ഇനി ഷോപ്പിംഗ് യൂട്യൂബിലൂടെ
പുതിയ ഫീച്ചര്‍ പരീക്ഷിച്ചുവരികയാണ് യൂട്യൂബ്
യൂസര്‍മാര്‍ കാണുന്ന വീഡിയോകളിലെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ യൂട്യൂബ് അവസരമൊരുക്കുന്നു. പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിച്ചുവരികയാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി. തെരഞ്ഞെടുത്ത വീഡിയോകളിലെ ഉല്‍പ്പന്നങ്ങള്‍ യൂട്യൂബില്‍ നിന്നുതന്നെ വാങ്ങാന്‍ കഴിയും. നിലവില്‍ അമേരിക്കയില്‍ ഏതാനും യൂസര്‍മാരിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.
വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്ക് ഉല്‍പ്പന്നങ്ങളും ചേര്‍ക്കാന്‍ കഴിയുംവിധമാണ് പരിഷ്‌കാരം. ഷോപ്പിംഗ് ബാഗ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. വീഡിയോകളില്‍ കാണുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് യൂസര്‍മാര്‍ക്ക് പ്രസക്തമായ വിവരങ്ങളും ഉല്‍പ്പന്നം വാങ്ങുന്നതിനുള്ള ഓപ്ഷനുകളും പുതിയ ഫീച്ചറില്‍ ഉണ്ടാകുമെന്ന് യൂട്യൂബ് വ്യക്തമാക്കി.
ചില വീഡിയോകളുടെ താഴെ ഇടത് മൂലയിലായിരിക്കും ഷോപ്പിംഗ് ബാഗ് ഐക്കണ്‍. ഇവിടെ ക്ലിക്ക് ചെയ്താല്‍ ഉല്‍പ്പന്നങ്ങള്‍ കാണാന്‍ കഴിയും. വീണ്ടും ക്ലിക്ക് ചെയ്താല്‍ ഓരോ ഉല്‍പ്പന്നത്തിന്റെയും പേജിലേക്ക് പ്രവേശിക്കാം. ഇവിടെ കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട വീഡിയോകളും ഉല്‍പ്പന്നം വാങ്ങുന്നതിനുള്ള ഓപ്ഷനുകളും ലഭ്യമായിരിക്കും. ആറ് വര്‍ഷം മുമ്പ് യൂട്യൂബ് തങ്ങളുടെ യൂസര്‍മാരെ ഗൂഗിള്‍ ഷോപ്പിംഗ് പരസ്യങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു.