ജൂണ്‍ റിപ്പോര്‍ട്ട് : വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പന ജൂണില്‍ 22.26% ഉയര്‍ന്നു
2019 ജൂണിനെ അപേക്ഷിച്ച് 28.32% ഇടിവ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തത്തിലുള്ള വാഹന റീട്ടെയില്‍ വില്‍പ്പന ജൂണില്‍ മുന്‍മാസത്തെ അപേക്ഷിച്ചും വാര്‍ഷികാടിസ്ഥാനത്തിലും ഉയര്‍ന്നു. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫഡ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020 ജൂണ്‍ മാസവുമായുള്ള താരതമ്യത്തില്‍ 22.26 ശതമാനം വര്‍ധനയാണ് കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ ഉണ്ടായത്.
2020 ജൂണില്‍ വിറ്റ 9,92,610 യൂണിറ്റുകളുടെ വില്‍പ്പനയാണ് റീട്ടെയ്ല്‍ തലത്തില്‍ ഉണ്ടായത്. കഴിഞ്ഞ മാസം ഇത് 12,17,151 യൂണിറ്റായി ഉയര്‍ന്നു. 2021 മേയ് മാസത്തില്‍ മൊത്തം വാഹന റീട്ടെയില്‍ വില്‍പ്പന 5,35,855 യൂണിറ്റായിരുന്നു എന്നും സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നിരുന്നാലും, കഴിഞ്ഞ മാസത്തെ മൊത്ത ചില്ലറ വില്‍പ്പന കണക്കുകള്‍ കോവിഡ് 19ന് മുന്‍പുള്ള 2019 ജൂണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 28.32 ശതമാനം ഇടിവാണ് പ്രകടമാക്കുന്നത്. 2019 ജൂണില്‍ മൊത്തം വാഹന റീട്ടെയില്‍ വില്‍പ്പന 16,98,005 യൂണിറ്റായിരുന്നു.
രാജ്യത്തെ വാഹന വില്‍പ്പന കൊറോണയുടെ ആഘാതത്തിന് മുന്‍പ് തന്നെ തിരിച്ചടികള്‍ നേരിട്ടിരുന്നു. നയപരമായ അനിശ്ചിതാവസ്ഥ, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില തുടങ്ങിയ കാരണങ്ങളായിരുന്നു പ്രധാനമായും അതിന് ഇടയാക്കിയത്.