October 30, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ രണ്ടാംഘട്ടമായി ജലസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ‘ജലബജറ്റില്‍ നിന്നും ജലസുരക്ഷയിലേക്ക്’ ശില്‍പശാലയില്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കേണ്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ഓരോ സ്ഥലത്തേയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെ അഭിപ്രായം നിര്‍ണായകമാണെന്നും അതിനാല്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കി ജലസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുമെന്നും ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി സംസാരിച്ച നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ പറഞ്ഞു. ശാസ്ത്രീയ ജലസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ട സാങ്കേതിക സഹായവും വിദഗ്ധ നിര്‍ദ്ദേശങ്ങളും ഹരിതകേരളം മിഷന്റെ ഏകോപനത്തിലൂടെ ജല അതോറിറ്റി, ജലവിഭവ വകുപ്പ്, മറ്റു മിഷനുകള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാക്കും. മുന്‍ഗണന നിശ്ചയിച്ചും സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങളെ സാങ്കേതികമായി അപഗ്രഥിച്ചുമായിരിക്കണം ഓരോ പ്രദേശത്തും ജല സംരക്ഷണത്തിനും ജലസുരക്ഷയ്ക്കുമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് ശില്‍പശാലയില്‍ പങ്കെടുത്തു സംസാരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ ഐ.എ.എസ്. അഭിപ്രായപ്പെട്ടു.

  അന്താരാഷ്ട്ര ക്ലൈമറ്റ് ആക്ഷന്‍ ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ട് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍

സി.ഡബ്ള്യു.ആര്‍.ഡി.എമ്മില്‍ നിന്നും ശാസ്ത്രജ്ഞരായ സി.എം. സുശാന്ത് (റിട്ട.), ഡോ. ബി. വിവേക്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രോഗ്രാം ഓഫീസര്‍ പി. ബാലചന്ദ്രന്‍, ഹരിതകേരളം മിഷന്‍ അസി. കോര്‍ഡിനേറ്റര്‍മാരായ എബ്രഹാം കോശി, ടി. പി. സുധാകരന്‍, ഇറിഗേഷന്‍ പ്ലാനിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുശീല ആര്‍. എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ശില്‍പശാലയില്‍ സംസാരിച്ചു. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ജലബജറ്റ് തയ്യാറാക്കിയ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ഹരിതകേരളം മിഷന്‍, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവയിലെ സംസ്ഥാന – ജില്ലാ ചുമതലക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീരുറവ് നീര്‍ത്തട വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജലബജറ്റില്‍ നിന്നും ജല സുരക്ഷയിലേക്ക് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര നീര്‍ത്തട വികസന പദ്ധതിയാണ് നീരുറവ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് നീരുറവ് പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപിപ്പിക്കുന്നത്. ഫെബ്രുവരി 16 ന് കോഴിക്കോട് ഡി.പി.സി. ഹാളിൽ സംഘടിപ്പിക്കുന്ന രണ്ടാം മേഖലാ ശില്പശാലയിൽ തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കും.

  കേരളപ്പിറവി ദിനത്തിൽ 13353 സ്ഥാപനങ്ങളും ഓഫീസുകളും ഹരിതമാതൃകകളാവും
Maintained By : Studio3