7 കോവിഡ് വാക്സിനുകള്‍ കൂടി ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍
1 min readന്യൂഡെല്‍ഹി: കൊറോണ വൈറസിനെതിരായ 7 വാക്സിനുകള്‍ കൂടി ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. രണ്ട് ഡസനോളം വാക്സിനുകള്‍ പ്രീ-ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. ന്യൂഡെല്‍ഹിയിലെ ഹാര്‍ട്ട് ആന്‍ഡ് ലംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊറോണ വൈറസ് വാക്സിനിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ രാജ്യത്ത് 430 ജില്ലകളില്‍ കോവിഡ് -19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും ഉചിതമായ കോവിഡ്-19 പെരുമാറ്റം പുലര്‍ത്തുന്നതില്‍ അലംഭാവത്തിന് സ്ഥാനമില്ലെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
ഡോ. ഹര്‍ഷ് വര്‍ധന്‍റെ ഭാര്യ നൂതന്‍ ഗോയലും കൊറോണ വൈറസ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു. ആദ്യ ഡോസിനു ശേഷം ഇരുവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ രണ്ട് വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണ്. വാക്സിനുകളെക്കുറിച്ച് ധാരാളം ആളുകള്‍ക്ക് ഇപ്പോഴും സംശയമുണ്ട്. വാട്ട്സ്ആപ്പ് സര്‍വകലാശാലയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.