പാക്കിസ്ഥാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു
ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.ഈ മാസം 18മുതലാകും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. ആദ്യഘട്ടത്തില്‍ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകള്‍ ജനുവരി 18 മുതല്‍ പുനരാരംഭിക്കുമെന്ന് ഫെഡറല്‍ വിദ്യാഭ്യാസ മന്ത്രി ഷഫ്കത്ത് മഹമൂദ് പറയുന്നു. രണ്ടാം ഘട്ടത്തില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകള്‍ ജനുവരി 25 ന് പുനരാരംഭിക്കും. അതേസമയം, എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെബ്രുവരി 1 മുതല്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പാക്കിസ്ഥാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. ഇപ്പോഴും വൈറസ് വ്യാപനത്തിന്റെ തീവ്രത പാക്കിസ്ഥാനില്‍ ഉയര്‍ന്ന തോതിലാണ്. എന്നാല്‍ പരിശോധനയുടെ കുറവും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാത്തതും ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നു. ചൈനയുടെ നിഴലില്‍ മാത്രം നീങ്ങുന്ന ഇസ്ലാമബാദിന് ഈ വൈറസ് കാലഘട്ടം സമ്മാനിച്ചത് വന്‍ സാമ്പത്തിക തകര്‍ച്ചകൂടിയാണ്.