സമ്മര്‍ദ്ദമേകുന്ന തൊഴിലിടങ്ങള്‍ വിഷാദരോഗ സാധ്യത 300 ശതമാനം വര്‍ധിപ്പിക്കും
1 min readലോകത്താകമാനം 300 ദശലക്ഷം ആളുകളാണ് ഇത്തരം മോശം തൊഴില്‍ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത്.
ജീവനക്കാരുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാത്ത തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിഷാദരോഗ സാധ്യത മൂന്നിരട്ടി വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദിവസവും പരിധിയില്‍ കവിഞ്ഞ് ജോലി ചെയ്യുന്നത് കാര്‍ഡിയോവാസ്‌കുലാര്‍ രോഗം മൂലമോ സ്‌ട്രോക്ക് മൂലമോ മരണപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും മാനേജ്‌മെന്റ് തലത്തിലെ സ്വീകാര്യമല്ലാത്ത ഇടപെടലുകള്‍ ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും സൗത്ത് ഓസ്‌ട്രേലിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം മൂലമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം മാനേജ്‌മെന്റിലെ മോശം നടപടികളും മുന്‍ഗണനകളും മൂല്യങ്ങളുമാണെന്നും കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ജോലി ചെയ്യാന്‍ ഇത്തരം പരിതസ്ഥിതികളില്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന് നേതൃത്വം നല്‍കിയ ആമി സാഡോ പറഞ്ഞു. ജീവനക്കാരുടെ കഠിനാധ്വാനത്തെ തിരിച്ചറിയാതെയും വിലമതിക്കാതെയും പോകുന്ന കമ്പനികള്‍, ജീവനക്കാരുടെ മേല്‍ യുക്തിരഹിതമായ ആവശ്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും സ്വതന്ത്രമായി ജോലി ചെയ്യാന്‍ അവരെ അനുവദിക്കുന്നില്ലെന്നും ആമി പറഞ്ഞു. അത്തരത്തിലുള്ള കമ്പനികള്‍ ജീവനക്കാരെ വിഷാദരോഗത്തിലേക്ക് തള്ളിവിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്സാഹശീലരും ആത്മാര്‍ത്ഥതയുള്ളവരുമായ ജീവനക്കാരെ സ്ഥാപനങ്ങള്‍ വിലമതിക്കുന്നുണ്ടെങ്കിലും ദീര്‍ഘനേരം ജോലി ചെയ്യുന്നത് മൂലം അവര്‍ക്ക് വിഷാദ രോഗത്തിന് സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ലോകത്താകമാനം 300 ദശലക്ഷം ആളുകളാണ് ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നത്. തൊഴിലിടങ്ങള്‍ തങ്ങളുടെ മാനസികാരോഗ്യത്തിന് മതിയായ പരിഗണന നല്‍കാതെ വരുമ്പോഴും ജീവനക്കാര്‍ വിഷാദരോഗത്തിന് അടിമകളാകും. തൊഴിലിട സമ്മര്‍ദ്ദവും അമിത ജോലിഭാരവും ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് സംഭവിക്കുന്ന വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
മാനസിക സാമൂഹിക സുരക്ഷ അന്തരീക്ഷം (പിഎസ്‌സി) കുറഞ്ഞ തൊഴിലിടങ്ങള്‍ ജീവനക്കാര്‍ക്ക് മേലുള്ള സമ്മര്‍ദ്ദവും വൈകാരിക ചൂഷണങ്ങളും കണ്ടെത്തുന്നതില്‍ പ്രധാനമാണെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് വര്‍ക്ക് ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ജീവനക്കാരുടെ മാനസികാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്ന മാനേജ്‌മെന്റ് ശീലങ്ങളെയും ആശയവിനിമയ, പങ്കാളിത്ത സംവിധാനങ്ങളെയും സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് പിഎസ്‌സി. തൊഴിലിടത്തെ പീഡനങ്ങള്‍ അതിനിരയാകുന്നയാളെ മാത്രമല്ല, അതിന് സാക്ഷിയാകുന്ന മറ്റ് ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ മൂലം ഒരു ടീമിലെ മുഴുവന്‍ ആളുകളും മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നത് അസാധാരണ സംഭവമല്ല.