ഹസീനയെ പുറത്താക്കാന്‍ ബിഎന്‍പി തീവ്രവാദികളുടെ സഹായം തേടി
1 min readധാക്ക: 2013ല്‍ ബംഗ്ലാദേശിലെ ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിനെ പുറത്താക്കാന്‍ തീവ്രവാദസംഘടനകള്‍ പ്രതിപക്ഷമായ അവാമി ലീഗുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നതായി മൊഴി. തീവ്രവാദ സംഘടനയായ ഹെഫാസത് ഇ ഇസ്ലാം ബിഎന്‍പി ചെയര്‍പേഴ്സണ്‍ ഖലീദ സിയയുമായാണ് ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിയത്. ഓര്‍ഗനൈസേഷന്‍റെ ധാക്ക യൂണിറ്റിന്‍റെ അന്നത്തെ പബ്ലിസിറ്റി സെക്രട്ടറിയായിരുന്ന മുഫ്തി ഫക്രുല്‍ ഇസ്ലാം ധാക്ക മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ദേവദാസ് ചന്ദ്ര അധികാരിക്ക് മുന്നില്‍ നടത്തിയ കുറ്റസമ്മത പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫഖ്റുല്‍ ഇസ്ലാമിന്‍റെ പ്രസ്താവന മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഫക്രുല്‍ ഇസ്ലാം നിലവില്‍ ബംഗ്ലാദേശ് ജനോസെബ ആന്‍ഡോളന്‍ പാര്‍ട്ടിയുടെ ചെയര്‍മാനാണ്.
ഹെഫാസത്ത് ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ചട്ടോഗ്രാം ജില്ലയിലെ ഹതസാരിയില്‍ നിന്നും മറ്റ് ചില സ്ഥലങ്ങളില്‍ നിന്നും സംഘടനയുടെ ആയിരക്കണക്കിന് അനുകൂലികള്‍ 2013 മെയ് 5 ന് ഷാപ്ല സ്ക്വയര്‍ ഉപരോധിച്ചിരുന്നു. ഇതിന് ഒരാഴ്ചമുമ്പാണ് ബിഎന്‍പി ചെയര്‍പേഴ്സണ്‍ ഖലീദ സിയയുമായി അന്നത്തെ റാഡിക്കല്‍ സംഘടനയായ ഹെഫസാത് ഇ ഇസ്ലാമിന്‍റെ സെക്രട്ടറി ജനറല്‍ ജുനൈദ് ബാബുനഗരി രഹസ്യ കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്തെ പ്രതിപക്ഷം തീവ്രവാദ സംഘടനകളുമായി അടുത്തിടപഴകുന്നുവെന്നും അവരെ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്നുമാണ് ഇതില്‍നിന്ന് മനസിലാകുന്നത്. അന്ന് തീവ്രവാദികള്‍ ദേശീയ തലസ്ഥാനത്ത് അഭൂതപൂര്‍വമായ അക്രമമാണ് അഴിച്ചുവിട്ടത്. ടിവി മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ മര്‍ദ്ദിച്ചു. വാഹനങ്ങള്‍ നശിപ്പിച്ചു, പ്രദേശത്തെ എല്ലാ വൃക്ഷങ്ങളെയും പിഴുതെറിഞ്ഞു, കൂടാതെ തെരുവുകളില്‍ കച്ചവടക്കാര്‍ വില്‍ക്കുന്ന ഖുറാനുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.
ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശും ഖലീദയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) പണം നല്‍കിയതിനെ തുടര്‍ന്ന് അവാമി ലീഗിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമമാണ് തീവ്രവാദ സംഘടന നടത്തിയത്.പിറ്റേന്ന് രാവിലെ ബംഗ്ലാദേശ് സര്‍ക്കാരിന്‍റെ ഭരണകേന്ദ്രത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കാനും അവര്‍ പദ്ധതിയിട്ടിരുന്നു.
2013 മെയ് 5 ന് ധാക്കയില്‍ ഉണ്ടായ തീപിടുത്തത്തിന് അന്നത്തെ ബിഎന്‍പിയുടെയും ജമാഅത്തിന്‍റെയും നിരവധി ഉന്നത നേതാക്കള്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്ന് കുമ്പസാര പ്രസ്താവനയില്‍ ഫക്രുല്‍ ഇസ്ലാം പറഞ്ഞു. ബിഎന്‍പി-ജമാഅത്ത് നേതാക്കളും പ്രവര്‍ത്തകരും അക്രമത്തില്‍ പങ്കെടുത്തിരുന്നു. 2013 ല്‍ തീവ്രവാദ സംഘടനയുടെ നേതാക്കള്‍ 13 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതില്‍ ഷാബാഗിലെ “നിരീശ്വരവാദി” നേതാക്കള്‍, ബ്ലോഗര്‍മാര്‍, ‘ഇസ്ലാമിക വിരുദ്ധര്‍’ എന്നിവരെ ശിക്ഷിക്കുന്നത് ഉള്‍പ്പെട്ടിരുന്നു.’ഖാദിയാനികളെ’ (അഹ്മദിയകള്‍) അമുസ്ലിംകളായി പ്രഖ്യാപിക്കണമെന്നും അവരുടെ പ്രചാരണവും ഗൂഢാലോചനകളും അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.എല്ലാ ‘വിദേശ സംസ്കാരവും’ നിരോധിക്കുക, രാജ്യത്തുടനീളമുള്ള കവലകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയില്‍ ശില്പങ്ങള്‍ സ്ഥാപിക്കുന്നത് നിര്‍ത്തുക എന്നിവയും അവര്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്‍റെ നയത്തിന്‍റെ അടിസ്ഥാന തത്വങ്ങളിലൊന്നായി ബംഗ്ലാദേശ് ഭരണഘടനയില്‍ ‘സര്‍വ്വശക്തനായ അല്ലാഹുവിലുള്ള സമ്പൂര്‍ണ്ണ പ്രത്യാശയും വിശ്വാസവും’ എന്ന വാക്യം പുനഃസ്ഥാപിക്കുന്നതും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.വനിതാ വിദ്യാഭ്യാസ നയം റദ്ദാക്കിയ ശേഷം പ്രാഥമികതലം മുതല്‍ സെക്കന്‍ഡറി വരെ ഇസ്ലാമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഖവ്മി മദ്രസയിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തുക,എന്‍ജിഒകളുടെ ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുക, ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപരിവര്‍ത്തനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചിരുന്നു.
2013 മെയ് 5 ന് ബംഗ്ലാദേശ് സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്തിരുന്നു. എഫ്ലൈറ്റ് ഫോഴ്സ് ആര്‍എബിയുടെ നേതൃത്വത്തിലുള്ള നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ തീവ്രവാദികളെ നേരിട്ടു. അതിനാല്‍ വന്‍പിച്ച ഒരു കലാപത്തിലേക്ക് രാജ്യത്തെ തള്ളിവിടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒരു താലിബാന്‍ മോഡല്‍ ഭരണം ബംഗ്ലാദേശില്‍ കൊണ്ടുവരിക എന്നതായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. ഷേക്ക ഹസീന അതിനെ അടിച്ചമര്‍ത്തിയതിനാല്‍ രാജ്യം പുരോഗതിയിലേക്ക് നീങ്ങി. ഇന്ന് ഏഷ്യയില്‍ ഏറ്റവും മികച്ച വേഗതയില്‍ പുരോഗതി പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥയിലൊന്നാണ് ബംഗ്ലാദേശിന്‍റേത്. കോവിഡ് മഹാമാരി ഉണ്ടായിരുന്നില്ല എങ്കില്‍ അവര്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ അനായാസം മറികടക്കുമായിരുന്നു.
എന്നാല്‍ പ്രതിപക്ഷമായ ബിഎന്‍പിയുമായി കൂട്ടുചേര്‍ന്ന് തീവ്രവാദികള്‍ ആ രാജ്യത്തെ പിന്നോട്ട് നയിക്കാനാണ് ശ്രമിക്കുന്നത്.
ഇപ്പോള്‍ ബംഗ്ലാദേശില്‍ വിമതര്‍ ഒരു കലാപ സാധ്യത ഉയര്‍ത്തിക്കൊണ്ടുവരുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് നഗരങ്ങളില്‍ സുരക്ഷ അതീവ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ജനപിന്തുണയുള്ള നേതാവാണ് ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന.അവര്‍ നാലാം തവണയാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നത് എന്നതു തന്നെ അവരുടെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതിന് തെളിവാണ്. പ്രതിപക്ഷം തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന് ഹസീനയിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ്.
കഴിഞ്ഞ മാസം ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ അക്രമത്തിന് പ്രേരിപ്പിച്ചതും ഈ തീവ്രവാദ സംഘടനയാണ്.പോലീസ് കസ്റ്റഡിയിലുള്ള ഹെഫസാത് ഇ ഇസ്ലാം ജോയിന്‍റ് സെക്രട്ടറി ജനറല്‍ മമുനുല്‍ ഹക്ക് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.”ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ വീണാല്‍ ഹെഫസാത്തിന്‍റെ പിന്തുണയില്ലാതെ ആര്‍ക്കും അധികാരത്തില്‍ വരാന്‍ കഴിയില്ല,” ഹക്ക് പറഞ്ഞു.മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ മാര്‍ച്ചില്‍ ഹെഫസാത്ത് ഇ ഇസ്ലാം സംഘം രാജ്യവ്യാപകമായി അക്രമാസക്തമായ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ 16 പേര്‍ മരിച്ചു. ഏഴ് ദിവസത്തെ റിമാന്‍ഡിലുള്ള ഹക്ക്, ചോദ്യം ചെയ്യലില്‍ മറ്റ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട.
അതേസമയം, റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ (ആര്‍എബി) ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പുലര്‍ച്ചെ ധാക്കയിലെ മുഹമ്മദ്പൂര്‍ പ്രദേശത്തെ ഒരു മദ്രസയില്‍ നിന്ന് ഹെഫസാത്തിന്‍റെ കേന്ദ്രകമ്മിറ്റി അസിസ്റ്റന്‍റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി അറ്റൗല്ല ആമീനെയും അറസ്റ്റ് ചെയ്തു.