ടെസ് ലയുടെ ഇന്ത്യൻ എൻട്രി ആഘോഷമാക്കി ട്വിറ്റർ ഉപയോക്താക്കൾ
ന്യൂഡെൽഹി ഏറെ നാളത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ് ല ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. കർണാടകയിലെ ബെംഗളൂരുവിലാണ് ടെസ് ലയുടെ ഇന്ത്യൻ യൂണിറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടെസ് ല സ്ഥാപകനും സിഇഒയും സർവ്വോപരി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്കിന് ഇന്ത്യയിലേക്ക് സ്വാഗതമരുളിക്കൊണ്ട് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ട്വിറ്ററിൽ സന്ദേശം എഴുതിയെങ്കിലും പിന്നീടത് ഡിലീറ്റ് ചെയ്തു. ബെംഗളൂരുവിലെ ഗവേഷണ വികസന യൂണിറ്റിലൂടെ ടെസ് ല ഉടൻ ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുമെന്നും മസ്കിന് എല്ലാവിധ വിജയവും ആശംസിക്കുന്നുവെന്നുമാണ് യെദ്യൂരപ്പ ട്വീറ്റ് ചെയ്തിരുന്നത്.
അതേസമയം വാഹനത്തിരക്കിന് കുപ്രസിദ്ധിയാർജിച്ച ബെംഗളൂരുവിൽ തന്നെ ടെസ് ല പ്രവർത്തനമാരംഭിക്കുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ചാണ് പലരും ട്വിറ്ററിൽ ടെസ് ല എൻട്രി ആഘോഷമാക്കിയത്. വാഹനപ്രേമികൾ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചതെങ്കിലും ഇന്ത്യയിലെ റോഡുകളുടെ ദുരവസ്ഥ വിഷയമാക്കി പല തമാശകളും ചിത്രങ്ങളും ടെസ് ല യുടെ ഇന്ത്യയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ നിറഞ്ഞു. ബെംഗളൂരുവിലെ വാഹനത്തിരക്കേറിയ റോഡുകളിൽ ടെസ് ലയുടെ ഇലക്ട്രിക് കാറുകൾ എത്രത്തോളം പണച്ചിലവുണ്ടാക്കുമെന്നും ടെസ് ലയുടെ ഓട്ടോപൈലറ്റ് സംവിധാനം ഇന്ത്യയിലെ ട്രാഫിക് അന്തരീക്ഷത്തിന് എത്രത്തോളം യോജിക്കുമെന്നുമുള്ള ആശങ്കകളും ചിലർ പങ്കുവെച്ചു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ടെസ് ല മോട്ടോഴ്സ് ഇന്ത്യ ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിൽ ഇൻകോർപ്പറേറ്റ് ചെയ്തത്. 2021ഓടെ ടെസ് ല ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു.