കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്ക് സ്ഥലമേറ്റെടുക്കല്‍ ഡിസംബറോടെ പൂര്‍ത്തിയാക്കും
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക
തിരുവനന്തപുരം: വ്യവസായ വികസന രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കുന്ന കൊച്ചി – ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. പാലക്കാട്, എറണാകുളം ജില്ലകളിലായി പദ്ധതിക്കുവേണ്ടി കണ്ടെത്തിയ 2220 ഏക്കര്‍ ഭൂമി നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്ത് പദ്ധതി നടത്തിപ്പിനുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന് കൈമാറും.
പാലക്കാട് കണ്ണമ്പ്രയില്‍ 312ഉം പുതുശ്ശേരി സെന്‍ട്രലില്‍ 600ഉം പുതുശ്ശേരി ഈസ്റ്റില്‍ 558 ഉം ഒഴലപ്പതിയില്‍ 250ഉം ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചിട്ടുണ്ട്. ഇതിലുള്‍പ്പെട്ട 310 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 95 ശതമാനം നടപടികളും പൂര്‍ത്തിയാക്കി. മറ്റിടങ്ങളില്‍ സ്ഥലമേറ്റെടുക്കല്‍ നിയമപ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും പബ്ളിക്ക് ഹിയറിങ് ആരംഭിക്കുകയും ചെയ്തു.
പാലക്കാട് സ്ഥലം ഏറ്റെടുക്കുന്നതിനായി 346 കോടി രൂപ കിന്‍ഫ്രയ്ക്ക് നേരത്തെ കൈമാറിയിരുന്നു. എറണാകുളം ജില്ലയിലെ അയ്യമ്പുഴയില്‍ ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് 500 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. ഇതിനുള്ള ഭരണാനുമതി നല്‍കി. കിന്‍ഫ്ര 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കലിന്‍റെ ഭാഗമായ സാമൂഹിക ആഘാത പഠനവും പൂര്‍ത്തിയാക്കി. പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പ് ജൂലൈ 8, 9, 10 തീയതികളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
പരമാവധി കെട്ടിടങ്ങള്‍ ഒഴിവാക്കിയാണ് സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്താത്ത സേവനമേഖലാ വ്യവസായങ്ങളാണ് അയ്യമ്പുഴയില്‍ ഉണ്ടാവുക എന്നും മന്ത്രി പറയുന്നു. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കലണ്ടര്‍ തയ്യാറാക്കും. വ്യവസായ ഇടനാഴിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ദൈനംദിന വിലയിരുത്തലിനുമായി പ്രത്യേക വെബ് പോര്‍ട്ടലിന് കിന്‍ഫ്ര രൂപംനല്‍കുമെന്നും പി. രാജീവ് അറിയിച്ചു.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. ഭക്ഷ്യവ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലഘു എഞ്ചിനീയറിംഗ് വ്യവസായം, ബൊട്ടാണിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ടെക്സ്റ്റെല്‍സ്, ഖരമാലിന്യ റീസൈക്ലിംഗ്, ഇലക്ട്രോണിക്സ്, ഐ.ടി ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്റ്ററുകള്‍ ആണ് ഇടനാഴിയുടെ ഭാഗമായ പാലക്കാട് കേന്ദ്രത്തില്‍ ഉണ്ടാവുക. 83000 തൊഴിലവസരങ്ങളാണ് പാലക്കാട് ക്ളസ്റ്ററുകളില്‍ പുതുതായി സൃഷ്ടിക്കപ്പെടുക. കളമശ്ശേരി കിന്‍ഫ്ര പാര്‍ക്ക് ആസ്ഥാനമായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ കെ.ഐ.സി.ഡിസി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.