പിന്നെയും പാചക വാതക സിലിണ്ടറിന് 25 രൂപ കൂടി
ന്യൂഡെല്‍ഹി: സബ്സിഡിയുള്ളതും ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ളതും ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളിലെയും പാചക വാതക എല്‍പിജി സിലിണ്ടറിന്‍റെ 25 രൂപ ഉയര്‍ത്തി. ഈ മാസം മൂന്നാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര നിരക്കുകള്‍ വര്‍ദ്ധിച്ചതിന് അനുസൃതമായാണ് വില ഉയര്‍ത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. 14.2 കിലോഗ്രാം സിലിണ്ടറിന് ഇന്നലെ മുതല്‍ 794 രൂപയാണ് വില. ബുധനാഴ്ച ഇത് 769 രൂപയായിരുന്നു.
എല്‍പിജി രാജ്യത്തുടനീളം ഒരു നിരക്കില്‍, വിപണി വിലയില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഒരുവിഭാഗം ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നിലവിലുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായ വിലവര്‍ധനയിലൂടെ മെട്രോകളിലും പ്രധാന നഗരങ്ങളിലും ഈ സബ്സിഡി ഇല്ലാതാക്കി. അതിനാല്‍, ഇപ്പോള്‍ ഡെല്‍ഹി പോലുള്ള നഗരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി ലഭ്യമല്ല.
ചരക്ക് കൂലിയില്‍ നിന്ന് ഉണ്ടാകാനിടയുള്ള ഉയര്‍ന്ന വില ഒഴിവാക്കാന്‍ ഇപ്പോള്‍ വിദൂര ഗ്രാമങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഒരു ചെറിയ സബ്സിഡി നല്‍കുന്നതെന്ന് എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എല്‍പിജി വില ഈ മാസം ആദ്യത്തില്‍ സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. പിന്നാട് ഫെബ്രുവരി 15 ന് 50 രൂപയും വര്‍ധിപ്പിച്ചു. ഡിസംബര്‍ മുതല്‍ പാചക വാതക വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.