ഇന്ത്യയിലെ കോവിഡ് സാഹചര്യം അത്യധികം ആശങ്കയുണ്ടാക്കുന്നത്: ലോകാരോഗ്യ സംഘടന തലവന്‍
1 min readഎന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയില്‍ മാത്രമല്ലെന്നും ടഡ്രോസ് അദാനം ഗെബ്രിയേസസ്
ജനീവ: ഇന്ത്യയിലെ കോവിഡ്-19 സാഹചര്യം അത്യധികം ആശങ്കാജനകമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ്. നിരവധി സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും മരണവും ആശങ്കപ്പെടുത്തുംവിധമാണെന്നും പകര്‍ച്ചവ്യാധിയുടെ രണ്ടാംവര്‍ഷം ആദ്യത്തേക്കാള്‍ മാരകമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു.
കോവിഡ്-19നെതിരായ പോരാട്ടത്തിന് ഇന്ത്യയ്ക്ക് മതിയായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ടെഡ്രോസ് അദാനം ഗെബ്രിയേസസ് അറിയിച്ചു. ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും മൊബീല്‍ ഫീല്‍ഡ് ആശുപത്രികള്‍ക്കായി ടെന്റുകളും മാസ്‌കുകളും മറ്റ് വൈദ്യസഹായങ്ങളും ഇന്ത്യയിലേക്ക് അയച്ചുവെന്നും ഈ മഹാമാരിക്കാലത്ത് ഇന്ത്യയെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു.
മാരകമായ രണ്ടാംതരംഗത്തില്‍ ഇന്ത്യയിലെ പുതിയ കേസുകളില്‍ നേരിയ കുറവുണ്ടാകുന്നുണ്ടെങ്കിലും പ്രതിദിന മരണസംഖ്യ മൂവായിരത്തിന് മുകളില്‍ തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറില്‍ 3,26,098 പുതിയ കോവിഡ് കേസുകളും 3,890 മരണവുമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതുവരെ രാജ്യത്ത് 2,40,46,809 പേര്‍ക്ക് കോവിഡ്-19 പിടിപെട്ടു. ഇതില്‍ 2,62,317 പേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഡിസംബര്‍ 19നാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലെത്തിയത്. എന്നാല്‍ ആറുമാസ കാലയളവില്‍ അതിരട്ടിയായി. മേയ് നാലിന് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു.
അതേസമയം അടിയന്താരവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയില്‍ മാത്രമല്ല ഉള്ളതെന്നും ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്‍ഡ്, ഈജിപ്ത് എന്നീ രാജ്യങ്ങളും രോഗബാധിതരുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കുത്തനെ കുതിച്ചുയരുന്ന രാജ്യങ്ങളില്‍ ചിലതാണ്. മാത്രമല്ല, അമേരിക്ക പോലുള്ള ചില രാജ്യങ്ങളി്ല്‍ ഇപ്പോഴും കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്ന് തന്നെ തുടരുകയാണ്. ഒരു പ്രദേശമെന്ന നിലയില്‍ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളില്‍ 40 ശതമാനവും അമേരിക്കയില്‍ ആയിരുന്നുവെന്നും ലോകാരോഗ്യ സംഘടന തലവന്‍ വെളിപ്പെടുത്തി.
ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്. ഇവിടെ രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ഈ രാജ്യങ്ങള്‍ക്ക് ലോകോരോഗ്യ സംഘടന സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ഗെബ്രിയേസസ് അറിയിച്ചു. ഇതിനോടകം തന്നെ ലോകത്ത് 3.3 കോടിയലധികം ജനങ്ങള്‍ക്ക് കോവിഡ്-19 മൂലം ജീവന്‍ നഷ്ടമായിക്കഴിഞ്ഞു. ആദ്യ വര്‍ഷത്തേക്കാളും കൂടുതല്‍ മാരകമായ രണ്ടാംവര്‍ഷത്തിലാണ് നാമിപ്പോഴുള്ളതെന്നും ലോകാരോഗ്യസംഘടന തലവന്‍ ഓര്‍മ്മിപ്പിച്ചു. വാക്‌സിന്‍ വിതരണം വലിയ വെല്ലുവിളിയായി തുടരുകയാണെന്നും ഗെബ്രിയേസസ് പറഞ്ഞു. പൊതുജനാരോഗ്യ നടപടികളിലൂടെയും വാക്‌സിനേഷനിലൂടെയും മാത്രമേ ജനങ്ങളുടെ ജീവനും ജീവിതമാര്‍ഗവും സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.