യുപിഎസ് സി പരീക്ഷ പ്രഡിക്ഷന്‍ മോഡ്യൂളുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: യുപിഎസ് സി മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെ സഹായിക്കാന്‍ പ്രഡിക്ഷന്‍ മോഡ്യൂളുമായി കെഎസ്‌യുഎമ്മിന് കീഴിലുള്ള ‘എഡ്മി എഐ’ സ്റ്റാര്‍ട്ടപ്പ്. കേരളത്തിലെ ആദ്യ നിര്‍മ്മിതബുദ്ധി അധിഷ്ഠിത ലേണിംഗ് പ്ലാറ്റ് ഫോമാണ് എഡ്മി എഐ. യുപിഎസ് സി പരീക്ഷകളില്‍ ചോദ്യങ്ങളായി വരാന്‍ സാധ്യതയുള്ള പ്രധാന വിഷയങ്ങള്‍ തിരിച്ചറിയാനും അതടിസ്ഥാനമാക്കി ആഴത്തില്‍ പഠിക്കാനും ഈ പ്ലാറ്റ് ഫോം സഹായകമാണ്. യുപിഎസ് സി യുടേത് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ചോദ്യസാധ്യതയുള്ള മേഖലകള്‍ പ്രവചിക്കാന്‍ എഡ്മി എഐ യ്ക്ക് കഴിയും. എഐ സങ്കേതങ്ങള്‍ ഉപയോഗിച്ച് പത്രങ്ങളുടെയും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളുടെയും വിപുലമായ വിശകലനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇക്കഴിഞ്ഞ യുപിഎസ് സി പ്രിലിമിനറി പരീക്ഷയിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ എഡ്മി എഐ യുടെ പ്രവചനം 85% കൃത്യത കാണിച്ചിരുന്നു. സമകാലിക മേഖലയുമായി ബന്ധപ്പെട്ട 74 ചോദ്യങ്ങളില്‍ 63 എണ്ണവും എഡ്മി എഐ പ്രവചിച്ചതാണെന്നത് ശ്രദ്ധേയം. എഐ സങ്കേതങ്ങളുടെ സഹായത്തോടെ 266 വിഷയങ്ങളാണ് പ്രിലിംസ് പരീക്ഷയ്ക്കായി എഡ്മി എഐ പ്രവചിച്ചത്. തിരുവനന്തപുരം ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളായ ശിമയോന്‍ സാമുവല്‍, തേജസ് സുഷീല്‍, ഗിഡ്സെന്‍ ബേബി എന്നിവരാണ് എഡ്മി എഐ യ്ക്ക് പിന്നില്‍. പിന്നീട് അത് ആറ് അംഗ ടീമായി വളര്‍ന്നു. പരമ്പരാഗത രീതികള്‍ക്ക് അപ്പുറം ആഴത്തിലുള്ള പഠനം ആവശ്യമായ വിഷയങ്ങള്‍ തിരിച്ചറിയാനും അടിസ്ഥാന ആശയങ്ങള്‍ ദൃഢമാക്കാനും ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നതായി എഡ്മി എഐ സ്ഥാപകരില്‍ ഒരാളായ ശിമയോന്‍ സാമുവല്‍ പറഞ്ഞു. യുപിഎസ് സി പരീക്ഷയില്‍ വിജയിക്കുന്നതിനുള്ള എളുപ്പവഴി കാണിച്ചു കൊടുക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ള സംരംഭമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡ്മി എഐ പ്രവചിച്ച വിഷയങ്ങളില്‍ ചിലതായ നാഷണല്‍ ക്വാണ്ടം മിഷന്‍, ടി-ഹബ് സ്ട്രക്ചര്‍, ഡീപ് ഓഷ്യന്‍ മിഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍, സ്റ്റെല്‍ത്ത് ഏവിയേഷന്‍ ടെക്നോളജി, യുപിഐ, ഡിജിറ്റല്‍ റുപ്പി, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കഴിഞ്ഞ യുപിഎസ് സി പ്രിലിമിനറി പരീക്ഷയിലുണ്ടായിരുന്നു. സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ലേണിംഗ് പ്ലാറ്റ് ഫോമിന് നിലവില്‍ 5000 ത്തിലധികം സജീവ ഉപഭോക്താക്കളുണ്ട്.
