ഡിഎഫ്ഐ രൂപീകരണത്തിന് അംഗീകാരം
1 min readരാജ്യത്തെ പശ്ചാത്തല സൗകര്യ, വികസന പദ്ധതികളുടെ ഫണ്ടിംഗിനായി ഡെവലപ്മെന്‍റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡിഎഫ്ഐ) സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. അടിസ്ഥാന സൗകര്യവികസനത്തിനുള്ള മൂലധന സമാഹരണം ലക്ഷ്യമിട്ട് ഒരു ദേശീയ ബാങ്ക് ആരംഭിക്കുമെന്ന് നേരത്തേ ബജറ്റില്‍ പരാമര്‍ശിച്ചിരുന്നു. ഡിഎഫ്ഐ-യുടെ ഈ വര്‍ഷത്തെ മൂലധന ഉള്‍ച്ചേര്‍ക്കല്‍ ഏകദേശം 20,000 കോടി രൂപയായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. പ്രാരംഭ ഗ്രാന്‍റ് 5,000 കോടി രൂപയാകും. ഗ്രാന്‍റിന്‍റെ അധിക ഇന്‍ക്രിമെന്‍റുകള്‍ 5,000 കോടി രൂപയുടെ പരിധിയില്‍ വരും.
ഡിഎഫ്ഐക്ക് ഒരു പ്രൊഫഷണല്‍ ബോര്‍ഡ് ഉണ്ടായിരിക്കും. പ്രഗല്‍ഭരായ ആളുകള്‍ ബോര്‍ഡിന്‍റെ ഭാഗമാകും. നിര്‍ദ്ദിഷ്ട ഡിഎഫ്ഐയില്‍ 50 ശതമാനം അനൗദ്യോഗിക ഡയറക്ടര്‍മാരുണ്ടാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചില നികുതി ആനുകൂല്യങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും ഈ ആനുകൂല്യങ്ങള്‍ 10 വര്‍ഷത്തേക്ക് നല്‍കുമെന്നും അവര്‍ അറിയിച്ചു.
നികുതി ഇളവിന് പുറമേ ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിലും ഭേദഗതി വരുത്തുന്നുണ്ട്. ഇതിലൂടെ വലിയ പെന്‍ഷന്‍ ഫണ്ടുകളും പരമാധികാര ഫണ്ടുകളും ഡി.എഫ്.ഐയിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂഷന് ചില സെക്യൂരിറ്റികള്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നും, അതിനാല്‍ ഫണ്ടുകളുടെ ചെലവും കുറയുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.