വീട്ടിനുള്ളിലും മാസ്‌ക് ധരിച്ചോളു: നീതി ആയോഗ് അംഗം
1 min readആര്‍ത്തവ സമയത്തും കോവിഡ്-19 വാക്‌സിനെടുക്കാം
ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും വീട്ടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗിലെ ആരോഗ്യ പ്രതിനിധി ഡോ. വി കെ പോള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യത്ത് കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗം വരാതിരിക്കാന്‍ അങ്ങേയറ്റം കരുതല്‍ വേണമെന്ന് നീതി ആയോഗ് പ്രതിനിധി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പുറത്ത് നിന്ന് ആരെയും വീട്ടിലേക്ക് ആരെയും ക്ഷണിക്കരുതെന്നും അതിനുള്ള സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിനുള്ളില്‍ തന്നെ കഴിയാവുന്ന എല്ലാ മുന്‍കരുതലുകളും നടത്തണം. സ്വയം സുരക്ഷിതരായിക്കാനും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുളള നടപടികള്‍ കൈക്കൊള്ളണം. ആര്‍ത്തവ സമയമാണെങ്കില്‍ സ്ത്രീകള്‍ക്ക് കോവിഡ്-19 വാക്‌സിന്‍ എടുക്കാമെന്നും അത് നീക്കിവെക്കേണ്ട കാര്യമില്ലെന്നും ഡോ.പോള്‍ വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ രോഗബാധിതനായ ഒരു വ്യക്തി കാരണം മുപ്പത് ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം വരാമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം 50 ശതമാനം കുറച്ചാല്‍ കോവിഡ് രോഗി മൂലം മുപ്പത് ദിവസത്തിനുള്ളില്‍ രോഗം വരാവുന്ന ആളുകളുടെ എണ്ണം 15 ആക്കി കുറയ്ക്കാം. ഇത് 75 ശതമാനമാക്കിയാല്‍ കേവലം 2.5 പേര്‍ക്ക് മാത്രമേ രോഗം വരാന്‍ ഇടയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കോവിഡ് മര്യാദകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. മാസ്‌ക് ധരിക്കുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും രോഗ വ്യാപനം വളരെയധികം കുറയ്ക്കാനാകും. കോവിഡ് രോഗിയും രോഗബാധ ഇല്ലാത്ത ആളും മാസ്‌ക് ധരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്യുന്നതിലൂടെ വൈറസ് വ്യാപനത്തിന് 90 ശതമാനം സാധ്യത കൂടും. രോഗബാധ ഉള്ളയാള്‍ മാസ്‌ക് ധരിക്കാതിരിക്കുകയും രോഗബാധ ഇല്ലാത്തയാള്‍ മാസ്‌ക് ധരിക്കുകയും ചെയ്യുമ്പോള്‍ രോഗ വ്യാപന സാധ്യത 30 ശതമാനമാകും. രോഗബാധ ഉള്ളയാള്‍ മാസ്‌ക് ധരിക്കുകയും ഇല്ലാത്തയാള്‍ മാസ്‌ക് ധരിക്കുകയും ചെയ്യുമ്പോള്‍ രോഗവ്യാപന സാധ്യത അഞ്ച് ശതമാനമാകും. എന്നാല്‍ രോഗിയും രോഗം ഇല്ലാത്തയാളും മാസ്‌ക് ധരിക്കുകയാണെങ്കില്‍ രോഗ വ്യാപന സാധ്യത 1.5 ശതമാനമാക്കി കുറയ്ക്കാമെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.