കായ്സെമി ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു
തിരുവനന്തപുരം: രാജ്യത്ത് സെമികണ്ടക്ടര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, സെമികണ്ടക്ടര്‍ ഉപകരണങ്ങള്‍ക്കുള്ള നിയന്ത്രണ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന കായ്സെമി കണ്‍ട്രോള്‍ സിസ്റ്റംസ് ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു. ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ കല്ലായി ബിന്‍ഡിംഗിന്‍റെ ഒന്നാം നിലയില്‍ 5000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ ഓഫീസ് ഐടി, സ്റ്റാര്‍ട്ടപ്പ്, വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്ത്, പ്രത്യേകിച്ച് തലസ്ഥാന നഗരത്തില്‍ ലഭ്യമായ മികച്ച യുവപ്രതിഭകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കായ്സെമിയുടെ ഉദ്യോഗസ്ഥരുമായും വിദേശ ക്ലയന്‍റുകളുമായും നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി നിര്‍ദേശിച്ചു. സെമികണ്ടക്ടര്‍ മേഖലയിലെ പുത്തന്‍ പ്രവണതകളെക്കുറിച്ചും ആഗോള അവസരങ്ങള്‍ സംസ്ഥാനത്തിന്‍റെ ഐടി മേഖല പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ചും മന്ത്രി ആരാഞ്ഞു. ടെക്നോപാര്‍ക്കിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും യുവാക്കളുടെ വൈദഗ്ധ്യവുമാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് കരുത്തായതെന്ന് കിംഗ്സ്റ്റണ്‍ സെമികണ്ടക്ടര്‍ സ്ഥാപകനും കായ്സെമിയുടെ മാനേജിംഗ് ഡയറക്ടറുമായ ജെഫ് ബോക്കര്‍ പറഞ്ഞു. അനു ജോസഫ്, ഫഹദ് അബ്ദുള്‍ സലാം, എജന്‍റീവ്-എക്സ് സിഇഒ ടോണി ജോസഫ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. ടെക്നോപാര്‍ക്ക് സിടിഒ മാധവന്‍ പ്രവീണ്‍, കേരള ഐടി പാര്‍ക്കുകളുടെ സിഎഫ്ഒ വിപിന്‍ കുമാര്‍ എസ്, ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡി എസ്, ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡുമായ വി. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു. ചിപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അയോണിക് ഇംപ്ലാന്‍റര്‍ പോലുള്ള സങ്കീര്‍ണ യന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന ലോകോത്തര സോഫ്റ്റ് വെയറുകളാണ് കമ്പനി വികസിപ്പിക്കുന്നത്. റോബോട്ടിക് സംവിധാനങ്ങള്‍, വാല്‍വ് നിയന്ത്രണം, ബീം നിയന്ത്രണം, ബീം ട്യൂണിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിയന്ത്രിക്കാന്‍ ഈ സോഫ്റ്റ് വെയറുകള്‍ സഹായിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍, കാറുകള്‍, റോക്കറ്റുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങി ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ പ്രധാന ഘടകമാണ് സെമികണ്ടക്ടര്‍ ചിപ്പുകള്‍. തായ് വാന്‍, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവയാണ് നിലവില്‍ ഈ രംഗത്തെ മുന്‍നിര രാജ്യങ്ങള്‍. കോവിഡ് കാലത്ത് ചിപ്പുകളുടെ ക്ഷാമം രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായത്തെ സാരമായി ബാധിച്ചിരുന്നു. ചിപ്പ് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര ഉത്പാദനത്തിന് പ്രോത്സാഹനവും ധനസഹായവും നല്‍കുന്നു. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം തുടങ്ങിയ ഫാബ്രിക്കേഷന്‍ യൂണിറ്റുകളിലേക്കാണ് നിലവില്‍ കായ്സെമി സോഫ്റ്റ് വെയര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ സ്വന്തം മെഷീന്‍ വികസന സംവിധാനം സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.
