യുവത്വം വ്യായാമത്തിനായി വിനിയോഗിക്കൂ, നാല്‍പ്പതിന് ശേഷം സ്വസ്ഥജീവിതം നയിക്കൂ
ആഴ്ചയില്‍ അഞ്ച് മണിക്കൂറെങ്കിലും മിതമായ തോതില്‍ വ്യായാമം ചെയ്യണമെന്നാണ് പഠനം ശുപാര്‍ശ ചെയ്യുന്നത്
യുവാക്കളായിരിക്കുമ്പോള്‍ സ്ഥിരമായി വ്യായാമം ചെയ്തവര്‍ക്ക് നാല്‍പ്പത് വയസിന് ശേഷം രോഗങ്ങളില്ലാത്ത സ്വസ്ഥജീവിതം നയിക്കാമെന്ന് പഠന റിപ്പോര്‍ട്ട്. വ്യായാമം ഹൈപ്പര്‍ ടെന്‍ഷന്‍, മറവിരോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കന്നതിനാലാണ് നാല്‍പ്പതുകള്‍ക്ക് ശേഷം ഇവര്‍ക്ക് ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കാമെന്ന് പറയുന്നത്.
മുതിര്‍ന്നതിന് ശേഷം ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും മിതമായ രീതിയില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് 18 ശതമാനം കുറവായിരിക്കുമെന്ന് പഠനം പറയുന്നു. അറുപത് വയസ് വരെ വ്യായാമ ശീലങ്ങള്‍ തുടരുന്നവര്‍ക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാകുന്നതിനുള്ള സാധ്യത തീരെ കുറവായിരിക്കുമെന്നും പഠനം കൂട്ടിച്ചേര്‍ത്തു.
ആഴ്ചയില്‍ രണ്ടര മണിക്കൂറെങ്കിലും മിതമായ അളവില്‍ വ്യയാമം ചെയ്യണമെന്നാണ് വൈദ്യശാസ്ത്രലോകം ശുപാര്‍ശ ചെയ്യുന്നതെങ്കിലും മധ്യവയസ്സില്‍ ഹൈപ്പര്‍ടെന്‍ഷന്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് ആഴ്ചയില്‍ അഞ്ച് മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ നടന്ന പഠനം ശുപാര്‍ശ ചെയ്യുന്നത്. പതിനെട്ട് മുതല്‍ 30 വരെ പ്രായമുള്ള 5,000ത്തോളം ആളുകളെ മുപ്പത് വര്‍ഷത്തോളം നിരീക്ഷിച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യായാമ ശീലങ്ങള്‍, ആരോഗ്യ വിവരങ്ങള്‍, പുകവലി, മദ്യപാന ശീലങ്ങള്‍ എന്നിവയാണ് പഠനത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നും ഗവേഷകര്‍ ചോദിച്ചറിഞ്ഞത്. അവരുടെ രക്തസമ്മര്‍ദ്ദവും ശരീരഭാരവും കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവും ഗവേഷകര്‍ രേഖപ്പെടുത്തിയിരുന്നു.
130 എംഎംഎച്ച്ജിക്ക് മുകളിലുള്ള രക്തസമ്മര്‍ദ്ദമാണ് ഹൈപ്പര്‍ടെന്‍ഷനായി വിലയിരുത്തുന്നത്. വ്യായാമത്തിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാമെന്നാണ് പഠനഫലങ്ങള്‍ സൂചിപ്പിച്ചത്. അതിനാല്‍ നാല്‍പ്പതുകള്‍ക്ക് ശേഷം സ്വസ്ഥമായ വിശ്രമ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെറുപ്രായത്തില്‍ തന്നെ വ്യായാമം ശീലമാക്കണമെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ എപ്പിഡെമിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഗവേഷകനായ ക്രിസ്‌റ്റെന്‍ ബിബിന്‍സ് ഡൊമിന്‍ഗേ പറഞ്ഞു. ഇരുപതുകളുടെ തുടക്കത്തില്‍ ആളുകള്‍ ശാരീരികമായി വളരെ ആക്ടീവ് ആണെങ്കിലും പിന്നീടങ്ങോട്ട് ഇതില്‍ കുറവുണ്ടാകാം. പക്ഷേ വ്യായാമത്തിലൂടെ ആക്ടിവിറ്റി ലെവല്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ മധ്യവയസില്‍ ആരോഗ്യം കാത്തുസൂക്ഷിക്കാനാകൂ.