ഐപിഎല്‍ സെപ്റ്റംബറില്‍ പുനരാരംഭിക്കും, ഫൈനല്‍ ഒക്റ്റോബര്‍ 15ന്
വിദേശ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു
ന്യൂഡെല്‍ഹി: യുഎഇ ആസ്ഥാനമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ പതിനാലാം സീസണ്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കോവിഡ് 19 വ്യാപനം മൂലദ്യം നിര്‍ത്തിവെച്ച സീസണ്‍ പുനരാരംഭിക്കുമ്പോഴുള്ള ആദ്യ മല്‍സരം സെപ്റ്റംബര്‍ 19 നായിരിക്കും. ഫൈനല്‍ ഒക്ടോബര്‍ 15ന് ദസറ ദിനത്തില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് സീസണിലെ ബാക്കി മല്‍സരങ്ങള്‍ യുഎഇ വേദികളില്‍ നടത്താന്‍ തീരുമാനമായത്. ഷാര്‍ജ, ദുബായ്, അബുദാബി വേദികളിലായാണ് മല്‍സരം സംഘടിപ്പിക്കുക. വിദേശ കളിക്കാരുടെ പങ്കാളിത്തം തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഉറപ്പാക്കുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ശുഭസൂചനകളാണ് ലഭിക്കുന്നത് എന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
ബിസിസിഐ വിദേശ ബോര്‍ഡുകളുമായി ക്രിയാത്മക ചര്‍ച്ചകളില്‍ ഏര്‍പ്പെടുമെന്നും ശേഷിക്കുന്ന ഗെയിമുകള്‍ക്ക് കളിക്കാരെ ലഭ്യമാക്കുമെന്നും ഫ്രാഞ്ചൈസികളും പ്രതീക്ഷിക്കുന്നു. എങ്കിലും സീസണിലെ ആദ്യ ഘട്ടത്തില്‍ ഉണ്ടായ ചില വിദേശ കളിക്കാരെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡ് 19 വ്യാപനത്തില്‍ നിന്നു രക്ഷ നേടാനുള്ള മുന്‍കരുതലുകള്‍ എടുത്താണ് ഐപിഎല്‍ പതിനാലാം സീസണ്‍ ആരംഭിച്ചത് എങ്കിലും വ്യത്യസ്ത വേദികളില്‍ മല്‍സരം നടത്തിയ സാഹചര്യം കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും രോഗം പിടിപെടാന്‍ ഇടയാക്കുകയായിരുന്നു.