കേരള ട്രാവല്‍ മാര്‍ട്ട് 2026ന് സെപ്തംബര്‍ 24ന് കൊച്ചിയില്‍
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കേരള ട്രാവല്‍ മാര്‍ട്ടിന് (കെടിഎം) സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ തുടക്കമാകും. കെടിഎമ്മിന്‍റെ 13ആം പതിപ്പാണിത്. സമ്മേളനത്തിന്‍റെ ഉദ്ഘാടനം കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെയാണ് മാര്‍ട്ടിന്‍റെ ഭാഗമായ ബിസിനസ് മീറ്റ് നടക്കുകയെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍ത്താക്കളുടെ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാര്‍ട്ടിലുണ്ടാകും. ഇക്കുറി സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് പോസ്റ്റ് മാര്‍ട്ട് ടൂറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് വിവിധ മേഖലകളിലായാണ് ഇത്തവണ ടൂര്‍ സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട വിദേശ ആഭ്യന്തര മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ടൂര്‍ പരിപാടി മാര്‍ട്ടിന് മുമ്പായാണ് നടത്തുന്നത്. കേരളത്തിന്‍റെ ടൂറിസം മേഖലയില്‍ നവീനമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേരള ട്രാവല്‍ മാര്‍ട്ടിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ബയേഴ്സിനും സെല്ലേഴ്സിനും കേരളത്തിന്‍റെ ടൂറിസം സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനുള്ള മികച്ച അവസരമാണ് കെടിഎം. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ടൂര്‍ ഏജന്‍റുമാര്‍ക്കും ടൂറിസം മേഖലയില്‍ വലിയ പങ്കാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 400-ലധികം അന്താരാഷ്ട്ര ബയര്‍മാര്‍, 1500-ലധികം ആഭ്യന്തര ബയര്‍മാര്‍, മൈസ്, വെഡ്ഡിംഗ് പ്ലാനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും. 400-ലധികം സെല്ലര്‍ സ്റ്റാളുകള്‍ ഉണ്ടാകും. മൂന്ന് ദിവസങ്ങളിലായി 60,000-ത്തിലധികം മുന്‍കൂട്ടി നിശ്ചയിച്ച ബിടുബി കൂടിക്കാഴ്ചകള്‍ക്ക് സൗകര്യമൊരുക്കും. ലെയ്ഷര്‍ ടൂറിസം മേഖലയിലെ ശക്തമായ സാന്നിധ്യമാകുക, കേരളത്തിന്‍റെ സവിശേഷ സേവനങ്ങളായ വെല്‍നസ് ടൂറിസം, ആയുര്‍വേദം, അനുഭവവേദ്യ കമ്മ്യൂണിറ്റി ടൂറിസം, സുസ്ഥിര-പുനരുജ്ജീവന ടൂറിസം എന്നിവ അവതരിപ്പിക്കുക, അന്താരാഷ്ട്ര, ആഭ്യന്തര ടൂറിസം വിപണികളില്‍ കേരളത്തെ മുന്‍നിര മൈസ്, വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ഉയര്‍ത്തുക എന്നിവ കെടിഎം-2026 ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രജിസ്ട്രേഷന്‍, ബിടുബി കൂടിക്കാഴ്ചകള്‍, സെമിനാറുകള്‍, തുടങ്ങി മാര്‍ട്ടിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ണമായും ഡിജിറ്റലാക്കുമെന്ന് കെടിഎം പ്രസിഡന്‍റ് ജോസ് പ്രദീപ് പറഞ്ഞു. ഇതിനായി പുതിയ സോഫ്റ്റ് വെയറും മൊബൈല്‍ ആപ്പുമായിരിക്കും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മാര്‍ക്കറ്റുകളില്‍ നിന്നും വിദേശ ബയര്‍മാരെ കൂടുതലായി കൊണ്ടുവരുന്നതിനും കേരളത്തിന്‍റെ നിലവിലുള്ള മാര്‍ക്കറ്റുകളില്‍ നിന്നും പുതിയ ബയര്‍മാരെ കണ്ടെത്തി മാര്‍ട്ടില്‍ പങ്കെടുപ്പിക്കുന്നതിനും കെടിഎം -2026 ല്‍ ഊര്‍ജിത ശ്രമം നടത്തും കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ 12-ാമത് പതിപ്പ് (കെടിഎം 2024) ബയര്‍മാരുടെ പങ്കാളിത്തത്തിലും കൂടിക്കാഴ്ചകളുടെ എണ്ണത്തിലും വന്‍ വിജയമായിരുന്നു. പുതിയ ടൂറിസം ഉത്പന്നങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കെടിഎം കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ വെഡ്ഡിംഗ് ആന്‍ഡ് മൈസ് ടൂറിസം ഉച്ചകോടിയും വന്‍ വിജയമായിരുന്നു. മൈസ് വെഡ്ഡിംഗ് ടൂറിസം പ്രൊമോഷന്‍ ബ്യൂറോ, ഈ മേഖലയ്ക്കായി പ്രത്യേക നയം തുടങ്ങിയ പ്രഖ്യാപനങ്ങളുമായാണ് ഇത് സമാപിച്ചത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ബിസിനസ്-ടു-ബിസിനസ് (ബിടുബി) വ്യാപാര മേളയായ കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം), രാജ്യത്തിനകത്തു നിന്നും വിദേശത്തുനിന്നുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരെ (ബയര്‍മാര്‍) കേരളത്തിലെ ടൂറിസം മേഖലയിലെ വിവിധ പങ്കാളികളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, മൈസ് പ്ലാനര്‍മാര്‍, വെല്‍നസ് സേവനദാതാക്കള്‍, എക്സ്പീരിയന്‍ഷ്യല്‍-കമ്മ്യൂണിറ്റി ടൂറിസം പങ്കാളികള്‍ എന്നീ മേഖലകളിലാണ് ആശയവിനിമയം നടത്തുന്നത്. 2000-ത്തില്‍ രൂപം കൊണ്ട കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഇതുവരെ 12 ട്രാവല്‍ മാര്‍ട്ടുകളും, 2 വെര്‍ച്വല്‍ കെടിഎമ്മുകളും, സംസ്ഥാനത്തെ ആദ്യ വെഡ്ഡിംഗ് ആന്‍ഡ് എംഐസിഇ കോണ്‍ക്ലേവും വിജയകരമായി നടത്തി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം സംഗമമായ കേരള ട്രാവല്‍ മാര്‍ട്ട് ഇന്ന് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തില്‍ അവിഭാജ്യ ഘടകമാണ്. ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍റുമാര്‍, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയും സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ടൂറിസം സമൂഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുന്നതില്‍ കെടിഎം പ്രധാന പങ്ക് വഹിക്കുന്നു.
