Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗദിയിലെ ബാങ്കിംഗ് മേഖല ഈ വര്‍ഷം നേട്ടമുണ്ടാക്കുമെന്ന് കെപിഎംജി റിപ്പോര്‍ട്ട് 

1 min read

സര്‍ക്കാര്‍ പരിഷ്‌കാരങ്ങളും, വായ്പ നഷ്ടങ്ങള്‍ കുറയുന്നതും, സ്ഥിരതയുള്ള പണലഭ്യതയും ശക്തമായ മൂലധന നിലവാരവും പരിവര്‍ത്തനാത്മകമായ മാറ്റങ്ങളും രാജ്യത്തെ ബാങ്കുകള്‍ക്ക് ഗുണം ചെയ്യും

റിയാദ് : സൗദി അറേബ്യയിലെ ബാങ്കിംഗ് മേഖലയ്ക്ക് 2021 മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്ന് കെപിഎംജി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പരിഷ്‌കാരങ്ങളും, വായ്പ നഷ്ടങ്ങള്‍ കുറയുന്നതും, സ്ഥിരതയുള്ള പണലഭ്യതയും ശക്തമായ മൂലധന നിലവാരവും പരിവര്‍ത്തനാത്മകമായ മാറ്റങ്ങളും രാജ്യത്തെ ബാങ്കുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ കെപിഎംജി പറയുന്നത്. ബാങ്കുകളുടെ ഭാവി സംബന്ധിച്ച കെപിഎംജിയുടെ 2021ലെ റിപ്പോര്‍ട്ട് പ്രകാരം മുന്‍വര്‍ഷത്തെ അനിശ്ചതത്വം നിറഞ്ഞ സാഹചര്യങ്ങളെ അപേക്ഷിച്ച് സൗദി ബാങ്കുകള്‍ സ്ഥിരതയുള്ള ഒരു വര്‍ഷത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

2020 മാര്‍ച്ചില്‍ അനിശ്ചിതത്വഘങ്ങള്‍ ആരംഭിച്ചത് മുതല്‍ സൗദി ഓഹരി വിപണിയായ തദവുളില്‍ ലിസ്റ്റ് ചെയ്ത പതിനൊന്ന് ബാങ്കുകള്‍ 2020 ഡിസംബര്‍ വരെ പ്രതിസന്ധികളില്‍ പിടിച്ചുനിന്നുവെന്നും തിരിച്ചുവരവിന്റെ ലക്ഷണമാണിതെന്നും കെപിഎംജി റിപ്പോര്‍ട്ട് പറയുന്നു. ഈ ബാങ്കുകളെ സംബന്ധിച്ച് 2021 മികച്ച വര്‍ഷമായിരിക്കും. അലിന്‍മ ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, അല്‍ രഹ്ജി ബാങ്ക്, ബാങ്ക് അല്‍ ജസ്രിയ, ബാങ്ക് അല്‍ ബിലാദ്, ബാങ്ക് സൗദി ഫ്രാന്‍സി, നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്ക്, റിയാദ് ബാങ്ക്, സൗദി ബ്രിട്ടീഷ് ബാങ്ക്, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്,. സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നിവയാണവ.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

പകര്‍ച്ചവ്യാധി മൂലം 2020 ആരംഭിച്ചത് തന്നെ വെല്ലുവിളികളോടെ ആയിരുന്നെങ്കിലും സൗദി അറേബ്യയിലെ ബാങ്കിംഗ് മേഖലയെ സംബന്ധിച്ചെടുത്തോളം ആ വര്‍ഷം അവസാനിച്ചത് മേഖലയുടെ ഐക്യം പ്രതിഫലിപ്പിച്ച് കൊണ്ടും സാമ്പത്തിക വീണ്ടെടുപ്പില്‍ ബാങ്കുകള്‍ക്കും നിയന്ത്രകര്‍ക്കും ഒറ്റക്കെട്ടായി എത്തരത്തില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തെളിയിച്ച് കൊണ്ടുമായിരുന്നു. ബാങ്കുകള്‍ക്ക് പിന്തുണ നല്‍കിക്കുന്നതിനായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചും അതോടൊപ്പം ഉപഭോക്താക്കളുമായുള്ള നേരിട്ടുള്ള ഇടപെടല്‍ കൂടാതെ എല്ലാ ബാങ്കിംഗ് സേവനങ്ങളും തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഡിജിറ്റല്‍ യാത്രയില്‍ മുന്നേറാന്‍ ബാങ്കുകള്‍ക്ക് സഹായമൊരുക്കിയും സൗദി കേന്ദ്രബാങ്ക് കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെച്ചതായി റിപ്പോര്‍ട്ടില്‍ കെപിഎംജി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ പതിനൊന്ന് ബാങ്കുകളുടെ അറ്റ വരുമാനത്തില്‍ കേവലം 6.32 ശതമാനത്തിന്റെ ഇടിവ് മാത്രമാണ് ഉണ്ടായത്. അതേസമയം ഇവരുടെ മൊത്തം ആസ്തികള്‍ 13.14 ശതമാനം വര്‍ധിച്ച് 2,771 ബില്യണ്‍ റിയാലിന്റേതായി മാറി. 2019ല്‍ 2,449 ബില്യണ്‍ റിയാലിന്റെ ആസ്തികളാണ് ഈ ബാങ്കുകള്‍ക്കുണ്ടായിരുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള നിക്ഷേപം മൊത്തത്തില്‍ 9.18 ശതമാനം വര്‍ധിച്ച് 1,975 ബില്യണ്‍ റിയാലായി മാറി. 2019ല്‍ ഇത് 1,809 ബില്യണ്‍ റിയാല്‍ ആയിരുന്നു.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

2020ല്‍ സൗദിയിലെ ബാങ്കിംഗ് മേഖലയില്‍ നടന്ന പ്രധാന സംഭവങ്ങള്‍ ദ്രുതഗതിയില്‍ വിലയിരുത്തിയാല്‍, കോവിഡ്-19യുടെ വിട്ടുകളയാനാകാത്ത ആഘാതം ബാങ്കുകളിലുണ്ടായതായി വ്യക്തമാകും. എങ്കിലും പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വിഭിന്നമായി വര്‍ഷാവസാനത്തോടെ കാര്യങ്ങള്‍ വളരെയധികം മെച്ചപ്പെട്ടതായാണ് എല്ലാ കോണുകളില്‍ നിന്നും ഉയരുന്ന അഭിപ്രായമെന്ന് കെപിഎംജി സൗദി അറേബ്യയിലെ ധനകാര്യ സേവന വിഭാഗം മേധാവി ഒവൈസ് ഷഹാബ് പറഞ്ഞു. രാജ്യത്തെ ബാങ്കുകള്‍ വളരെ ശക്തമായ മൂലധനവും പണലഭ്യതയുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല പാര്‍പ്പിട മേഖലയില്‍ നിന്നും പാര്‍പ്പിട പണയ മേഖലയില്‍ നിന്നുമുള്ള വായ്പ ആവശ്യങ്ങള്‍ രണ്ടക്ക വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രവര്‍ത്തനതലത്തിലുള്ള അതിജീവനം, ഡിജിറ്റല്‍ പരിവര്‍ത്തനം, ആഭ്യന്തര നടപടിക്രമങ്ങള്‍ എന്നീ രംഗങ്ങളില്‍ പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള കാലത്ത് ഉയരാവുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നതാണ് കെപിഎംജി റിപ്പോര്‍ട്ട്. 2021ലെ സാമ്പത്തിക വര്‍ഷത്തിന് പലതരത്തിലുള്ള വീക്ഷണ കോണുകള്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഡിജിറ്റല്‍ ബാങ്കുകളുടെ നല്‍കുന്ന മൂല്യം, ബാങ്കിംഗ് മേഖലയില്‍ ഫിന്‍ടെകുകളുടെ സ്വാധീനം, വന്‍കിട ബാങ്കുകള്‍ ചെറുകിട, ഇടത്തരം ബാങ്കുകളുമായി എത്തരത്തിലുള്ള മത്സരമാണ് കാഴ്ചവെക്കുക തുടങ്ങി പുതിയ പല പ്രവണതകളും രൂപപ്പെടുന്ന ഒരു വര്‍ഷമായിരിക്കും 2021 എന്ന് കെപിഎംജി അഭിപ്രായപ്പെട്ടു. പുതിയ ജോലി രീതികള്‍ ബാങ്കുകളുടെ വരുമാനത്തെ ബാധിക്കുമെന്നും ബാങ്ക് ശാഖകളുടെ ഉദാരവല്‍ക്കരണത്തിന് സാധ്യതയുണ്ടെന്നും ഒവൈസ് ഷഹാബ് പറഞ്ഞു.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

സമൂഹത്തിലും ആളുകളുടെ മുന്‍ഗണനകളിലും വലിയ തോതിലുള്ള മാറ്റമാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് മാസമായി കണ്ട് കൊണ്ടിരിക്കുന്ന നിയന്ത്രണ, അനുവര്‍ത്തന നടപടികളും ഡിജിറ്റല്‍ മുന്നേറ്റവും ഈ വര്‍ഷവും തുടരുമെന്ന് കെപിഎംജി സൗദി അറേബ്യയിലെ മാനേജിംഗ് പാര്‍ട്ണറായ ഖലീല്‍ ഇബ്രാഹിം അല്‍ സെദായിസ് പറഞ്ഞു. വൈവിധ്യവല്‍ക്കരണവും ലിംഗ സമത്വവും അടക്കം കോവിഡ്-19 യുഗം ബാങ്കുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പുതിയൊരു ദിശ തീര്‍ത്തതായി ഖലീല്‍ ഇബ്രാഹിം പറഞ്ഞു.

Maintained By : Studio3