വാക്സിനേഷന്‍: ബീഹാറില്‍ ബിജെപിയും ആര്‍ജെഡിയും തമ്മില്‍ വാക്പോര്
പാറ്റ്ന: കൊറോണ വൈറസിന്‍റെ രണ്ടാം തരംഗം രാജ്യത്തുടനീളം പിടിമുറുക്കിയപ്പോള്‍ ബീഹാറില്‍ വാക്സിനേഷനെച്ചൊല്ലി ബിജെപിയും ആര്‍ജെഡിയും തമ്മില്‍ കൊമ്പുകോര്‍ക്കുകയാണ്. രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസ് പാര്‍ട്ടിയും കാരണം ഗ്രാമീണ മേഖലയിലെ വാക്സിനേഷന്‍ പരിപാടി സാവധാനത്തിലാണ് പുരോഗമിക്കുന്നതെന്ന് ബിജെപി രാജ്യസഭ എംപി സുശീല്‍ മോദി ആരോപിച്ചു. ‘ബീഹാറിലെ ഗ്രാമപ്രദേശങ്ങളില്‍ മന്ദഗതിയിലുള്ള വാക്സിനേഷന്‍റെ ഉത്തരവാദിത്തം ആര്‍ജെഡിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമാണ്. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്തുകൊണ്ടാണ് ആര്‍ജെഡി പ്രസിഡന്‍റ് ലാലു പ്രസാദ് യാദവും മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിയും ഇതുവരെ വാക്സിനേഷന്‍ എടുക്കാത്തത് എന്ന് വ്യക്തമാക്കണം. എത്ര ആര്‍ജെഡി. നേതാക്കള്‍ ബീഹാറില്‍ വാക്സിനുകള്‍ എടുത്തിട്ടുണ്ട്? മോദി ചോദിച്ചു.
ഗ്രാമീണ മേഖലയില്‍ വാക്സിനുകള്‍ ഒഴിവാക്കാന്‍ ആര്‍ജെഡി പാവങ്ങളെ നിര്‍ബന്ധിതരാക്കുന്നു. ആര്‍ജെഡിയുടെ ഈ നടപടി അവരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വാക്സിന്‍ സ്വീകരിക്കണമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ഇത് ബിജെപിയുടെ വാക്സിന്‍ ആണെന്ന് ഒരു വിഭാഗം ആളുകള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ നിരവധി ഉന്നത വ്യക്തികളും വാക്സിനുകള്‍ എടുത്തിട്ടുണ്ട്. രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തിയത്.
“രാജ്യത്ത് എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ കേന്ദ്രത്തിനോ ബീഹാര്‍ സര്‍ക്കാരിനോ മതിയായ മരുന്നുകള്‍ ഇല്ല. അതിനാല്‍ ഈ രണ്ട് മുതിര്‍ന്ന നേതാക്കളും വാക്സിനുകള്‍ എടുത്തിട്ടില്ല. കൂടാതെ ചില അസൗകര്യങ്ങളുമുണ്ട് ‘ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് ശ്യാം രാജക് പറഞ്ഞു. വാക്സിന്‍ എടുത്ത സുശീല്‍ മോദിയുടെ സഹരോദരന്‍ പ്രതിരോധ കുത്തിവെയ്പ് നടത്തിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. രണ്ടാഴ്ച മുമ്പ് പാറ്റ്നയില്‍ കൊറോണ അണുബാധയെത്തുടര്‍ന്ന് സുശീല്‍ മോദിയുടെ സഹോദരന്‍ അശോക് മോദി മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മോദിക്കായില്ലെന്നും ശ്യാം പറഞ്ഞു.
ലാലു പ്രസാദിനെ ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു . കൊറോണ വാക്സിന്‍ നല്‍കിയോ ഇല്ലയോ എന്നതിനെക്കുറിച്ച് സുശില്‍ മോദി എയിംസിലെ ഡോക്ടര്‍മാരോട് ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാജക് ചോദിച്ചു.