ഓള്‍ ഇലക്ട്രിക് പോര്‍ഷ മകാന്‍ പരീക്ഷിച്ചു തുടങ്ങി
പൊതുനിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന് പോര്‍ഷ പരിസരങ്ങളിലാണ് ഇതാദ്യമായി ഓള്‍ ഇലക്ട്രിക് മകാന്‍ കണ്ടെത്തിയത്
സ്റ്റുട്ട്ഗാര്‍ട്ട്, ജര്‍മനി: പൂര്‍ണ വൈദ്യുത പോര്‍ഷ മകാന്‍ കോംപാക്റ്റ് എസ്‌യുവിയുടെ ആദ്യ മാതൃകകള്‍ (പ്രോട്ടോടൈപ്പ്) പരീക്ഷിച്ചുതുടങ്ങി. പൊതുനിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന് പോര്‍ഷ പരിസരങ്ങളിലാണ് ഇതാദ്യമായി ഓള്‍ ഇലക്ട്രിക് മകാന്‍ കണ്ടെത്തിയത്. ജര്‍മനിയിലെ വൈസാഹിലെ പോര്‍ഷ ഡെവലപ്‌മെന്റ് സെന്ററില്‍ വൈദ്യുത വാഹനം നേരത്തെ കര്‍ശനമായ ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിരുന്നു. ഓള്‍ ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023 ല്‍ ആഗോള വിപണികളില്‍ അവതരിപ്പിക്കും.
നിരവധി കിലോമീറ്ററുകള്‍ ഡിജിറ്റലായി പരീക്ഷിച്ചതില്‍നിന്ന് ലഭിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഫിസിക്കല്‍ പ്രോട്ടോടൈപ്പുകള്‍ നിര്‍മിച്ചത്. സിമുലേഷന്‍ ആവശ്യങ്ങള്‍ക്കായി ഇരുപതോളം ഡിജിറ്റല്‍ പ്രോട്ടോടൈപ്പുകളാണ് പോര്‍ഷ ഉപയോഗിച്ചത്. എയ്‌റോഡൈനാമിക്‌സ്, എനര്‍ജി മാനേജ്‌മെന്റ്, ഓപ്പറേഷന്‍ ആന്‍ഡ് അകൂസ്റ്റിക്‌സ് തുടങ്ങിയ മേഖലകള്‍ പരിശോധിച്ചു. സമയം, വിഭവങ്ങള്‍, വികസിപ്പിക്കുന്നതിന്റെ ചെലവ് എന്നിവ കുറയ്ക്കുന്നതിന് ഡിജിറ്റല്‍ പരീക്ഷണം സഹായിച്ചതായി കമ്പനി വ്യക്തമാക്കി. ആഗോളതലത്തില്‍ എസ്‌യുവി അവതരിപ്പിക്കുമ്പോഴേക്കും, ലോകമെങ്ങുമുള്ള വ്യത്യസ്ത കാലാവസ്ഥകളിലും ഭൂപ്രകൃതികളിലുമായി മുപ്പത് ലക്ഷം കിലോമീറ്റര്‍ പരീക്ഷണ ഓട്ടം നടത്തിയിരിക്കും.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പിപിഇ (പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക്) ആര്‍ക്കിടെക്ച്ചറിലാണ് ഓള്‍ ഇലക്ട്രിക് പോര്‍ഷ മകാന്‍ നിര്‍മിക്കുന്നത്. പോര്‍ഷ ടൈകാന്‍ ഇവി പോലെ, 800 വോള്‍ട്ട് ആര്‍ക്കിടെക്ച്ചര്‍ ഉപയോഗിക്കും. ‘പോര്‍ഷ ഇ പെര്‍ഫോമന്‍സ്’ പ്രതീക്ഷിക്കാം. ദീര്‍ഘദൂര ഡ്രൈവിംഗ് റേഞ്ച്, ഹൈ പെര്‍ഫോമന്‍സ് ഫാസ്റ്റ് ചാര്‍ജിംഗ്, ബെസ്റ്റ് ഇന്‍ ക്ലാസ് പെര്‍ഫോമന്‍സ് എന്നീ കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാതെ ഓള്‍ ഇലക്ട്രിക് മകാന്‍ വികസിപ്പിക്കും. സ്വന്തം സെഗ്‌മെന്റിലെ ഏറ്റവും സ്‌പോര്‍ട്ടിയായ മോഡലായിരിക്കും ഓള്‍ ഇലക്ട്രിക് മകാന്‍ എന്ന് പോര്‍ഷ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം മൈക്കല്‍ സ്‌റ്റെയ്‌നര്‍ പറഞ്ഞു.
ഈ വര്‍ഷം പോര്‍ഷ മകാന്‍ എസ്‌യുവിയില്‍ പുതു തലമുറ ഐസി എന്‍ജിന്‍ നല്‍കും. ഭാവിയില്‍ ഐസി എന്‍ജിന്‍, ഓള്‍ ഇലക്ട്രിക് വേര്‍ഷനുകള്‍ ഒരേസമയം വില്‍ക്കും.