Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡോ. ബീന പിള്ള ബ്രിക്-ആര്‍ജിസിബി ഡയറക്ടര്‍

1 min read


തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞയായ ഡോ. ബീന പിള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ഡയറക്ടറായി ചുമതലയേറ്റു. ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയിലെ ചീഫ് സയന്‍റിസ്റ്റാണ്. കേന്ദ്ര മന്തിസഭയുടെ അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റി അംഗീകരിച്ച ഈ നിയമനത്തിന്‍റെ കാലാവധി അഞ്ചു വര്‍ഷമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ അഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം ഡയറക്ടര്‍ പദവിയൊഴിഞ്ഞ പ്രൊഫ. ചന്ദ്രഭാസ് നാരായണയുടെ പിന്‍ഗാമിയായാണ് ഡോ. ബീന നിയമിതയാകുന്നത്. ആര്‍എന്‍എ ബയോളജി, ന്യൂറോണല്‍ വികസനവും അവയുടെ പ്രവര്‍ത്തനങ്ങളും തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രഗത്ഭയാണ് ബീന പിള്ള. സിഎസ്ഐആര്‍-ഐജിഐബിയിലെ അവരുടെ ലാബില്‍ ന്യൂറോജെനിസിസ്, രോഗ സാധ്യതകള്‍, മുതിര്‍ന്നവരുടെ പെരുമാറ്റം, രോഗങ്ങള്‍ എന്നിവയില്‍ ആര്‍എന്‍എയുടെ പങ്ക് സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നു. എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ ബീന മുംബൈയിലെ റാംനരൈന്‍ റൂയിയ കോളേജില്‍ നിന്ന് ബിരുദവും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ഇന്‍റഗ്രേറ്റഡ് എംഎസ്-പിഎച്ച്ഡിയും കരസ്ഥമാക്കി. തുടര്‍ന്ന് സിഎസ്ഐആര്‍-ഐജിഐബിയില്‍ യുവശാസ്ത്രജ്ഞയായി സേവനമാരംഭിച്ചു. നാഷണല്‍ ബയോസയന്‍സ് അവാര്‍ഡ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി-യങ് സയന്‍റിസ്റ്റ് അവാര്‍ഡ്, സിഎസ്ഐആര്‍ യങ് സയന്‍റിസ്റ്റ് അവാര്‍ഡ് (ബയോളജിക്കല്‍ സയന്‍സസ്) എന്നിവയുള്‍പ്പെടെ നിരവധി പ്രശസ്ത പുരസ്കാരങ്ങള്‍ ഡോ. ബീന നേടിയിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലിന് കീഴിലുള്ള ദേശീയ സ്ഥാപനമാണ് ബ്രിക്-ആര്‍ജിസിബി. രോഗജൈവ ശാസ്ത്രം, സാങ്കേതിക വികസനം, ട്രാന്‍സ്ലേഷണല്‍ സയന്‍സ്, പരിശീലനം എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍. ജീനോമിക്സ്, മോളിക്യുലാര്‍ മെഡിസിന്‍, ബയോ ഇന്‍ഫോര്‍മാറ്റിക്സ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിഎസ്ഐആര്‍-ഐജിഐബിയില്‍ നിന്നുള്ള ഡോ. ബീന പിള്ള ബ്രിക്-ആര്‍ജിസിബിയില്‍ പുതിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷ. സിജിഎംപി സൗകര്യം, ബയോ-മാനുഫാക്ചറിംഗ് ഹബ്, ഓങ്കോളജി റഫറല്‍ ആശുപത്രി എന്നിവയുള്‍പ്പെടെ പുതിയ സംരംഭങ്ങള്‍ ഇതിലുള്‍പ്പെടുന്നു.

  തനിഷ്‌ക് നാച്ചുറൽ ജെംസ്‌റ്റോണ്‍ രത്നാഭരണങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3