രണ്ടാം തലമുറ ആമസോണ്‍ ഫയര്‍ ടിവി ക്യൂബ് വിപണിയില്‍
1 min read
ആമസോണ്‍ ഫയര്‍ ടിവിയുടെയും എക്കോ സ്മാര്‍ട്ട് സ്പീക്കറുകളുടെയും കഴിവുകള്‍ ഒരുമിച്ച് നല്‍കിയെന്ന് അവകാശപ്പെടുന്നു
ന്യൂഡെല്‍ഹി: രണ്ടാം തലമുറ ആമസോണ്‍ ഫയര്‍ ടിവി ക്യൂബ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12,999 രൂപയാണ് വില. ആമസോണ്‍ ഫയര്‍ ടിവിയുടെയും എക്കോ സ്മാര്‍ട്ട് സ്പീക്കറുകളുടെയും കഴിവുകള്‍ ഒരുമിച്ച് നല്‍കിയതാണ് പുതിയ സ്ട്രീമിംഗ് ഡിവൈസ് എന്നാണ് അവകാശവാദം.
അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ വരെ സ്ട്രീമിംഗ്, ഹാന്‍ഡ്‌സ് ഫ്രീ അലക്‌സ വോയ്‌സ് അസിസ്റ്റന്റ് എന്നിവ സവിശേഷതകളാണ്. ഡോള്‍ബി വിഷന്‍ വരെ വിവിധ എച്ച്ഡിആര്‍ ഫോര്‍മാറ്റുകള്‍, ഡോള്‍ബി ആറ്റ്‌മോസ് ഓഡിയോ എന്നിവ സപ്പോര്‍ട്ട് ചെയ്യും. പുതിയ ഡിവൈസിന്റെ വില്‍പ്പന ആരംഭിച്ചു. ആമസോണ്‍ കൂടാതെ തെരഞ്ഞെടുത്ത ക്രോമ, റിലയന്‍സ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
നിങ്ങളുടെ ഹോം എന്റര്‍ടെയ്ന്‍മെന്റ് സംവിധാനവുമായി രണ്ടാം തലമുറ ആമസോണ്‍ ഫയര്‍ ടിവി ക്യൂബ് കണക്റ്റ് ചെയ്യുന്നതിന് ആവശ്യമായ എച്ച്ഡിഎംഐ കേബിള്‍ ബോക്‌സിനകത്ത് ഇല്ല. എന്നാല്‍ പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഡിവൈസിന്റെ കൂടെ ആമസോണ്‍ സൗജന്യമായി നല്‍കും.
ഫയര്‍ ടിവി നിരയിലെ ഏറ്റവും വിലയേറിയ സ്ട്രീമിംഗ് ഡിവൈസാണ് രണ്ടാം തലമുറ ആമസോണ്‍ ഫയര്‍ ടിവി ക്യൂബ്. പുതിയ ആപ്പിള്‍ ടിവി 4കെ ഡിവൈസിന്റെ എതിരാളി കൂടിയാണ് ആമസോണിന്റെ ഈ ഡിവൈസ്. ആപ്പിള്‍ ടിവി 4കെ ഇന്ത്യയില്‍ വൈകാതെ ലഭിച്ചുതുടങ്ങും. 18,900 രൂപ മുതലാണ് വില.
