കിയാണ് എസ്എക്‌സ്ആര്‍ 125 നിര്‍മിച്ചത്. പുണെ എക്‌സ് ഷോറൂം വില 1.15 ലക്ഷം രൂപ
മുംബൈ: അപ്രീലിയ എസ്എക്‌സ്ആര്‍ 125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.15 ലക്ഷം രൂപയാണ് പുണെ എക്‌സ് ഷോറൂം വില. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ എസ്എക്‌സ്ആര്‍ 160 അടിസ്ഥാനമാക്കിയാണ് എസ്എക്‌സ്ആര്‍ 125 നിര്‍മിച്ചത്. ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. 5,000 രൂപയാണ് ബുക്കിംഗ് തുക. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താന്‍ കഴിയും. അപ്രീലിയ എസ്എക്‌സ്ആര്‍ 160 പോലെ, മാറ്റ് ബ്ലാക്ക്, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലൂ, ഗ്ലോസി റെഡ് എന്നീ കളര്‍ ഓപ്ഷനുകളില്‍ അപ്രീലിയ എസ്എക്‌സ്ആര്‍ 125 ലഭിക്കും.
അപ്രീലിയ എസ്ആര്‍ 125 ഉപയോഗിക്കുന്ന അതേ 3 വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് അപ്രീലിയ എസ്എക്‌സ്ആര്‍ 125 സ്‌കൂട്ടറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9.5 എച്ച്പി കരുത്തും 9.2 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.
125 സിസി എന്‍ജിന്‍ മാറ്റിനിര്‍ത്തിയാല്‍, ബാക്കിയെല്ലാം എസ്എക്‌സ്ആര്‍ 160 സ്‌കൂട്ടറിന് സമാനമാണ്. ബോഡിവര്‍ക്ക്, മുന്നിലെ ഏപ്രണ്‍ എന്നിവയില്‍ സാദൃശ്യം കാണാം. എന്നാല്‍ അപ്രീലിയ ആര്‍എസ്660 സൂപ്പര്‍സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് എസ്എക്‌സ്ആര്‍ 125 സ്‌കൂട്ടറിന്റെ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍. മുന്നില്‍ അതേ ടെലിസ്‌കോപിക് ഫോര്‍ക്ക്, പിറകില്‍ മോണോഷോക്ക് എന്നിവ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. 12 ഇഞ്ച് വ്യാസമുള്ള അലോയ് വീലുകളിലാണ് ഓടുന്നത്.
അപ്രീലിയ എസ്എക്‌സ്ആര്‍ 160 സ്‌കൂട്ടറിലെ മിക്കവാറും എല്ലാ ഫീച്ചറുകളും എസ്എക്‌സ്ആര്‍ 125 സ്‌കൂട്ടറില്‍ നല്‍കി. എല്ലായിടത്തും എല്‍ഇഡി ലൈറ്റുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓപ്ഷണല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയെല്ലാം ലഭിച്ചു. എന്നാല്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തിന് (എബിഎസ്) പകരം കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റമാണ് (സിബിഎസ്) നല്‍കിയത്. സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറാണ് എതിരാളി.